Thu. Apr 25th, 2024

ശബരിമല സ്ത്രീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിലെ വാദം കേൾക്കാൻ 9 അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയാണ് ശബരിമല ബഞ്ചിന്റെ അദ്ധ്യക്ഷൻ. ആർ. ഭാനുമതി, അശോക് ഭൂഷൺ, നാഗേശ്വർ റാവു, എം.ശാന്തനഗൗഡർ, ബി.ആർ. ഗവായ്, എസ്.അബ്ദുൾ നസീർ, ആർ. സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ് മറ്റ് അംഗങ്ങൾ.

അതേസമയം ശബരിമല കേസിൽ വിധിയെഴുതിയ ജഡ്ജിമാർ ആരും ഒൻപതംഗ ബെഞ്ചിൽ ഇല്ല. ജസ്റ്റിസ് ആർ.എഫ് നരിമാൻ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവർ ശബരിമല കേസ് വിശാല ബെഞ്ചിന് വിടുന്നതിനെ എതിർത്തിരുന്നു. നേരത്തെ വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രമായിരുന്നു ഭരണഘടനാ ബഞ്ച് വിശാല ബഞ്ചിന് വിട്ടത്. പിന്നീട് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുഃനപരിശോധന ഹർജികളും സുപ്രീം കോടതിയുടെ വിശാല ബഞ്ച് പരിഗണിക്കാൻ കോടതി തീരുമാനിക്കുകയായിരന്നു.

മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, അന്യ മതസ്ഥനെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകൾക്കുള്ള വിലക്ക്, ദാവൂദി ബോറാ സമൂഹത്തിലെ സ്ത്രീകളുടെ ചേലാ കർമം എന്നീ വിഷയങ്ങളിൽ പരിഗണനയിൽ ഇരിക്കുന്ന ഹർജികളുമായി ശബരിമല വിധിക്ക് ബന്ധമുണ്ടെന്ന് അഞ്ചില്‍ മൂന്ന് ജസ്റ്റിസുമാർ നിരീക്ഷിച്ചിരുന്നു.