Thu. Mar 28th, 2024

ദേശീയ പണിമുടക്കു ദിനത്തില്‍ നൊബേല്‍ പുരസ്‌കാര ജേതാവ് മൈക്കിള്‍ ലെവിറ്റ് യാത്ര ചെയ്ത ബോട്ട് കെട്ടിയിട്ട സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സി ഐ ടി യു പ്രവര്‍ത്തകരും ആലപ്പുഴ കൈനകരി സ്വദേശികളുമായ ജോയി, സാബു, സുധീര്‍, അജി എന്നിവരാണ് അറസ്റ്റിലായത്. പരാതിയില്ലെന്ന് ലെവിറ്റ് വ്യക്തമാക്കിയിരുന്നുവെങ്കിലും സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിന് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അതിനിടെ, സംഭവത്തില്‍ ലെവിറ്റിനോട് സര്‍ക്കാര്‍ ക്ഷമ ചോദിച്ചു. കോട്ടയം ജില്ലാ കലക്ടര്‍ സുധീര്‍ ബാബുവാണ് ഇന്ന് രാവിലെ ലെവിറ്റിനെ നേരില്‍ സന്ദര്‍ശിച്ച് സര്‍ക്കാറിനു വേണ്ടി ക്ഷമ ചോദിച്ചത്.

വിനോദ സഞ്ചാര മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായി ആലപ്പുഴ ആര്‍ ബ്ലോക്ക് ഭാഗത്തു ഏഴോളം ഹൗസ് ബോട്ടുകള്‍ സമരാനുകൂലികള്‍ പിടിച്ചു കെട്ടുകയായിരുന്നു. കുമരകത്തു നിന്ന് ചൊവ്വാഴ്ച പുറപ്പെട്ട ബോട്ടുകള്‍ രാത്രി ആര്‍ ബ്ലോക്കില്‍ നിര്‍ത്തിയിരുന്നു. രാവിലെ അവിടെനിന്ന് യാത്ര പുനരാരംഭിച്ചപ്പോഴാണ് സമരാനുകൂലികള്‍ തടഞ്ഞത്. ബോട്ട് തടഞ്ഞതിനെ ലെവിറ്റ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊള്ളക്കാരുടെ തോക്കിനു മുന്നില്‍ പെട്ടതിന് സമാനമായ അവസ്ഥയാണുണ്ടായതെന്ന് അദ്ദേഹം പ്രതികരിച്ചു. വിനോദ സഞ്ചാരികളെ തടയുന്നത് കേരള ടൂറിസം വ്യവസായത്തിനു തന്നെ തിരിച്ചടിയാകുമെന്നും ലെവിറ്റ് പറഞ്ഞു.