മൂന്നാര്‍ രാജമലയില്‍ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി കാണാതായവരില്‍ 6 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഡീന്‍ കുര്യാക്കോസ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ നടത്തിയ തിരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.
ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (46), മയില്‍സാമി (48), കണ്ണന്‍ (40), അണ്ണാദുരൈ (44), രാജേശ്വരി (43), കൗസല്യ (25), തപസ്സിയമ്മാള്‍ (42), സിന്ധു (13), നിധീഷ് (25), പനീര്‍ ശെള്‍വം (50), ഗണേശന്‍ (40), രാജ(35), വിജില (47), കുട്ടിരാജ് (48), പവന്‍ തായി (52), ഷണ്‍മുഖ അയ്യന്‍ (58), മണികണ്ഠന്‍ (20), ദീപക് (18) എന്നിവരാണ് മരിച്ചത്. ഇവരെ കൂടാതെ പേരുവിവരങ്ങള്‍ ലഭിച്ചിട്ടില്ലാത്ത ഒരു സ്ത്രീയും മരിച്ചവരില്‍ ഉള്‍പ്പെടും.

നാലുപേര്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കാണാതായ മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ നടന്നുവരുന്നു. പളനിയമ്മ- 52 (കോലഞ്ചേരി മെഡിക്കല്‍ കോളജ്), ദീപന്‍- 25 (ടാറ്റ ഹോസ്പിറ്റല്‍, മൂന്നാര്‍), ചിന്താലക്ഷ്മി- 33 (ടാറ്റ ഹോസ്പിറ്റല്‍, മൂന്നാര്‍), സരസ്വതി- 52 (ടാറ്റ ഹോസ്പിറ്റല്‍, മൂന്നാര്‍) എന്നിവരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്.
തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി മന്ത്രി എംഎം മണി പെട്ടിമുടിയിലെത്തിയിട്ടുണ്ട്. അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. 12 പേരെ രക്ഷപ്പെടുത്തിയിരുന്നു. നാലു ലയങ്ങളിലെ 30 കുടുംബങ്ങളിലായി 78 പേരാണ് ഇവിടെ താമസിച്ചിരുന്നത്.
ലേബര്‍ ക്ലബ്, കാന്റീന്‍, നാലു ലയങ്ങള്‍ എന്നിവ പൂര്‍ണമായി മണ്ണിനടിയിലായി. എസ്റ്റേറ്റ് ലയങ്ങള്‍ സ്ഥിതിചെയ്തിരുന്ന കുന്നിന്‍മുകളില്‍ വ്യാഴാഴ്ച രാത്രി 10.50ഓടെയായിരുന്നു ഉരുള്‍ പൊട്ടിയൊഴുകിയത്. ഒരു കിലോമീറ്ററോളം കൂറ്റന്‍ പാറകളും മണ്ണും നിരങ്ങിയിറങ്ങി. ലയങ്ങളും മറ്റുമുണ്ടായിരുന്ന സ്ഥലത്ത് പാറക്കെട്ടുകളും മണ്ണും നിറഞ്ഞുകിടക്കുകയാണ്.