പൗരത്വ നിയമഭേദഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേശവൻ നായർ- ബ്രഹ്മദത്തൻ നമ്പൂതിരി പാരമ്പര്യം അവകാശപ്പെടുന്ന സീറോമലബാർ സഭയും കെസിബിസിയും സംഘി പ്രീണന നയങ്ങൾ തുടരുകയും ബിഷപ്പുമാർ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ഇറക്കി കുഞ്ഞാടുകളെ കൺഫ്യൂഷനിലാക്കുകയും ചെയ്യുന്നതിനിടയിൽ റിപ്പബ്ലിക് ദിനം ലത്തീന്‍ സഭ ഭരണഘടന സംരക്ഷണദിനമായി ആചരിക്കുന്നു. ജനുവരി 26 ആം തീയതി വരുന്ന ഞായറാഴ്ച കേരളത്തിൽ മുഴുവനുമുള്ള ലത്തീൻ ദൈവാലയങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്യും.
ഭരണഘടനാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം പാളയം കത്തീഡ്രലിൽ രാവിലെ 7 മണിക്കുള്ള ദിവ്യബലിക്കു ശേഷം ഡോ. സൂസപാക്യം മെത്രാപ്പോലീത്താ ഭരണഘടനാ ആമുഖം വായിക്കും. കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സഭയുടെ ഏകോപനസമിതിയായ കെആര്‍എല്‍സിസി ഭരണഘടന സംരക്ഷണദിനമായി റിപ്പബ്ലിക് ദിനം ആചരിക്കുവാന്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നടപടി.
വിവിധ അൽമായ സംഘടനകൾ ഇടവക തലത്തിൽ ഭരണഘടന സംരക്ഷണ-ബോധവല്‍ക്കരണ പരിപാടികളും ഈ ദിവസം സംഘടിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൗരത്വ വിഷയം രാജ്യമാകെ ചർച്ച ചെയ്യുന്ന ഈ അവസരത്തിൽ ഭരണഘടനയുടെ മൗലികത സംരക്ഷിക്കേണ്ടതിനായി ഇത്തരം പരിപാടികൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് തിരുവനന്തപുരം മീഡിയാ കമ്മീഷന് അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.പൗരത്വം സംബന്ധിച്ച വിഷയങ്ങളില്‍ മതം ഒരു ഘടകമാക്കിയത് ഭരണഘടനകളുടെ അടിസ്ഥാന തത്വങ്ങളില്‍ ഉള്‍പ്പെടുന്ന മതേതരത്വത്തിനു വിരുദ്ധമാണെന്നും വിലയിരുത്തുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണ രൂപം
വരുന്ന ഞായറാഴ്ച ജനുവരി 26 ആം തീയതി കേരളത്തിൽ മുഴുവനുമുള്ള ലത്തീൻ ദൈവാലയങ്ങളിലും ഭരണഘടനാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം പാളയം കത്തീഡ്രലിൽ രാവിലെ 7 മണിക്കുള്ള ദിവ്യബലിക്കു ശേഷം അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്താ ഭരണഘടനയുടെ ആമുഖം വായിക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്യും.
കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സഭയുടെ ഏകോപനസമിതിയായ കെആര്‍എല്‍സിസി ജനുവരി 26 റിപ്പബ്ലിക് ദിനം ഭരണഘടന സംരക്ഷണദിനമായി ആചരിക്കുവാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
കെആർഎൽസിസി നിർദേശപ്രകാരം വിവിധ അൽമായ സംഘടനകൾ ഇടവക തലത്തിൽ ഭരണഘടന സംരക്ഷണ-ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. പൗരത്വ വിഷയം രാജ്യമാകെ ചർച്ച ചെയ്യുന്ന ഈ അവസരത്തിൽ ഭരണഘടനയുടെ മൗലികത സംരക്ഷിക്കേണ്ടതിനായി നടത്തുന്ന ഇത്തരം പരിപാടികൾക്ക് ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്നു.
പൗരത്വം സംബന്ധിച്ച വിഷയങ്ങളില്‍ മതം ഒരു ഘടകമാക്കിയത് ഭരണഘടനകളുടെ അടിസ്ഥാന തത്വങ്ങളില്‍ ഉള്‍പ്പെടുന്ന മതേതരത്വത്തിനു വിരുദ്ധമാണ് എന്ന് ക്രൈസ്തവ സംഘടനകൾ വിലയിരുത്തുന്നുണ്ട്.