Sun. Nov 22nd, 2026

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലിക്കാരുടെ സ്ഥാനക്കയറ്റത്തിന് സംവരണവും ക്വാട്ടയും അനുവദിക്കുന്നത് മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ ജോലിയില്‍ വിവിധ സമുദായങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ അസമത്വം നിലനില്‍ക്കുന്നുണ്ടെന്ന കൃത്യമായ കണക്കുകള്‍ ലഭിക്കാതെ ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകളെ നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ പിഡബ്ല്യുഡി വിഭാഗത്തിലെ അസിസ്റ്റന്റ് സിവില്‍ എഞ്ചിനീയര്‍ തസ്തികയിലെ ഉദ്യോഗക്കയറ്റത്തിന് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിലയിരുത്തല്‍. സംവരണം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരല്ലെന്ന് സംശയമില്ല. ഉദ്യോഗക്കയറ്റങ്ങളില്‍ സംവരണം അവകാശപ്പെടുന്നത് ഒരു വ്യക്തിയുടെ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെട്ടതുമല്ല. സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി തീര്‍പ്പുകല്‍പ്പിക്കാന്‍ കോടതിക്കാവില്ലെന്നും ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

പ്രത്യേക വിഭാഗങ്ങള്‍ക്ക് ക്വാട്ട രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ടെന്ന് 2012ല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഇതോടെ റദ്ദാക്കപ്പെട്ടു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെ സംരക്ഷിക്കേണ്ടതും സഹായിക്കേണ്ടതും സംസ്ഥാന സര്‍ക്കാരുകളുടെ അവകാശമാണെന്നും ഭരണഘടനയുടെ അനുച്‌ഛേദം 16(4), 16(4എ) എന്നിവ പ്രകാരം ഇതാണ് പറയുന്നതെന്നും അന്ന് കപില്‍ സിബല്‍, കോളിന്‍ ഗോണ്‍സാല്‍വസ് തുടങ്ങിയ പ്രമുഖ അഭിഭാഷകര്‍ വാദിച്ചിരുന്നു.

ഈ അനുച്‌ഛേദങ്ങള്‍ സംവരണം അനുവദിക്കാനുള്ള അധികാരം നല്‍കുന്നുണ്ട്. എന്നാല്‍ അവരെ സംസ്ഥാന സേവനങ്ങളില്‍ വേണ്ടത്ര പ്രതിനിധീകരിക്കുന്നില്ലെന്ന് സംസ്ഥാനം പറഞ്ഞാല്‍ മാത്രമേ അവ നടപ്പാക്കാനാകൂ എന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.