Sun. Nov 15th, 2026

ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതായിറിപ്പോർട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്. നയതന്ത്ര തലത്തിലെ ചില ഉന്നത ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഒപ്പുവക്കാനിരുന്ന കരടിനെക്കാള്‍ വിശദമായ കരാറിന് അമേരിക്ക താത്പര്യം പ്രകടിപ്പിച്ചതിന്റെ ഭാഗമായാണ് ഇതുസംബന്ധിച്ച് നടത്താനിരുന്ന ചര്‍ച്ചകള്‍ മാറ്റിവച്ചതെന്നാണ് അറിയുന്നത്.

താരീഫ് കുറയ്ക്കല്‍, കമ്പോളം തുറന്നു നല്‍കല്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് അമേരിക്കക്ക് അതൃപ്തിയുള്ളതെന്നാണ് സൂചന. കരാറിലെ പോരായ്മകള്‍ പരിഹരിക്കാന്‍ രണ്ടു ഭാഗത്തു നിന്നും ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് അമേരിക്കയുടെ പിന്മാറ്റം.

തിങ്കളാഴ്ച ഉച്ചയോടെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തുന്ന ട്രംപിനെ സ്വീകരിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെത്തും. സ്വീകരണ പരിപാടിക്കു ശേഷം ട്രംപും മോഡിയും ഒരുമിച്ച് മോട്ടേര സ്റ്റേഡിയം വരെ നീളുന്ന ദൂരപരിധിയില്‍ റോഡ് ഷോ നടത്തും. മോട്ടേര സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വീകരണച്ചടങ്ങ് രണ്ടു മണിക്കൂര്‍ നീളും. ചടങ്ങില്‍ ഇരു നേതാക്കളും പ്രസംഗിക്കും.

ട്രംപിന് ഉജ്ജ്വലമായ സ്വീകരണമാണ് ഏർപ്പാടാക്കിയിരിക്കുന്നത്. ആയിരക്കണക്കിന് സുരക്ഷ ഉദ്യോഗസ്ഥരെയും ഏർപ്പാടാക്കി കഴിഞ്ഞു. അതേസമയം, ഇന്ത്യയുമായുള്ള വലിയ കരാർ ഇപ്പോഴില്ലെന്നും നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഇത് നടക്കുമോ എന്ന് തനിക്ക് അറിയില്ലെന്നും ട്രംപ് മുമ്പ് പറഞ്ഞിരുന്നു. തങ്ങളെ ഇന്ത്യ നന്നായി പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.കോടികൾ മുടക്കിയുള്ള സ്വീകരണം വെറുതെയാകുമോ എന്ന സംശയമാണ് ദേശീയ മാധ്യമങ്ങൾ ഉന്നയിക്കുന്നത്.

ചൊവ്വാഴ്ച ഡല്‍ഹിയില്‍ വച്ച് ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടക്കും. നിര്‍ണായക തീരുമാനങ്ങളും കരാര്‍ രൂപവത്ക്കരണവും ചര്‍ച്ചയിലുണ്ടാകും. 36 മണിക്കൂര്‍ സമയമാണ് ട്രംപ് ഇന്ത്യയിലുണ്ടാവുക. ഭാര്യ മെലാനിയ ട്രംപ് മകള്‍, ഇവാങ്ക, മരുമകന്‍ ജാറദ് കഷ്‌നര്‍, മന്ത്രിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, തുടങ്ങിയവര്‍ ട്രംപിന്റെ സംഘത്തിലുണ്ടാകും. ഉച്ചതിരിഞ്ഞ് ട്രംപും കുടുംബവും ആഗ്രാ സന്ദര്‍ശനത്തിനായി യാത്ര തിരിക്കും. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗ്രയില്‍ യു എസ് പ്രസിഡന്റിനെ സ്വീകരിക്കും. രണ്ടു മണിക്കൂര്‍ സമയത്തെ ആഗ്ര പരിപാടികള്‍ക്കു ശേഷം ഡല്‍ഹിയിലെത്തുന്ന ട്രംപ് മൗര്യ ഹോട്ടലിലാണ് രാത്രി താമസിക്കുക. ട്രംപ് എത്തുന്ന ഭാഗങ്ങളിലെല്ലാം കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913