Fri. Mar 29th, 2024

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ 97ാം പിറന്നാളാണിന്ന്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അതിഥികളെയും ഉറ്റവരെയും ഒഴിവാക്കി ആഘോഷങ്ങളില്ലാത്ത പിറന്നാള്‍ ദിനമാണ് വി.എസിന് ഇത്തവണ. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവും കൊവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്താണ് കുടുംബാംഗങ്ങള്‍ അതിഥികളെ ഒഴിവാക്കിയത്. വീട്ടിലെ കേക്കുമുറിക്കലില്‍ പിറന്നാള്‍ ആഘോഷങ്ങൾ ചുരുക്കുകയും ചെയ്തു.

ഇപ്പോൾ തന്റെ അച്ഛന്റെ പിറന്നാള്‍ ചിത്രങ്ങള്‍ മകന്‍ അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്. ‘അച്ഛന്റെ പിറന്നാള്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 97 പിറന്നാള്‍ ആശംസകള്‍ എന്നെഴുതിയ കേക്ക് ഭാര്യ വസുമതിക്കും അരുണിനുമൊപ്പം ചേര്‍ന്ന് മുറിക്കുന്നതിന്റെയും കഴിക്കുന്നതിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ ഉള്‍പ്പെടെ രാഷ്ട്രീയ, സാമുഹ്യ, സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ സമൂഹമാദ്ധ്യമങ്ങളില്‍ വി.എസിന് ജന്മദിനാശംസകള്‍ അറിയിച്ചിരുന്നു.