Tue. Apr 16th, 2024

റോയി മാത്യു

കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽവന്ന ആദ്യ ആഴ്ചമുതൽ തന്നെ ‘വീഴ്ചപറ്റൽ’ ഡിപ്പാർട്ട്മെന്റായി പരിവർത്തിക്കപ്പെട്ട ഉണ്ടവിഴുങ്ങി പോലീനെക്കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത് എന്തൊക്കെ? തോക്കുകളും വെടിയുണ്ടകളും എങ്ങനെ കാണാതെ പോയി?

പോലീസ് സേനയിലെ തോക്കുകളും വെടിയുണ്ടകളും കാണാതായ വിവരം പുറത്തുപോകാതിരിക്കാന്‍ ഉദ്യോഗസ്ഥന്‍മാര്‍ പരമാവധി ശ്രമിച്ചുവെന്ന് സി.എ.ജി റിപ്പോര്‍ട്ട്. ആയുധ ശേഖരത്തിലെ കുറവ് പോലീസിന് അറിയാമായിരുന്നിട്ടും അതിന് കാരണക്കാരായ കുറ്റവാളികളെ ശിക്ഷിക്കുന്നതിന് പകരം മൂടിവെക്കാനാണ് ഉദ്യോഗസ്ഥന്‍മാര്‍ ശ്രമിച്ചതെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം:
(Page 25 മുതൽ 28 വരെ )

2.10.3. തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയനിൽ ആയുധങ്ങളുടെയും പ്രവർത്തനക്ഷമമായിരുന്ന കാർട്രിഡ്ജുകളുടെയും സ്റ്റോക്കിൽ കുറവു കണ്ടത്

2004 ഫെബ്രുവരിയിൽ ഡിജിപി പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് നിർദ്ദേശങ്ങളിൽ പോലീസ് വകുപ്പ് ആയുധ വെടിക്കോപ്പുകളുടെ സുരക്ഷ, പരിരക്ഷ, വൃത്തിയാക്കൽ, അറ്റകുറ്റപ്പണി എന്നിവയ്ക്കായി എടുക്കേണ്ട നടപടിക്രമങ്ങൾ വിശദമാക്കിയിരുന്നു. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ചുമതലയുള്ള ഉദ്യോഗസ്ഥൻമാർ ആഴ്ചയിലൊരിക്കലെങ്കിലും അവ പരിശോധിക്കുകയും സ്റ്റോറിൽ സൂക്ഷിച്ചിട്ടുള്ള ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കൃത്യത അതിനായി സൂക്ഷിച്ചിട്ടുള്ള ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തുകയും വേണമെന്നുള്ളതായിരുന്നു ഒരു നിർദ്ദേശം. അതുപോലെ കമ്പനി കമാൻഡർ/സർക്കിൾ ഇൻസ്പെക്ടർമാർ മാസത്തിലൊരിക്കൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും സ്റ്റോക്ക്, മിന്നൽ പരിശോധന നടത്തി അതിനായി സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദ്ദേശിച്ചിരുന്നു. അതുപോലെ, പോലീസ് സൂപ്രണ്ട്/ കമാൻഡാന്റ് ആറുമാസത്തിലൊരിക്കൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും പരിശോധന നടത്തി കൃത്യത ഉറപ്പു വരുത്തണം. ക്യാമ്പുകൾ പോലീസ് സ്റ്റേഷനുകൾ സന്ദർശിക്കുന്ന ഉയർന്ന പോലീസ് ഉദ്യോഗസ്ഥർമാരും സ്റ്റോക്കിലുള്ള ആയുധ വെടിക്കോപ്പുകളുടെ ഭൗതിക സാന്നിദ്ധ്യം പരിശോധിക്കുകയും സ്റ്റോക്കിലേക്കു വന്നു ചേർന്നതും വിതരണം നടത്തിയതുമായതിന്റെ വിവരങ്ങൾ നോക്കുകയും അവരുടെ ഇൻസ്പെക്ഷൻ റിപ്പോർട്ടുകളിൽ ചേർക്കുകയും വേണം.

തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയനിൽ (എസ്പിബി) ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും സ്റ്റോക്ക് രജിസ്റ്ററും ബന്ധപ്പെട്ട രേഖകളും ശരിയായ രീതിയിലല്ല സൂക്ഷിച്ചിരിക്കുന്നതെന്ന് ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തി. സ്റ്റോക്ക് രജിസ്റ്ററുകളിൽ ധാരാളം മേലെഴുത്തുകൾ, വെള്ളനിറത്തിലുള്ള തിരുത്തൽ മഷി ഉപയോഗം, എൻടികളുടെ വെട്ടിക്കളയലുകൾ മുതലായവ കാണുകയുണ്ടായി. ഈ വേണ്ടവിധം പ്രമാണീകരിച്ചിരുന്നില്ല (ഓതന്റിക്കേറ്റ് ചെയ്തിരുന്നില്ല) എസ്എപിബിയിൽ ലഭ്യമായിരുന്ന രേഖകളിൽ നിന്നും ഉയർന്ന ഉദ്യോഗസ്ഥരും കാലാകാലങ്ങളിൽ ഭൗതിക പരിശോധന നടത്തിയതിന് തെളിവെന്നും കണ്ടെത്താൻ ഓഡിറ്റിനായില്ല. അതുകൊണ്ട് ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ഭൗതിക സ്റ്റോക്ക്, സ്റ്റോക്ക് രജിസ്റ്ററുമായി യോജിക്കുന്നുണ്ടോ എന്നറിയാനും അവയുടെ അക്കൗണ്ടിംഗ് സമ്പ്രദായം കരുത്തുള്ളതും വിശ്വസിക്കത്തക്കതുമാണോ എന്ന് നിർണ്ണയിക്കാവാനും സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയനിൽ സംയുക്ത ഭൗതിക പരിശോധന ഉൾപ്പെടെ ഒരു ലാക്ഷണിക പരിശോധന നടത്തുകയുണ്ടായി (16 ഒക്ടോബർ 2018) അസിസ്റ്റന്റ് കമാൻഡാന്റുമായി ചേർന്നു സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയൻ ബൈൽ ഓഫ് ആംസിൽ ഓഡിറ്റ് നടത്തിയ സംയുക്ത പരിശോധനയിൽ 25 എണ്ണം 5.56 എംഎം ഇൻസാസ് റൈഫിളുകളും 12,061 എണ്ണം പ്രവർത്തനക്ഷമമായ കാർട്രിഡ്ജുകളും പട്ടിക 2.5-ൽ കാണിച്ചിരിക്കുന്നവിധം കുറവാണെന്നു കണ്ടു.

(പട്ടിക 2.5)

താഴെപ്പറയുന്ന സന്ദർഭങ്ങളിൽ നിന്ന് പോലീസ് വകുപ്പിന് ആയുധ ശേഖരങ്ങളിലുള്ള കുറവ് അറിയാമായിരുന്നു എന്നും അതിനു കാരണക്കാരായ കുറ്റവാളികളെ തിരിച്ചറിഞ്ഞ് അവർക്കെതിരെ നടപടി എടുക്കുന്നതിനുപകരം കുറവു വന്നത് മൂടിവയ്ക്കാനാണു ശ്രമിച്ചത് എന്നും ഓഡിറ്റ് നിരീക്ഷിച്ചു.

2.10.3.1. കാണാതായ 9 എംഎം ഡ്രില്‍ കാർടിഡ്ജിനു പകരം ക്രമവിരുദ്ധമായി കൃതിമ കാർടിഡ്ജ് വച്ചത്

250 എണ്ണം 9 എംഎം ഡ്രിൽ കാർട്രിഡ്ജുകളുടെ കുറവിനു പകരമായി 250 എണ്ണം കൃതിമ കാർട്രിഡ്ജുകൾ’ വച്ച് കുറവ് മറച്ചുവച്ചതായി ഓഡിറ്റ് പരിശോധനയിൽ കണ്ടു. ഈ കൃതിമ കാർട്രിഡ്ജുകൾ എങ്ങനെ സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയന്റെ കൈവശം വന്നു എന്നും എങ്ങനെ അവ സ്റ്റോക്കിലെടുത്തു എന്നും കാണിക്കുന്ന പ്രമാണ രേഖകളൊന്നും ഇല്ലായിരുന്നു. 250 അനധികൃത കൃതിമ കാർട്രിഡ്ജുകൾ എങ്ങനെ ബറ്റാലിയന്റെ കൈവശം എത്തി എന്ന് ഓഡിറ്റിനോട് വിശദീകരിക്കാൻ എസ്എപിബി കമാൻഡാന്റിനു കഴിഞ്ഞില്ല.

2, 10.3.2. 2016 സെപ്റ്റംബറിൽ രൂപീകൃതമായ ഒരു അന്വേഷണ ബോർഡിന്റെ അലംഭാവത്തോടെയുള്ള അന്വേഷണവും സെൽഫ് ലോഡിംഗ് റൈഫിളുകൾക്കുളള 7.62 എം എം എം80 വെടിയുണ്ടകൾ നേരത്തെ കുറവുവന്നിരുന്ന വിവരം മൂടിവെയ്ക്കാനുളള ശ്രമവും.

തൃശ്ശൂരിലെ കേരള പോലീസ് അക്കാഡമിയിൽ ലോംഗ് റേഞ്ച് ഫയറിംഗ് നടത്തിപ്പിലേയ്ക്കായി നൽകിയിരുന്നതിൽ 200 എണ്ണം 7.62 എംഎം വെടിയുണ്ടകൾ കുറവുള്ളതായി 2016 സെപ്റ്റംബർ 14-ന് സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയനിലെ ബി കമ്പനി ഓഫീസർ കമാന്റിംഗ് റിപ്പോർട്ടു ചെയ്തപ്പോൾ തന്നെ 7.62 എംഎം വെടിയുണ്ടകളുടെ കുറവ് അറിവുളളതായിരുന്നു എന്ന് ഓഡിറ്റിൽ കണ്ടു. എല്ലാ ആയുധ ശേഖരങ്ങളുടെയും പരിശോധന നടത്തുന്നതിന് പോലീസ് ബറ്റാലിയന്റെ കമാൻഡന്റ് രൂപീകരിച്ചിരുന്ന (2018 സെപ്റ്റംബർ 19) ഒരു ബോർഡ്, വേറെ ഒരു പെട്ടിയിലുണ്ടാകേണ്ടിയിരുന്ന 600 എണ്ണം 7.62 എംഎം വെടിയുണ്ടകളിൽ 200 എണ്ണത്തിന്റെ കൂടി കുറവ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആയുധ വെടിക്കോപ്പുകൾ തിരുവനന്തപുരത്തെ പോലീസ് ചീഫ് സ്റ്റോറിൽ നിന്നു വിതരണം ചെയ്തതായതിനാൽ സീൽ ചെയ്ത പെട്ടികളിൽ രേഖപ്പെടുത്തിയിരുന്ന വിവരങ്ങളാണ് സ്റ്റോക്കിൽ എടുത്തിരുന്നതെന്നുള്ള കാരണം പറഞ്ഞ് കുറവു വന്നതിനെ ബോർഡ് ന്യായീകരിക്കുകയാണുണ്ടായത്. സീലു ചെയ്തു പെട്ടികൾ തുറക്കാതെ തന്നെ കാലാകാലങ്ങളിലുള്ള സ്റ്റോക്ക് പരിശോധന നടത്തിയിരുന്നതുകൊണ്ട് ഒഎഫ്ബിയിൽ വച്ച് പോലീസ് ചീഫ് സ്റ്റോറുകളിലേക്ക് അയയ്ക്കാൻ വെടിയുണ്ടകൾ പാർക്ക് ചെയ്തപ്പോൾ വന്ന കുറവായിരിക്കാം എന്ന നിലപാടെടുക്കുകയാണുണ്ടായത്. സ്റ്റോക്കിൽ മറ്റ് വ്യത്യാസങ്ങളൊന്നും ബോർഡ് റിപ്പോർട്ടു ചെയ്തില്ല.

എന്നാൽ എസ്എപിബി കമാൻഡാന്റ് രൂപീകരിച്ച ബോർഡിന്റെ നിഗമനങ്ങളെ പോലീസ് ചീഫ് സ്റ്റോർ നിഷേധിക്കുകയും ബോർഡ് പറഞ്ഞ ലോട്ട് നമ്പർ/ വർഷങ്ങൾ ഉള്ള ആ രണ്ടു പെട്ടികൾ ഏതെങ്കിലും ഓർഡനൻസ് ഫാക്ടറികളിൽ നിന്നു ലഭിക്കുകയോ അവർ അത് എസ്എപിബിക്ക് കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് എസ്പിസിയെ അറിയിക്കുകയും ചെയ്തു (2016 ജൂൺ). ഈ വിവരത്തിന്റെ അടിസ്ഥാനത്തിരി 1.62 എംഎം എം80 എസ്എൽആർ വെടിയുണ്ടകളുടെ സ്റ്റോക്കിന്റെ സമഗ്രമായ ഒരു പരിശോധന എഡിജിപി (ആംഡ് പോലീസ് ബറ്റാലിയൻ) നടത്താൻ എസ്പിസി ഉത്തരവിട്ടു (2016 ആഗസ്റ്റ്). അതനുസരിച്ച് ഒരു പുതിയ ബോർഡ് 7.62 എംഎം എം80 എസ്എൽആർ വെടിയുണ്ടകളുടെ സ്റ്റോക്ക് പരിശോധിച്ചതിൽ (2016 ഒക്ടോബർ) 1999 ജൂലെെ 12-ന് പായ്ക്ക് ചെയ്ത രണ്ടാമത്തെ പെട്ടിയിൽ ഉണ്ടായിരുന്നത് തുടർന്നു വർഷങ്ങളിൽ, അതായത് 2000 മുതൽ 2014 വരെയുള്ള കാലയളവിൽ നിർമിച്ചിരുന്ന വെടിയുണ്ടകളായിരുന്നുവെന്ന് കണ്ടെത്തി. ഇത് പെട്ടിയിൽ മനഃപൂർവ്വം കതിമം കാണിച്ചതിന്റെ സൂചനയാണ്.

എസ്എപിബിയിൽ 7,433 എണ്ണം 7.62 എംഎം വെടിയുണ്ടകളുടെ കുറവ് (2016 നവംബറിലെ സ്ഥിതി) ഉണ്ടെന്നും ബോർഡ് റിപ്പോർട്ടു ചെയ്തു (2017 ജനുവരി). ബോർഡിന്റെ റിപ്പോർട്ടിന്മേൽ, കാണാതായ വെടിക്കോപ്പു കണ്ടത്താനോ വെടിയുണ്ടകൾ വഞ്ചനാപരമായി റീ-പാക്ക് ചെയ്യുക എന്ന ഗൗരവതരമായ കുറ്റം ചെയ്തത ഉദ്യോഗസ്ഥന്മാരുടെ മേൽ ഉത്തരവാദിത്വം ചുമത്തുവാനോ വേണ്ട നടപടികൾ പോലീസ് വകുപ്പ് എടുത്തില്ലായെന്ന് ഓഡിറ്റ് കണ്ടെത്തി. അതിനിടെ, പട്ടിക 2.5ൽ കാണുന്നതു പോലെ 7.62 എംഎം വെടിയുണ്ടകളുടെ കുറവ് 2018 ഒക്ടോബർ 16-ന് 8,398 ആയി വർദ്ധിച്ചു.

വെടിക്കോപ്പുകളിൽ വന്ന കുറവിനെ വളരെ ഗൗരവതരമായി കാണുകയും ക്രെെബ്രാഞ്ച് വഴി ഒരു പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു എന്ന് കേരളസർക്കാർ പ്രസ്താവിച്ചു (2019 മാർച്ച്). ഉത്തരവാദിത്വം സ്ഥാപിക്കുകയും കുറ്റകരമായ പെരുമാറ്റദൂഷ്യം കണ്ടെത്തിയാൽ വേണ്ടിവന്നാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് ക്രിമിനൽ നടപടി ക്രമങ്ങളുടെ നിയമ സംഹിത അനുസരിച്ചുളള തക്കനടപടി എടുക്കുകയും ചെയ്യുമെന്നും ഓഡിറ്റിനെ അറിയിച്ചു. ഓഡിറ്റ് ചൂണ്ടിക്കാണിച്ച കാണാതായ 25 റൈഫിളുകൾ തിരുവനന്തപുരം എആർ ക്യാമ്പിന് 2011 ഫെബ്രുവരിയിൽ കൊടുത്ത് രസീദ് വാങ്ങിയിട്ടുണ്ടെന്നും രേഖകൾ സൂക്ഷിക്കുന്നതിലുള്ള തെറ്റുകൾ കണ്ടു പിടിക്കുകയും ശരിയാക്കുകയും ചെയ്തുവെന്നും ഓഡിറ്റിനെ അറിയിച്ചു. സ്റ്റോക്ക് രജിസ്റ്ററും കൈവശമുള്ള ആയുധങ്ങളുടെ ഭൗതിക സ്റ്റോക്കും പൊരുത്തപ്പെടുത്തിയെന്ന അവകാശവാദം പരിശോധിക്കാനായി, പോലീസ് ചീഫ് സ്റ്റോഴ്സിൽ നിന്നു ലഭിച്ചുവെന്നു പറയുന്ന 660 റൈഫിളുകളും തിരിച്ചറിയൽ നമ്പരുകളുടെ വിവരങ്ങളും അവ വിവിധ യൂണിറ്റുകൾക്കു സ്ഥിരമായി വിതരണം ചെയ്ത വിവരങ്ങളുമടങ്ങിയ പരിശോധനാ റിപ്പോർട്ട് ഡിഐജി (ആംഡ് പോലീസ് ബറ്റാലിയൻ)-ൽ നിന്നു ഓഡിറ്റ് വാങ്ങി. തിരുവനന്തപുരം എആർ ക്യാമ്പിലെ രേഖകളുടെ പരിശോധന വെളിപ്പെടുത്തിയത്, എസ്എപിബി കൊടുത്തു എന്നു പറയപ്പെട്ട 25 റൈഫിളുകൾ സ്റ്റോക്കു രജിസ്റ്ററിൽ വരവ് വയ്ക്കുകയോ എആർ ക്യാമ്പിലെ ആർമറി ഇൻസ്പെക്ടർ സൂക്ഷിക്കുന്ന രേഖകളിൽ കിട്ടിയതായി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നാണ്. ഡിഐജി (എപിബി)യുടെ പരിശോധനാ റിപ്പോർട്ടിലെ മറ്റു പല പൊരുത്തക്കേടുകളും ഓഡിറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു (അനുബന്ധം 2.4). അതുകൊണ്ട് കേരള പോലീസിന്റെ പക്കലുള്ള എല്ലാ ആയുധങ്ങളുടെയും കണക്ക് കൃത്യമായി സൂക്ഷിക്കപ്പെടുന്നെന്നും ആയുധം ഒന്നും നഷ്ടപ്പെട്ടില്ല എന്നുമുള്ള ഉറപ്പു ഓഡിറ്റിനു ലഭിച്ചിട്ടില്ല. രേഖകൾ സൂക്ഷിക്കുന്നതിൽ ഉപേക്ഷ വന്നിട്ടുണ്ടെന്ന് കേരളസർക്കാർ സമ്മതിക്കുകയും (2019 ഏപ്രിൽ) സംസ്ഥാനത്തൊട്ടാകെ എല്ലാ യൂണിറ്റുകളിലും ഉള്ള ആയുധ വെടിക്കോപ്പുകളുടെ സമഗ്രമായ ഒരു ഓഡിറ്റ് അടുത്ത നാലു മുതൽ ആറു മാസം വരെയുള്ള കാലയളവുകൊണ്ട് പൂർത്തിയാകത്തക്ക വിധത്തിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് പ്രസ്താവിക്കുകയുമുണ്ടായി. ആയുധ വെടിക്കോപ്പുകൾ നഷ്ടപ്പെട്ടത് ഗൗരവതരമായ ഒരു പ്രശ്നമാണെന്നും സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന സംഗതിയെന്ന നിലയിൽ എത്രയും വേഗം അതിനെ ക്രമീകരിക്കേണ്ടതാണെന്നും ഓഡിറ്റ് നിരീക്ഷിക്കുന്നു.

ശുപാർശ 2.2, വളരെ ഗൗരവതരമായ സുരക്ഷാ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് കാണാതായ കാർട്രിഡ്ജുകൾ കണ്ടെത്തുന്നതിനും റൈഫിളുകൾ നഷ്ടമായിട്ടില്ലെന്ന് ഉറപ്പു വരുത്തുന്നതിനുമുള്ള ത്വരിതനടപടികൾ സർക്കാർ സ്വീകരിക്കേണ്ടതാണ്. പോലീസ് ചീഫ് സ്റ്റോഴ്സ് ഉൾപ്പെടെ എല്ലാ ബറ്റാലിയനുകളിലും പോലീസ് സ്റ്റേഷനുകളിലും ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്കെടുപ്പ് എത്രയും പെട്ടെന്ന് നടത്തേണ്ടതാണ്.