സംസ്‌ഥാനത്ത് ആരുടേയും അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഇംഗ്ലീഷ്മീഡിയം പെട്ടിക്കടകൾ മുതൽ സൂപ്പർമാർക്കറ്റുകൾ വരെ സി.ബി.എസ്.ഇ. സിലബസ് സ്‌കൂൾ എന്ന ബോർഡ് വെച്ച് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ കബളിപ്പിക്കുകയാണ്. സ്‌കൂളുകളില്‍ 650 ലേറെ എണ്ണത്തിനും അഫിലിയേഷനില്ലെന്നു സംസ്‌ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാൽ രക്ഷിതാക്കൾ സ്വന്തം ഉത്തരവാദിത്വത്തിൽ കുട്ടികളെ ചേർക്കുന്ന ട്യൂട്ടോറിയൽ കോളേജ് പോലെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ വിദ്യാഭ്യാസ വകുപ്പിന് അധികാരമില്ലന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്. എല്ലാവർഷവും സ്‌കൂൾ തുറക്കുമ്പോൾ ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളെ ചേർത്ത് വഞ്ചിതരാകാതിരിക്കാൻ സംസ്ഥന വിദ്യാഭ്യാസവകുപ്പ് പത്രപരസ്യങ്ങൾ ഉൾപ്പെടെ നൽകാറുണ്ട്. ഇത് അവഗണിച്ചാണ് മിക്ക രക്ഷിതാക്കളും ഇത്തരം സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളെ അയക്കുന്നത്.
സംസ്‌ഥാന സര്‍ക്കാര്‍ പുതിയ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി. നല്‍കുന്നില്ല. സി.ബി.എസ്.ഇയാകട്ടെ മൂന്നുവര്‍ഷമായി പുതിയ അഫിലിയേഷനും നല്‍കുന്നില്ല. അഫിലിയേഷന്‍ കാത്ത് 650 അപേക്ഷകള്‍ ഡല്‍ഹിയിലെ സി.ബി.എസ്.ഇ. ഓഫീസില്‍ കെട്ടിക്കിടക്കുന്നുണ്ട്. (എവിടെയും അപേക്ഷകൊടുക്കാത്ത സ്ഥാപനങ്ങൾ വേറെയും ഉണ്ട്. അവ ഒരുക്കണക്കിലും പെടുന്നുമില്ല) പത്തുവര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന മൂവാറ്റുപുഴയിലെ വി.എം. പബ്ലിക് സ്‌കൂളിന് അഫിലിയേഷന്‍ ലഭിക്കാതെ വന്നതോടെ സ്‌കൂള്‍ പൂട്ടേണ്ടിവന്നത് കഴിഞ്ഞവര്‍ഷമായിരുന്നു. ഇവിടെനിന്ന് കുട്ടികള്‍ പിന്നീട് മറ്റു സിലബസിലുള്ള സ്‌കൂളുകളിലേക്ക് മാറിയാണ് വാര്‍ഷിക പരീക്ഷ പൂര്‍ത്തിയാക്കിയത്.
ഗ്രാമീണ മേഖലകളില്‍ മാത്രം പുതിയ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ അനുവദിച്ചാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. സംസ്‌ഥാനത്ത് നിലവില്‍ ഒരു നിയോജകമണ്ഡലത്തില്‍ ശരാശരി 15 സി.ബി.എസ്.ഇ സ്‌കൂളുകള്‍ ഉണ്ട്. പൊതുവിദ്യാഭ്യാസമേഖലയില്‍ ആയിരക്കണക്കിനു സ്‌കൂളുകളും ചേരുന്നതോടെ സംസ്‌ഥാനത്ത് പുതിയ സ്‌കൂളുകളുടെ പ്രസക്‌തിതന്നെ നഷ്‌ടമായിക്കഴിഞ്ഞു. സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അഫിലിയേഷന്‍ ലഭിക്കാതിരിക്കാന്‍ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇതാണ്.

നിലവില്‍ അഫിലിയേഷന്‍ ഇല്ലാത്ത സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ ഒമ്പതാം ക്ലാസ് മുതല്‍ അഫിലിയേഷനുള്ള സ്‌കൂളുകളില്‍ പഠിക്കുന്നതായി കാണിച്ച് രജിസ്‌റ്റര്‍ ചെയ്‌താണ് വര്‍ഷാവസാന ബോര്‍ഡ് പരീക്ഷകള്‍ എഴുതുന്നത്. സംസ്‌ഥാനത്തെ പ്രമുഖ മാനേജ്‌മെന്റുകള്‍ക്കു പോലും അഫിലിയേഷനില്ലാത്ത അനവധി സ്‌കൂളുകള്‍ ഉണ്ട്. ഇവിടുള്ളവരെ തങ്ങളുടെ അഫിലിയേഷനുള്ള സ്‌കൂളുകളുമായി ബന്ധിപ്പിച്ച് രജിസ്‌റ്റര്‍ ചെയ്‌തിട്ടാണ് ഇത്തരം സ്‌കൂളുകള്‍ പരീക്ഷാ കടമ്പ കടത്തിവിടുന്നത്. രക്ഷാകര്‍ത്താക്കള്‍ക്കു പോലും അഫിലിയേഷനുള്ള സ്‌കൂളുകള്‍ ഏതെന്ന് അറിയാത്ത സാഹചര്യവുമുണ്ടെന്നും സി.ബി.എസ്.ഇ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. അരൂജ സ്‌കൂളിലും ഇതാണ് സംഭവിച്ചത്. മുമ്പു ചെയ്‌തിരുന്നതുപോലെ കുട്ടികളെ മറ്റു സ്‌കൂളുകളില്‍ രജിസ്‌റ്റര്‍ ചെയ്യിച്ച് പരീക്ഷ എഴുതിക്കാമെന്നായിരുന്നു അരൂജ മാനേജ്‌മെന്റ് കരുതിയിരുന്നത്. എന്നാല്‍, ഇതിനു കഴിയാതെവരികയായിരുന്നു. സ്‌കൂളുകള്‍ തമ്മിലുള്ള ഭിന്നതയും അതിനായുള്ള കൈക്കൂലിയായി ഭീമമായ തുകകൾ അഫിലിയേഷനുള്ള സ്‌കൂളുകള്‍ ചോദിക്കാനും തുടങ്ങിയതാണിതിനു പിന്നിലെന്നാണു സൂചന.
1450 സി.ബി.എസ്.ഇ സ്‌കൂളുകള്‍ സി.ബി.എസ്.ഇ. ബോര്‍ഡിന്റെ അഫിലിയേഷനോടുകൂടി സംസ്‌ഥാനത്ത് പ്രവര്‍ത്തിക്കുന്നുമുണ്ട്. ലക്ഷക്കണക്കിനു വിദ്യാര്‍ഥികളാണ് ഈ സ്‌കൂളുകളില്‍ പഠനം തുടരുന്നത്. സംസ്‌ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂള്‍ ചരിത്രത്തിലാദ്യമായിട്ടാണ് അഫിലിയേഷന്‍ ഇല്ലാത്ത സ്‌കൂളില്‍ പഠിച്ച 34 വിദ്യാര്‍ഥികള്‍ക്ക് ഈ വർഷം പത്താം ക്ലാസ് വാര്‍ഷിക പരീക്ഷ എഴുതാന്‍ കഴിയാതെ വന്നിട്ടുള്ളത്. ഇത് സി.ബി.എസ്.ഇക്കു തന്നെ ചീത്തപ്പേരുണ്ടാക്കിയെന്നാണ് അഫിലിയേറ്റഡ് സ്‌കൂളുകളുടെ സംഘടനയായ സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ തന്നെ വിലയിരുത്തല്‍.

കുട്ടിയെ ഏതെങ്കിലും മുന്തിയ ഇംഗ്ലിഷ് മീഡിയത്തിൽ ചേർക്കാനുള്ള ഓട്ടത്തിലാണ് മിക്ക രക്ഷിതാക്കളും. കുട്ടി CBSE അല്ലെങ്കിൽ ICSE സിലബസിൽ പഠിക്കണം. അതു മതി. LKG യിലും UKG യിലും ഒന്നാം ക്ലാസ്സിലും ഒക്കെ ചേർക്കേണ്ട കുട്ടിക്കും മിനിമം പതിനായിരം രൂപ എങ്കിലും ചെലവു വരുന്നുണ്ടത്രേ. ക്ലാസ് കയറും തോറും ചെലവ് പതിനായിരങ്ങളിലേയ്ക്കും പിന്നെ ലക്ഷങ്ങളിലേയ്ക്കും കടക്കും. നട്ടെല്ലൊടിഞ്ഞാണ് പലരും ഇത്തരം സ്കൂളുകളിൽ മക്കളെ ചേർക്കാൻ പണം കണ്ടെത്തുന്നത്.
CBSE അല്ലെങ്കിൽ ICSE എന്നതിന്റെ ഫുൾ ഫോം ചോദിചാൽ പോലും ഇതിൽ പകുതി രക്ഷിതാക്കൾക്കും അറിയില്ല എന്നതാണ് വാസ്തവം. CBSE എന്നാൽ Central Board of Secondary Education എന്നും ICSE എന്നാൽ Indian Certificate of Secondary Education എന്നാണെന്നും അറിയാവുന്നവർക്കും അതേക്കുറിച്ച് കാര്യമയൊന്നും പിടി കിട്ടിയില്ല. അവരെന്നല്ല കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന രക്ഷകർത്താക്കൾക്കും അറിയില്ല.

വിക്കിപീഡിയയിൽ തിരഞ്ഞാൽ കിട്ടുന്നത് ഇതാണ് “In India, high school is a grade of education from Standards IX to X. Standards IX and X are also called Secondary School. Usually, students from ages 14 to 17 study in this section. These schools may be affiliated to national boards (like CBSE, ISC, and NIOS) or various state boards.” സെക്കന്ററി സിലബസിന്റെ മാത്രം ഉത്തരവാദിത്ത്വമാണ് CBSEക്ക് എന്ന് ചുരുക്കം. അപ്പോൾ പിന്നെ CBSE എന്ന് ‘അവകാശപ്പെടുന്ന’ സ്കൂളുകളിൽ ചെറിയ ക്ലാസുകളിൽ കുട്ടികളുടെ സിലബസ് ഏതാണ് ? അങ്ങനെ ഒരു പ്രിസ്ക്രൈബ്ഡ് സിലബസ് അവർക്കില്ല എന്ന ഉത്തരംകിട്ടും. സംശയം ഉണ്ടെങ്കിൽ CBSE യുടെ വെബ്‌സൈറ്റ് പരിശോധിച്ചു നോക്കൂ.ദോഷം മാത്രം പറയരുതല്ലോ ഏതു പുസ്തകമാണ് ഉപയോഗിക്കുന്നത് എന്ന ഒരു റിപ്പോർട്ട് ആവശ്യപെട്ടാൽ കൊടുത്താൽ മതിയാവും.
അപ്പോൾ പിന്നെ ഏതു സിലബസ് അനുസരിച്ചാണ് ചെറിയ ക്ലാസുകളിൽ CBSE എന്ന് ‘അവകാശപ്പെടുന്ന’ സ്കൂളുകൾ പുസ്തകം തെരഞ്ഞെടുക്കുന്നത ? ഏറ്റവും കൂടുതൽ കമ്മീഷൻ തരുന്നത് ഏതു കമ്പനിയാണോ അവരുടെ എന്നല്ലാതെ മറ്റെന്ത് ഉത്തരം? യഥാർത്ഥ വിലയുടെ മൂന്നിരട്ടി ആവും MRP ആയി പ്രിന്റ് ചെയ്യുക. ബാക്കി സ്കൂളിന്റെ ലാഭം. എല്ലാ വർഷവും പുതിയ പുസ്തകം വാങ്ങണം എന്ന് നിർബന്ധിക്കുന്നതിന്റെ കാരണം വ്യക്തമാണല്ലോ. ഇതിനെല്ലാം പുറമേയാണ് നോട്ടു ബുക്കുകൾ, അഡ്മിഷൻ ഫീ, ട്യൂഷൻ ഫീ, ആ ഫീ, ഈ ഫീ എന്നൊക്കെ പറഞ്ഞു വാങ്ങുന്ന ആയിരങ്ങൾ. സ്കൂൾ ടൂറിന്റെ പേരിൽ നടക്കുന്ന പകൽ കൊള്ള വേറെ. സ്കൂൾ ബസിലെ യാത്രക്ക് മാസം വേറെ പെറുക്കണം. അദ്ധ്യാപകർക്ക് ഇതിനനുസരിച്ചുള്ള മാന്യമായ ശമ്പളം കൊടുക്കുന്നുമില്ല !!

കേരള സിലബസിൽ എങ്ങനെയാണ്?
കൗതുകകരമായ വസ്തുത കേരള സർക്കാരിന്റെ പൊതു വിദ്യാലയങ്ങളിൽ ഒന്ന് മുതൽ പത്തുവരെ വിദ്യാഭ്യാസം സൗജന്യമായിരിക്കെ ആണ് ഈ പരക്കം പാച്ചിൽ എന്നതാണ്. ഒന്ന് മുതൽ എട്ടു വരെ ക്ലാസുകളിൽ പുസ്തകം സൗജന്യമാണ്. നോട്ടു ബുക്കുകൾ മാത്രം വാങ്ങിയാൽ മതിയാവും. അഡ്മിഷൻ ഫീസോ, മാസ ഫീസോ, വാർഷിക ഫീസോ ഇല്ല. യൂണിഫോം ഏതാണ്ട് സൗജന്യം എന്ന് തന്നെ പറയാം. ഏയ്‌ഡഡ് സ്കൂളിൽ ഒരു കുട്ടിക്കു് ശരാശരി 450 രൂപയിൽ കൂടുതൽ ആകെ വാർഷിക ചെലവു വന്നതായി കണ്ടിട്ടില്ല. അതായത് ഒരു ചെരുപ്പിന്റെയോ, ബാഗിന്റെയോ, ഷർട്ടിന്റെയോ ചെലവു പോലും ഒരു വർഷത്തേയ്ക്ക് ആകുന്നില്ല എന്ന് ചുരുക്കം!
പ്ലസ് വണ്ണിൽ എത്തിക്കഴിഞ്ഞ് CBSE കുട്ടികൾ ആദ്യ മാസങ്ങളിൽ തിളങ്ങും. ആഷ് പോഷ് ഇംഗ്ലിഷും ജാടകളും ഒക്കെ കണ്ട് കേരള സിലബസ് പഠിച്ച കുട്ടികളൊന്നു കിടുങ്ങും. പക്ഷേ ആദ്യ പരിഭ്രമം ഒന്ന് മാറി ആദ്യ പരീക്ഷ കഴിയുന്നതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിയും. ഒടുക്കം എല്ലാ വിഷയങ്ങൾക്കും മികച്ച വിജയം നേടി കേരള സിലബസിൽ നിന്ന് വന്നവർ തിളങ്ങി തുടങ്ങും. പ്രശസ്തമായ ഒട്ടു മിക്ക എൻട്രൻസ് പരീക്ഷകളിലെ സ്ഥിതിയും ഇത് തന്നെ.
ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ State Council of Educational Research and Training അഥവാ SCERT. പ്ലസ് വൺ, പ്ലസ് റ്റു ക്ലാസുകൾക്കുള്ള പുസ്തകങ്ങൾ NCERT അഥവാ National Council of Educational Research and Training ആണ് തയ്യാറാക്കുന്നത്.
വിദേശ ഏജെൻസി നടത്തിയ താരതമ്യത്തിൽ കേരള സിലബസിന്റെ പുസ്തകങ്ങൾക്ക് ലോക നിലവാരമുണ്ട് എന്നതാണ്. പുസ്തകങ്ങൾ ഒന്ന് വായിച്ചു നോക്കിയാൽ മനസിലാകുന്നതാണ് ഇത്. ആയിരക്കണക്കിന് പൊതു വിദ്യാലയങ്ങൾ നടത്തുന്ന അത്ഭുതങ്ങൾ കണ്ടില്ലെന്നു നടിച്ച് അപൂർവ്വം ചില പൊതു വിദ്യാലയങ്ങളിലെ ക്വാളിറ്റി കുറവിനെ പൊലിപ്പിച്ചു സോഷ്യൽ മീഡിയയിലും മറ്റു ദ്രശ്യ ശ്രാവ്യ മാധ്യമങ്ങളിലും ഇംഗ്ലീഷ്മീഡിയം പെട്ടിക്കടകളുടെ വക്താക്കൾ പടച്ചുവിടുന്ന വാർത്തകളും പോസ്റ്റുകളും ഷെയർ ചെയ്യുന്ന ശീലം നാം മറ്റേണ്ടിയിരിക്കുന്നു. നമ്മളിൽ പലരും, ഇന്നുള്ള പ്രശസ്തരും പ്രമുഖരും ആയ പലരും അത്തരം വിദ്യാലയങ്ങളിൽ നിന്ന് ഫോർമേഷൻ സ്വീകരിച്ചവരാണ് എന്നത് മറക്കാതിരിക്കാം.