Sat. Nov 21st, 2026

സുപ്രീംകോടതി വിധിക്ക് ശേഷം യാതൊരു പോലീസ് സുരക്ഷയുമില്ലാതെ ശബരിമലയിൽ പതിനെട്ടാം പടി ചവിട്ടി കയറിയ ആദ്യയുവതി എസ് പി. മഞ്ജു  മല കയറിയിട്ട് ഇന്ന് ജനുവരി 8 ന് ഒരുവർഷം പിന്നിടുന്നു.

രാഹുൽ ഈശ്വർ മുതൽ പ്രതീഷ് വിശ്വനാഥും വത്സൻ തില്ലങ്കേരിയും വരെയുള്ളവർ ഭീഷണികളും വെല്ലുവിളികളുമായും പന്തളം പഞ്ചായത്തിലെ ശശിരാജാവിനെയും ശശികലയെയും പോലെ ചിലർ ആത്മഹത്യാ ഭീഷണിയുമായും നിൽക്കുമ്പോൾ അവർക്കിടയിലൂടെ പോലീസ് സുരക്ഷയില്ലാതെ തന്നെ മലകയറുകയായിരുന്നു മഞ്ജു.

വിധിക്ക് ശേഷം സ്ത്രീകളെ പത്തനംതിട്ട ജില്ലയിൽ പോലും പ്രവേശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് എൻഎസ്എസ്- ആർഎസ്എസ് സ്പോൺസർഷിപ്പിൽ നടന്ന ശൂദ്ര ആർത്തവ ലഹളക്കാരായ സംഘികളുടെ കൊലവിളികൾക്കും ഭീകരാക്രമണങ്ങൾക്കിടയിലും വിരലിലെണ്ണാവുന്ന സ്ത്രീകളെങ്കിലും ശബരിമലയിൽ പ്രവേശിക്കും എന്ന് പ്രഖ്യാപിക്കുകയെങ്കിലും ചെയ്തത് ചെറിയകാര്യമല്ല. ഒരുപക്ഷേ സംഘികൾ ഇങ്ങനെയൊരു വെല്ലുവിളി നടത്തിയില്ലായിരുന്നെങ്കിൽ ഈ പറഞ്ഞ സ്ത്രീകളിൽ ഒരാളും അവിടെ എത്തുക പോലുംഉണ്ടാകുമായിരുന്നില്ല എന്നതാണ് വാസ്തവം. ശബരിമല വിധി നടപ്പിലാക്കിയത് വാസ്തവത്തിൽ സംഘികളാണെന്ന് ആ അർത്ഥത്തിൽ പറയാം. ദൈവത്തിന്റെ നൈഷ്‌ടീകത്തെക്കുറിച്ച് പഠിക്കാൻ വിശാല ബെഞ്ച് രൂപീകരിച്ചതുപോലെ കഴിഞ്ഞ ജനുവരി 2 മുതൽ സംഘി വെല്ലുവിളിമൂലം സ്ത്രീകൾ പലതവണ കയറി നഷ്ടപ്പെട്ട നൈഷ്‌ടീകം തിരിച്ചു പിടിക്കാൻ ഫുൾബെഞ്ചിനോ ഡസ്കിനോ കഴിയുമോ എന്തോ?

മഞ്ജുവിന്റെ ശബരിമലകയറാനുള്ള മൂന്നാമത്തെ ഉദ്യമമാണ് വിജയിച്ചത്. ആദ്യം 2018 ഒക്ടോബർ 20 നും അതിന് ശേഷം മനീതി സംഘത്തോടൊപ്പം പിന്തുണയുമായി മലകയറാൻ ശ്രമിച്ച ദിവ്യാദിവാകർ, സീന യുടികെ, ലിബി സിഎസ്, അമ്മിണി കെ വയനാട് എന്നിവർക്കൊപ്പവും മഞ്ജു ഉണ്ടായിരുന്നു എന്നാൽ അന്നും എല്ലാവരെയും എരുമേലിയിൽനിന്ന് സുരക്ഷാപ്രശ്‌നം ഉന്നയിച്ച് പോലീസ് തിരിച്ചയക്കുകയായിരുന്നു.

മൂന്നാം തവണ മഞ്ജു ഒറ്റയ്ക്കാണ് പോലീസ് സുരക്ഷ ഇല്ലാതെ മലകയറിയത്. ‘നവോത്ഥാനകേരളം ശബരിമലയിലേക്ക്’ എന്ന ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മയാണ് മഞ്ജുവിനും ശബരിമല ദർശനം സാധ്യമാക്കുന്നതിന് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തത്. രാവിലെ 7.30 ന് ശബരിമല ദർശനം നടത്തിയശേഷം തിരിച്ച് നിലക്കലിൽ നിന്ന് കോട്ടയത്തേക്ക് രാവിലെ 11 മണിക്ക് ഒരു മറയുമില്ലാതെ KSRTC ബസിൽ മഞ്ജു യാത്ര ചെയ്യുമ്പോൾ ഒരൊറ്റ അയ്യപ്പഭക്തനും ബസിൽ മഞ്ജുവിനെതിരെ പ്രതിഷേധിച്ചില്ല. കോട്ടയത്തുനിന്നും മഞ്ജു ട്രെയിനിൽ കൊല്ലത്തെത്തുകയും ചാത്തന്നൂരിലെ വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു എവിടെയും മഞ്ജുവിനെ ആരും ആക്രമിച്ചില്ല. കാരണം ബസിലും ട്രെയിനിലും ഉണ്ടായിരുന്നവർ യദാർത്ഥ അയ്യപ്പഭക്തരായിരുന്നു. സംഘപരിവാറിന്റെ ആർത്തവ ലഹളാ ഗുണ്ടകളായിരുന്നില്ല. പിന്നീടാണ് ശൂദ്രലഹളക്കാർ സംഘടിച്ചെത്തി മഞ്‌ജുവിന്റെ വീടിന് നേരെ കല്ലേറ് നടത്തിയത്.

ട്വന്റി ഫോർ ചാനലിലെ ഒരു പരിപാടിക്കിടയിൽ ‘ഒരു ഫെമിനിച്ചിയും മലകയറില്ലെന്ന്’ രാഹുൽ ഈശ്വർ മഞ്ജുവിനെയും ലിബിയെയും വെല്ലുവിളിച്ചിരുന്നു. കയറിയിരിക്കുമെന്ന് അവർ തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഈ മലകയറ്റം രാഹുൽ ഈശ്വറിനും ദീപാ രാഹുൽ ഈശ്വറിനും ഡെഡിക്കേറ്റ് ചെയ്യുന്നു എന്നാണ് മലകയറിയശേഷം വീഡിയോ പുറത്തുവിട്ടുകൊണ്ട് അന്ന് മഞ്ജു പറഞ്ഞത്.

ചെങ്ങറ ഭൂസമരം, കുന്നത്തൂര്‍ സ്ക്കൂളില്‍ ദലിത് വിദ്യാര്‍ത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിച്ചതിനെതിരെ, കൊട്ടിയം മുഖത്തല ക്ഷേത്രത്തില്‍ ദലിതരെ മോഷണക്കുറ്റം ആരോപിച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനെതിരെ, കൊല്ലം ഗസ്റ്റ് ഹൗസ് മാനേജരെ ചൂലിനടിച്ചത് തുടങ്ങി നിരവധിയായ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിച്ച ചരിത്രമാണ് മഞ്ജുവിനുള്ളത്.

ആണധികാര ജാത്യാധികാര വ്യവസ്ഥയില്‍ തൊഴിലിടങ്ങളിലെ ജാതിസ്ത്രീയുടെ അനുഭവങ്ങള്‍ ദുരിതങ്ങളാണ്. തന്റെ തൊഴില്‍ സ്ഥലത്ത് നേരിട്ട ജാതിയ ലൈംഗീക പീഡനങ്ങള്‍ക്കെതിരെ പരാതി നല്‍കിയ കൊല്ലം ആശ്രാമം ഗസ്റ്റ് ഹൌസിലെ ദളിത് ജീവനക്കാരിയെ ജാതീയമായും ശാരീരികമായും ഉപദ്രവിച്ചതിനു പുറമേ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയത് തുടര്‍ നടപടികള്‍ക്കൊരുങ്ങിയപ്പോഴാണ് അന്ന് മഞ്ജു ചൂലെടുത്തത്. അതോടെയാണ് ദളിത് ആക്ടിവിസ്റ്റ് എന്നനിലയിൽ മഞ്ജു ശ്രദ്ധിക്കപ്പെട്ടത്.

നാലുവര്‍ഷമായി ഔദ്യോഗിക സ്ഥലത്ത് പീഡനമനുഭവിയ്ക്കുന്ന ദളിത് ജീവനക്കാരി നല്‍കിയ ഒരു പരാതിപോലും മാനേജര്‍ സ്വീകരികയോ, പരാതി ലഭിച്ചതായി രേഖപ്പെടുത്തുകയോ, മേലധികാരികള്‍ക്ക് നല്‍കുകയോ ഉണ്ടായില്ല. മറിച്ച് ഉചിതമാര്‍ഗ്ഗേനയല്ലാതെ (മാനേജര്‍ വഴിയല്ലാതെ) ഉന്നതാധികാരികള്‍ക്ക് പരാതി സമര്‍പ്പിച്ചതിന്റെ പേരില്‍ ജീവനക്കാരിക്കെതിരെ ശിക്ഷാ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് അന്ന് ചൂല്‍ പ്രതിഷേധം നടന്നത്.

‘ചൂല്‍’ സമരം കേരളീയ പൊതു സമൂഹവും മുഖ്യധാര മാധ്യമങ്ങളും ഒറ്റക്കെട്ടായി എതിര്‍ത്തു. സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ അറസ്റ്റിലാവുകയും ജാമ്യം ലഭിയ്ക്കാതെ മഞ്ജുവും സഹപ്രവർത്തകരും ഒരു മാസത്തിലേറെക്കാലം ജയിലിൽ കിടക്കുകയും ചെയ്തു. കൊലപാതകികള്‍ക്കും ഗുണ്ടകള്‍ക്കും അഴിമതിക്കാര്‍ക്കും നിസ്തുലമായി ജാമ്യവും പരോളും ശിക്ഷയില്‍ ഇളവും അനുവദിയ്ക്കപ്പെടുന്ന ഒരു നീതിന്യായ വ്യവസ്ഥിതിയില്‍ നിന്നാണ് ഈ നടപടി അന്നും ഉണ്ടായത്. ഹൈക്കോടതിയാണ് പിന്നീട് ഇവര്‍ക്ക് ജാമ്യം നല്‍കിയത്.

സ്ത്രീ പീഡനങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണങ്ങള്‍ ഇല്ലാത്തതാണ് സ്ത്രീ പീഡനം വര്‍ദ്ധിയ്ക്കുന്നതിന് ഒരു കാരണം എന്നുറപ്പിച്ചു പറഞ്ഞ അതേ ഫെമികളും മുഖ്യധാരാ രാഷ്ട്രീയക്കാരും ‘കറുത്ത’ സ്ത്രീകള്‍ ചൂല് കൊണ്ട് പ്രതികരിച്ചപ്പോള്‍ അതിനെതിരെ പ്രതിഷേധവുമായിറങ്ങി. ഗുണ്ടാ ആക്രമണങ്ങള്‍, രാഷ്ട്രീയ കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, സ്ത്രീധന മരണങ്ങള്‍, ബാലപീഡനങ്ങള്‍, പെണ്‍വാണിഭങ്ങള്‍ ഇങ്ങനെ സമൂഹത്തിന്റെ തിന്‍മകള്‍ക്കെല്ലാറ്റിനുമെതിരെ നിശ്ബ്ദമായിരിക്കുയോ അധര വ്യായാമങ്ങള്‍ മാത്രം നടത്തുകയോ ചെയ്യുന്ന കേരളീയ സിവില്‍ സമൂഹവും മാധ്യമങ്ങളും ‘ചൂല്’ സമരത്തിനെതിരെ അന്നും ശബരിമല സ്ത്രീപ്രവേശന സമരത്തോടെന്നപോലെ വീറോടെ പ്രതികരിച്ചു. അതുകൊണ്ട് മഞ്ജുവിന് ഇതിൽ പുതുമയൊന്നും തോന്നിയില്ല.

ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായും ജില്ലാ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായും കെഡിഎഫിന്റെ മഹിളാ വിഭാഗം സംസ്ഥാന പ്രസിഡന്റും ദളിത് ആക്ടിവിസ്റ്റുമായ മഞ്ജു മത്സരിച്ചിട്ടുണ്ട്.