Sat. Nov 14th, 2026

ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ റിവ്യൂ ഹർജിയിൽ വാദം കേൾക്കുമ്പോൾ ഉയർന്നുവന്ന മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഏഴ് ഭരണഘടനാപ്രശ്നങ്ങൾ പരിശോധിക്കാൻ രൂപീകരിച്ച ഒൻപതംഗ ബെഞ്ച് ഇന്ന് വാദം കേൾക്കും. രാവിലെ 10.30ന് ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ്‌മാരായ ആർ.ഭാനുമതി. അശോക് ഭൂഷൺ, എൽ.നാഗേശ്വരറാവു, എം.എം ശാന്തനഗൗഡർ, എസ്.എ നസീർ, ആർ.സുഭാഷ് റെഡ്ഡി, ബി.ആർ ഗവായി, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിശോധിക്കുക.

നവംബർ 14നാണ് ശബരിമല റിവ്യൂ ഹർജികൾ മാറ്റിവച്ച് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശാലബെഞ്ചിന് വിടാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ശബരിമല വിധിക്ക് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം,

ഇതര സമുദായത്തിൽ നിന്ന് വിവാഹം കഴിക്കുന്ന പാഴ്സി സ്ത്രീകളുടെ ആരാധനാലയ വിലക്ക്, ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമ്മത്തിനെതിരായ ഹർജി തുടങ്ങിയ വിഷയങ്ങളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ്

അന്നത്തെ ചീഫ്ജസ്റ്റിസ് രഞ്ജൻഗോഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ വിശാലബെഞ്ച് രൂപീകരിക്കാൻ തീരുമാനിച്ചത്. ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്ന ഏഴ് ചോദ്യങ്ങൾ ചുവടെ. 

1.മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനയുടെ 25, 26 ആർട്ടിക്കിളുകളും മൗലികാവകാശങ്ങളും പ്രത്യേകിച്ച് തുല്യത ഉറപ്പാക്കുന്ന ആർട്ടിക്കിൾ 14ഉം എങ്ങനെ പരസ്പരം പ്രവർത്തിക്കുന്നു.

2. 25(1) ആർട്ടിക്കിൾ പറയുന്ന പൊതുക്രമം, ധാർമ്മികത, സാമൂഹ്യ ആരോഗ്യം എന്നിവയുടെ വ്യാപ്തി

3. ധാർമ്മികത, ഭരണഘടനാ ധാർമ്മികത എന്നിവ ഭരണഘടനയിൽ നിർവചിച്ചിട്ടില്ല. ആമുഖത്തിൽ പറയുന്നതുപോലെ വിശാലാർത്ഥത്തിലാണോ അതോ മതവിശ്വാസത്തിലും ഭക്തിയിലും ഒതുങ്ങിനിൽക്കുന്നതാണോ ധാർമ്മികത എന്ന് പരിശോധിക്കണം. അതിർവരമ്പുകൾ കൃത്യമായി വേർതിരിക്കേണ്ടതുണ്ട്

4. ഒരു പ്രത്യേക ആചാരം മതത്തിന്റെ അനിവാര്യഘടകമാണോ? ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരങ്ങളെക്കുറിച്ചും, കോടതികൾക്ക് ഏത് അളവു വരെ അത് പരിശോധിക്കാം എന്നതും, അത്തരം കാര്യങ്ങൾ മത മേധാവിയുടെ തീർപ്പിനായി പൂർണമായും വിട്ടുനൽകാമോ എന്നതും വേർതിരിക്കണം.

5. ഭരണഘടനയുടെ 25(2) ബിയിലുള്ള ഹിന്ദു വിഭാഗങ്ങൾ എന്ന പ്രയോഗത്തിന്റെ അർത്ഥം?.

6. ഒരു മതവിഭാഗത്തിന്റെയോ ആ മതത്തിൽ തന്നെയുള്ള ഒരു പ്രത്യേക വിഭാഗത്തിന്റെയോ ‘അനിവാര്യമായ മതാചാരങ്ങൾക്ക്’ ആർട്ടിക്കിൾ 26 പ്രകാരമുള്ള ഭരണഘടനാ സംരക്ഷണത്തിന്റെ ആവശ്യകതയുണ്ടോ?

7. ഒരു മതവിഭാഗത്തിന്റെ ആചാരങ്ങളെ ചോദ്യം ചെയ്തുള്ള ആ വിഭാഗത്തിൽപ്പെടാത്തവരുടെ പൊതുതാത്പര്യ ഹർജികൾ നിയമപരമായി അനുവദിക്കുന്നതിനുള്ള പരിധി എത്രമാത്രമാകണം.