Sat. Apr 20th, 2024

പോലീസുമായി ബന്ധപ്പെട്ട് വന്‍ വിവാദത്തിന്റെ നിഴലില്‍ നില്‍ക്കേ സര്‍ക്കാര്‍ ചെലവില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ബ്രിട്ടനിലേക്ക് പോകുന്നു. വിദേശയാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടുത്തമാസം 3,4,5 തീയതികളിലാണ് പോലീസ് മേധാവി വിദേശത്തേക്ക് പോകുന്നത്. യാത്രാച്ചെലവ് പൊതുഖജനാവില്‍ നിന്നും വഹിക്കും. ബെഹ്‌റയ്ക്ക് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറത്തു വന്നത് ഇന്നലെയാണ്.

ഒരു സുരക്ഷാ സെമിനാറില്‍ പങ്കെടുക്കാനാണ് വിദേശത്തേക്ക് പോകുന്നത്. ഡിജിപിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട ടിഎ ഡിഎ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഖജനാവില്‍ നിന്നായിരിക്കും. പോലീസിന്റെ സേനാ നവീകരണ ഫണ്ട് ചെലവഴിച്ചതില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സിഎജി റിപ്പോര്‍ട്ടില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് വിദേശയാത്രയ്ക്കും അനുമതി നല്‍കിയിരിക്കുന്നത്.

പോലീസ്‌സേന നവീകരണത്തിനായി നല്‍കിയ തുകകള്‍ വഴിവിട്ട് ചെലവഴിച്ചെന്ന് ഇന്നലെ പുറത്തുവന്ന സിഎജി റിപ്പോര്‍ട്ട് ആരോപണങ്ങളില്‍ ഡിജിപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡിജിപി സ്ഥാനത്ത് നിന്നും ബെഹ്‌റ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. പോലീസ് സേനയുടെ വിസകനത്തിനായി നല്‍കിയ പണം ചെലവഴിച്ചതില്‍ വന്‍ ക്രമക്കേടുകളാണ് ഇന്നലെ സിഎജി റിപ്പോര്‍ട്ടില്‍ ആരോപിക്കപ്പെട്ടത്. 2013-2018 കാലയളവില്‍ പോലീസ്‌സേനയുടെ നവീകരണത്തിന് അനുവദിച്ച ഫണ്ട് ചെലവഴിച്ചതിലാണ് അടിമുടി വഴിവിട്ട നടപടികള്‍.

ബുള്ളറ്റ് പ്രൂഫ് വാഹന ഇടപാടില്‍ ഒരു കമ്പനിക്കുവേണ്ടി വഴിവിട്ടനീക്കം നടത്തിയെന്നും പോലീസിന് അത്യാവശ്യവാഹനങ്ങള്‍ക്ക് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഐ.പി.എസുകാര്‍ക്ക് ആഡംബരവാഹനങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും പോലീസുകാരുടെ ക്വാര്‍ട്ടേഴ്‌സിന് അനുവദിച്ച ഫണ്ട് വകമാറ്റി പോലീസ് മേധാവിയടക്കമുള്ളവര്‍ക്ക് വില്ല പണിതെന്നും കെല്‍ട്രോണുമായി ഒത്തുകളിച്ച് ഉപകരണങ്ങള്‍ വാങ്ങിയതില്‍ വന്‍തുക നഷ്ടപ്പെടുത്തി എന്നുമാണ് ഓഡിറ്റിങ്ങില്‍ വ്യക്തമായത്.

സംസ്ഥാന പോലീസ് പുതുതായി കൊണ്ടുവന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കുമുള്ള സുരക്ഷാ സംവിധാനമായ സെന്‍ട്രല്‍ ഇന്‍ഷ്വറന്‍സ് മോണിറ്ററിംഗ് സിസ്റ്റത്തിലും (സിംസ്) ക്രമക്കേട് നടന്നതായി ആരോപണം ഉയരുന്നുണ്ട്. കെല്‍ട്രോണുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍, ഗാലക്‌സോണ്‍ ഇന്റര്‍നാഷണല്‍ എന്ന സ്വകാര്യ ഏജന്‍സിക്ക് ഇതിന്റെ ഇടപാടുകള്‍ കൈമാറിയതായാണ് വിവരം. സ്വകാര്യ സ്ഥാപനങ്ങളില്‍ സി സി ടി വികളും സെര്‍വറുകളും സ്ഥാപിച്ച് പോലീസ് ആസ്ഥാനത്തിരുന്ന് ദൃശ്യങ്ങള്‍ നിരീക്ഷിച്ച് മോഷണവും മറ്റും തടയാനുള്ള പദ്ധതിയാണ് സിംസ്. പോലീസ് ആസ്ഥാനത്താണ് പദ്ധതിയുടെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.

പദ്ധതിയില്‍ അംഗമാകുന്ന സ്ഥാപനങ്ങളില്‍ കാമറയുള്‍പ്പടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചു നല്‍കുന്നത് ഗാലക്‌സോണ്‍ ഇന്റര്‍നാഷണലാണ്. ഇതിനുള്ള പണവും മാസം തോറും നിശ്ചിത ഫീസും ഇവര്‍ വാങ്ങും. അതില്‍ നിന്നൊരു പങ്ക് പോലീസിന് നല്‍കുകയും ചെയ്യും. സുരക്ഷ ഉറപ്പാക്കേണ്ട സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ എസ് പിമാര്‍ക്ക് ഡി ജി പി നിര്‍ദേശം നല്‍കിയിരുന്നതായും വിവരമുണ്ട്.