ദിവ്യ.പി. ജോണിൻറെ മരണവുമായി ബന്ധപ്പെട്ട് സഭ ആസൂത്രിതമായി അട്ടിമറി ശ്രമങ്ങൾ ആരംഭിച്ചോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഫാ. സെബാസ്റ്റ്യൻ മുതുപ്ളാക്കൽ എന്ന വൈദികൻ സന്യാസിനികൾക്കയച്ച ഒരു വാട്സ് ആപ്പ് കുറിപ്പ് കണ്ട് അദ്ദേഹത്തെ നേരിൽ വിളിച്ച ഷൈജു ആൻറണിയുമായി കാഞ്ഞിരപ്പള്ളി നല്ല തണ്ണി നസ്രാണി റിസേർച്ച് സെൻ്ററിലെ ഡയറക്ടറും സിസ്റ്റർ ലൂസിയെ ജന്തു എന്ന് സംബോധനചെയ്ത സ്ത്രീവിരുദ്ധമായ വെള്ള നൈറ്റിധാരി ഫാ.സെബാസ്റ്റ്യൻ മുതുപ്ളാക്കൽ നടത്തിയ ഫോൺ സംഭാഷണമാണ് ചുവടെ.ഷൈജു ആൻറണിതന്നെയാണ് ഇത് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
ദിവ്യ പി. ജോണിൻറെ മൃത ശരീരം കിണറ്റിൽനിന്നും പുറത്തെടുക്കുമ്പോൾ ചുരിദാറിൻറെ ബോട്ടംധരിച്ചിരുന്നില്ല എന്ന യാഥാർഥ്യം വീഡിയോയിലും പൊലീസിൻ്റെ റിപ്പോർട്ടിലുംഫയർ ഫോഴ്സ് റിപ്പോർട്ടിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നിരിക്കെ ദിവ്യയെ സാരി ഉടുപ്പിച്ചുകൊണ്ട് കത്തോലിക്കാസഭ നടത്തിയ നുണപ്രചാരണങ്ങൾ വിശ്വസിച്ച് ചില ഫെമിനിസ്റ്റുകൾ വരെ രംഗത്തുവന്നിരുന്നു,ദിവ്യയുടെ മൃതശരീരം കിണറ്റിൽനിന്നെടുക്കുന്ന വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞു മറ്റുള്ളവരെ ഭയപ്പെടുത്തുകയും അസത്യപ്രചാരണങ്ങൾ നടത്തുകയും ചെയ്തത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് വെളിവാകുന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഷൈജു ആൻറണി: അച്ചാ, ഞാൻ ഷൈജു ആൻറണിയാണ്.
അച്ചൻ: തന്നെ എനിക്കറിയാം. താൻ സോഷ്യൽ മീഡിയയിലൂടെ എഴുതുന്നത് വായിക്കാറുണ്ട്.
ഷൈജു ആൻറണി: അച്ചൻ വാട്സ് ആപ്പിലൂടെ സന്യാസിനിമാർക്കയച്ച കുറിപ്പ് കണ്ടു വിളിക്കുകയാണ്. യഥാർത്ഥത്തിൽ കളങ്കിതരായ ബിഷപ്പുമാരും വൈദികരുമല്ലേ സഭയെ അപമാനിക്കുന്നത് ? ഞങ്ങൾ വിശ്വാസികൾ എന്തു ചെയ്തു ?
അച്ചൻ: എനിക്കാ അഭിപ്രായമില്ല.
ഷൈജു ആൻറണി: ഫാ. റോബിൻ്റെ കാര്യം ….
അച്ചൻ: എന്തു പറഞ്ഞാലും ആ പേരു പറയും. ഇവിടെ അതല്ല വിഷയം. അതു പറയണ്ട.
ഷൈജു ആൻറണി: ബിഷപ്പ് ഫ്രാങ്കോ…..
അച്ചൻ: അതും പറയണ്ട. ഇവിടെ അതും പറയണ്ട.
ഷൈജു ആൻറണി: ശരി. ദിവ്യയുടെ കാര്യം പറയാം. സഭ തന്നെ മുൻകൈയെടുത്ത് അന്വേഷണം ആവശ്യപ്പെടണം എന്നാണ് പറഞ്ഞത്. അതിൽ എന്താണ് തെറ്റ് ?
അച്ചൻ: നമ്മൾ പറയേണ്ട ആവശ്യമില്ല. നിങ്ങൾ ദിവ്യയുടെ ശരീരത്തിൽ വസ്ത്രം മുഴുവൻ ഉണ്ടായിരുന്നില്ല എന്നു പറഞ്ഞില്ലേ ?
ഷൈജു ആൻറണി: പറഞ്ഞു. അതിലെന്താണ് തെറ്റ് ? ദിവ്യ സാരിയാണ് ഉടുത്തിരുന്നതെന്ന് അച്ചനോടാരു പറഞ്ഞു? വീഡിയോയിൽ കണ്ടത് എന്താണ്? പൊലീസിൻ്റെ റിപ്പോർട്ട് എന്താണ്? ഫയർ ഫോർസ് റിപ്പോർട്ട് എന്താണ് ?”
അച്ചൻ: അതൊന്നും ഞാനന്വേഷിച്ചിട്ടില്ല. എനിക്കങ്ങിനെ തോന്നി ? ഞാനന്വേഷണ ഉദ്യോഗസ്ഥനല്ല.
ഷൈജു ആൻറണി: അച്ചൻ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതു ശരിയാണോ ?
അച്ചൻ: നിങ്ങളോട് സംസാരിക്കാൻ താല്പര്യമില്ല. നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ല.
(ഫോൺ കട്ടാവുന്നു. ഷൈജു വീണ്ടും വിളിച്ചു. )
ഷൈജു ആൻറണി: അച്ചൻ ഫോൺ കട്ടു ചെയ്തതാണോ ? അച്ചൻ എഴുതിയ പോസ്റ്റിന് എനിക്ക് വസ്തു നിഷ്ടമായ മറുപടി പറയണം.
അച്ചൻ: നിങ്ങളോട് പറയേണ്ട കാര്യമില്ല.
ഷൈജു ആൻറണി: പറ്റില്ല. പറഞ്ഞേ തീരൂ. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നു കൊണ്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. ഞാൻ അങ്ങുൾപ്പെടുന്ന സഭയിലെ വിശ്വാസിയാണ്. കൃത്യമായ മറുപടി വേണം.
അച്ചൻ : അച്ചൻമാരെ ചോദ്യം ചെയ്യലൊക്കെ അങ്ങ് എറണാകുളത്ത്, ഇവിടെ അതു നടക്കില്ല. (കാഞ്ഞിരപ്പള്ളിക്കാർക്ക് നട്ടെല്ലില്ലെന്ന് അച്ചന് ഉറപ്പിച്ചതു പോലെ)
ഷൈജു ആൻറണി: നടക്കും. എവിടെയായാലും നടക്കും. അച്ചൻ പറഞ്ഞാൽ ഞാൻ അവിടെ വന്നു ചോദിക്കാം. എനിക്ക് ഭയമില്ല.
അച്ചൻ: നിങ്ങൾ കാര്യം പറയൂ.
ഷൈജു ആൻറണി: ഈ വിഷയത്തിൽ ചില കാര്യങ്ങൾക്ക് ഉത്തരം വേണം ? അടുത്തു താലൂക്കാശുപത്രിയുണ്ടായിട്ടും പുഷ്പഗിരി ആശുപത്രിയിൽ ഒരു ദിവസം മൃതദേഹം വച്ചതെന്തിന് ?
അച്ചൻ: നിങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ല.
ഷൈജു ആൻറണി: അച്ചൻ മറുപടി പറയണം. ഒരു ചുക്കുമറിയാതെ വെറുതെ തോന്നിവാസം എഴുതി പോസ്റ്റിടരുത്. ഉത്തരവാദപ്പെട്ട വൈദികനാണങ്ങ്. അതു മറക്കരുത്.
അച്ചൻ: ഞാൻ ഫോൺ വക്കുകയാണ്.
ഷൈജു ആൻറണി: ഞാനൊരു വിശ്വാസിയാണ്. ഞാനാണ് വിളിച്ചത്. മറുപടി പറയാതെ ഫോൺ വക്കുന്നത് മാന്യതയല്ല.
അച്ചൻ: നിങ്ങളോട് മറുപടി പറയാൻ താല്പര്യമില്ല.
ഷൈജു ആൻറണി: അങ്ങിനെ ഒഴിയാൻ പറ്റില്ല. മറുപടി പറഞ്ഞേ തീരൂ. ഒരു കാര്യവും പഠിക്കാതെ, അന്വേഷിക്കാതെ വെറുതെ വിശ്വാസികളെ പറ്റിക്കരുത്. ചുമ്മാ ഓരോന്ന് എഴുതി വിടരുത്.
അച്ചൻ: നിങ്ങളോട് മറുപടി പറയേണ്ട കാര്യമില്ലാ..
ഷൈജു ആൻറണി: അങ്ങിനെ പറ്റില്ല. അച്ചനെന്തു ബോധ്യത്തിൽ പറഞ്ഞു എന്നു പറയണം.
(കുറച്ചു നേരം മിണ്ടുന്നില്ല)
അച്ചൻ: ഞാൻ വക്കുകയാണ്. എനിക്കൊന്നും പറയാനില്ലാ. (ഫോൺ കട്ടായി. പിന്നീട് പലതവണ വിളിച്ചു നോക്കി. കിട്ടിയില്ല)
(അനുവാദമില്ലാതെ റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണം പുറത്തു വിടണ്ട എന്നു കരുതി മാത്രം ആണ് സംഭാഷണങ്ങൾ എഴുതിയത്,)
ദിവ്യയുടെ മരണകാരണം അന്വേഷിക്കാൻ സഭ തന്നെ ആവശ്യപ്പെടണമെന്നും ത്വരിതഗതിയിൽ വസ്തു നിഷ്ടമായ അന്വേഷണം നടക്കണമെന്നും സോഷ്യൽ മീഡിയയിലൂടെ ആവശ്യമുയർന്നപ്പോൾ അതിനെ തകർക്കാനുള്ള മറ്റു പദ്ധതികൾ സഭ ആസൂത്രണം ചെയ്യുകയാണ്.
അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞദിവസം ചോർന്ന ഫാ.സെബാസ്റ്റ്യൻ മുതുപ്ളാക്കലിൻറെ വാട്ട്സ് ആപ്പ് സന്ദേശം. ‘പ്രിയ സന്യാസിനിമാരെ’ എന്നു തുടങ്ങുന്ന കുറിപ്പിൽ “ബഹുമാനപ്പെട്ട അമ്മമാരെ നിങ്ങളെന്താണ് ഇപ്പോഴും പ്രതികരിക്കാതിരിക്കുന്നത് ?” എന്നു ചോദിച്ചാണ് സന്യാസിനിമാരുടെ അമ്മമാരെ അദ്ദേഹം പ്രകോപിപ്പിക്കുന്നത്. കുറിപ്പ് തുടരുന്നതിങ്ങിനെ….
“പ്രായോഗികമായി ചെയ്യാൻ പറ്റുന്ന ഒരു നിർദ്ദേശം എനിക്കുണ്ട്. നമ്മുടെ ഓരോ സമൂഹത്തിൻ്റെയും ഓരോ പ്രോവിൻസിലുമുള്ള എത്രയോ സഹോദരിമാരുടെ അമ്മച്ചിമാർ പൊതുപ്രവർത്തനവും സാമൂഹിക പ്രവർത്തനവും നടത്തുന്നവരു ണ്ടാകും. ഓരോ പ്രോവിൻസും അവരിൽ പത്തുപേരെ വീതം സംഘടിപ്പിച്ച് ഈ അപവാദം പ്രചരിപ്പിക്കുന്ന ഓരോരുത്തർക്കുമെതിരെ മാനനഷ്ട കേസുകൾ കൊടുപ്പിക്കണം. പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അമ്മച്ചിമാർക്ക് അതിനുള്ള ധൈര്യവും അത് മുമ്പോട്ടു കൊണ്ടുപോകാനുള്ള ശേഷിയുമുണ്ടാകും. നിങ്ങൾ ഉത്തരവാദിത്വപ്പെട്ടവർ അവരുടെ പുറകിൽ നിന്ന് അതൊന്നു കോ-ഓർഡിനേറ്റ് ചെയ്താൽ മാത്രം മതി. കുറച്ചു നാളുകൾക്കു മുമ്പ് സഭയ്ക്കെതിരെ നിരന്തരം അപവാദം പ്രചരിപ്പിച്ചുകൊണ്ടിരുന്ന സെബാസ്റ്റ്യൻ വർക്കി എന്നൊരു വ്യക്തിക്കെതിരെ കേരളത്തിൽ നിന്നും പുറത്തു നിന്നും നിരവധി കേസുകൾ കൊടുത്ത് അയാളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പോലും ഇല്ലാതാക്കിയ അനുഭവം നമുക്കുണ്ട്. അതുകൊണ്ട് ബഹുമാനപ്പെട്ട അമ്മമാർ ഇക്കാര്യത്തിൽ അടിയന്തിരമായി നടപടികൾ കൈക്കൊള്ളണം.” ബഹുമാന്യനായ ഈ വൈദികൻ സി. ലൂസിയെ വിളിക്കുന്നത് ജന്തു എന്നാണ്.
ഒന്നുമറിയാതെ, പഠിക്കാതെ എന്തും പറയാനുള്ള ഇവരെപ്പോലുള്ളവർ കരുതുന്നത് വിശ്വാസികൾ ഇപ്പോഴും മണ്ടൻമാരാണെന്നാണ്. കാഞ്ഞിരപ്പള്ളിയിൽ വൈദികരെ ചോദ്യം ചെയ്യൽ നടക്കില്ല എന്നു പറയുമ്പോൾ അവിടുള്ള വിശ്വാസികളെ ഇദ്ദേഹം എങ്ങിനെയാണ് കരുതുന്നത് എന്ന് മനസ്സിലാക്കണം. പ്രിയ മുതുപ്ളാക്കലച്ചാ, അച്ചൻ എന്തു തല കുത്തി നിന്നാലും, ഈ കേസിൻ്റെ അന്വേഷണത്തിൻ്റെ ഓരോ ഘട്ടവും ഞങ്ങൾ ഫോളോ അപ്പ് ചെയ്യും. അട്ടിമറിക്കാൻ ശ്രമിച്ചാൽ ഞങ്ങൾ പൊതുനിരത്തിലിറങ്ങും. പഴയ മറിയക്കുട്ടി കൊലക്കേസും അഭയകൊലക്കേസും നടന്ന കാലമല്ലിത്.
