Fri. Mar 29th, 2024

അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനിയെ ഏല്‍പ്പിക്കുന്നതിനെ എതിര്‍ക്കുന്ന പ്രമേയം നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പും മേല്‍നോട്ടവും അദാനിക്ക് നല്‍കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരായ പ്രമേയമാണ് പാസാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ നടപടിയോട് സംസ്ഥാനത്തിന് യോജിക്കാനാകില്ലെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിമാനത്താവളം നടത്തിപ്പ് അദാനിക്ക് പാട്ടത്തിന് നല്‍കാനുള്ള നടപടി അംഗീകരിക്കില്ലെന്ന കാര്യം പ്രധാന മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വകാര്യ കമ്പനി ക്വാട്ട് ചെയ്ത തുക നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും കേന്ദ്രം പരിഗണിച്ചില്ല. കണ്ണൂര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ മികച്ച നിലയില്‍ നടത്തുന്നത് സംസ്ഥാന സര്‍ക്കാറാണ്. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ല. സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളത്തിനായി ഭൂമി നല്‍കിയിട്ടുണ്ട്. സൗജന്യമായി നല്‍കിയ ഭൂമിയുടെ വില സംസ്ഥാന സര്‍ക്കാറിന്റെ ഓഹരിയായി കണക്കാക്കണമെന്നും ആവശ്യപ്പെട്ടിട്ടുള്ളതാണ്.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിമാനത്താവള നടത്തിപ്പില്‍ മുന്‍പരിചയമുള്ള കേരളം അവഗണിക്കപ്പെട്ടു. യാതൊരു അനുഭവ പരിചയവും ഇല്ലാത്ത കമ്പനിയെയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിപ്പ് ഏല്‍പ്പിച്ചതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

https://newsgile.com/2020/08/24/kerala-assembly-passes-unanimous-resolution-against-leasing-of-trivandrum-airport/