Sat. Nov 21st, 2026

വനിതാ ശിശുക്ഷേമ വകുപ്പിന് വേണ്ടി സർക്കാർ സ്പോൺസർ ഷിപ്പിൽ രാത്രി കുറെ സ്ത്രീകൾ റോഡിലൂടെ നടന്നും അതിന് ബദലായി കുറെ സ്ത്രീകൾ മറ്റുസമയങ്ങളിലും രാത്രി നടന്ന് ഫെയ്‌സ് ബുക്കിൽ ലൈവ് ഇട്ടും സെൽഫി എടുത്ത് പോസ്റ്റ്‌ ചെയ്തും കേരളത്തിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കി കഴിഞ്ഞതിനാൽ നമുക്ക് അഭിമാനിക്കാം. സ്ത്രീകൾക്ക് നീതിനിഷേധിക്കുന്നവർക്കെതിരെ സമരം നയിക്കുന്നത് കുറച്ച് ബുദ്ധിമുട്ടും ഭവിഷ്യത്തുകളും ഉണ്ടാക്കുന്ന കാര്യമായതിനാൽ ഈ കലാപരിപാടി വളരെ സൗകര്യമാണ് എന്നതിനാൽ ഇത് വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടേണ്ട സംഗതിയാണ്.

ഇരുവിഭാഗത്തിന്റെയും കലാപരിപാടികളുടെ റിട്ടേണുകളും ലഭിച്ചു തുടങ്ങിക്കഴിഞ്ഞു എന്നതിലും നമുക്ക് അഭിമാനിക്കാം. ഇതും ഒരു സ്ത്രീസുരക്ഷയുടെ വാർത്തയാണ്.രാത്രിയിൽ അഭയം നൽകാൻ വനിതാ പോലീസുകാർ കൂട്ടിക്കൊണ്ടുവന്ന മനോനില തെറ്റിയ സ്ത്രീയേയും പിങ്ക് പൊലീസുകാരെയും ജി.ഡി ചാർജും പൊലീസുകാരനും സ്റ്റേഷനിൽ നിന്ന് പുറത്താക്കി. അകത്തു കയറാതിരിക്കാൻ ഗ്രില്ല് താഴിട്ട് പൂട്ടി. പൊലീസിന്റെ ആട്ടിപ്പുറത്താക്കലിൽ പ്രകോപിതയായ സ്ത്രീ തനിക്ക് പിന്തുണയുമായി സർക്കാർ സ്പോണ്സർഷിപ്പിൽ നടന്നവരും അല്ലാതെ നടന്നവരും വരില്ലെന്ന ഉത്തമ ബോധ്യത്തോടെ ഉണർന്നു പ്രവർത്തിച്ചു. വനിതാ പൊലീസുകാരുടെ കണ്ണിൽ മണ്ണ് വാരി എറിഞ്ഞ ശേഷം അവർ ദേശീയപാതയിലൂടെ ഓടി. തങ്ങൾ ആട്ടിപ്പുറത്താക്കിയ സ്ത്രീയുടെ പ്രതീക്ഷിക്കാതെയുള്ള പൂഴിക്കടകനിൽ അൽപ്പനേരം പോലീസ് പതറിപ്പോയി.

പാഞ്ഞുവന്ന വാഹനങ്ങൾക്കിടയിലൂടെ ഓടിയ സ്ത്രീയെ നൈറ്റ് പട്രോൾ സംഘം പിന്നാലെയെത്തി പിടികൂടി വീണ്ടും അതേ സ്റ്റേഷനിൽ വരെ തിരിച്ചുകൊണ്ടുവന്നെങ്കിലും സ്റ്റേഷനിൽ കയറ്റിയില്ല. ഇവിടെയാകട്ടെ, വനിതാ പൊലീസും ഉണ്ടായിരുന്നില്ല. കൊണ്ടുപോയ്ക്കോ എന്ന് പറഞ്ഞായിരുന്നു നൈറ്റ് പട്രോൾ സംഘത്തിനോട് സ്റ്റേഷൻ ചാർജ്ജ് കാരുടെ രണ്ടാമത്തെ ആട്ടി പുറത്താക്കൽ. എന്ത് ചെയ്യണമെന്നറിയാതെ സ്ത്രീയുമായി വെളുക്കുവോളം അങ്ങോട്ടുമിങ്ങോട്ടും കറങ്ങിയ പിങ്ക് പൊലീസ് ഒടുവിൽ ആറ് മണിക്കൂറിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

‘സുരക്ഷിത’ എന്ന സ്ത്രീ സുരക്ഷാ പദ്ധതി പരീക്ഷിക്കുന്ന കൊല്ലം ജില്ലയിലെ ചവറ പൊലീസ് സ്റ്റേഷനിൽ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ഒരു രാത്രി മുഴുവൻ മനോനില തെറ്റിയ സ്ത്രീയുമായി രണ്ട് വനിതാ പൊലീസുകാരുടെ നെട്ടോട്ടവും ഇവരെ പുറത്താക്കിയ പൊലീസുകാരുടെ നടപടിയും ആരോരുമറിയാതെ പോലീസും മാധ്യമങ്ങളും ഒതുക്കി തീർത്തു.

സംഭവത്തിൻറെ തുടക്കം ഇങ്ങനെ, കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ നീണ്ടകര ഹാർബറിന് സമീപം ഒരു സ്ത്രീ കൊടുവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി കൊല്ലം സിറ്റി പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരു കോൾ വന്നു. ‘സുരക്ഷിത’ എന്ന സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായി രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പട്രോൾ പൊലീസിന് കൺട്രോൾ റൂമിൽ നിന്ന് സന്ദേശം കൈമാറി. ഡ്രൈവറുൾപ്പെടെ രണ്ടുപേർ മാത്രമുണ്ടായിരുന്ന പിങ്ക് പട്രോൾ നീണ്ടകരയിലേക്ക് കുതിച്ചു.

നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ വാളുവീശി അക്രമഭാവത്തിലായിരുന്നു അവർ. മദ്ധ്യവയസ്കയെ പിങ്ക് സംഘം നേരിട്ടു. വനിതാപൊലീസുകാർ അനുനയത്തിലൂടെ ആശ്വസിപ്പിച്ച് കൊടുവാൾ വാങ്ങി.വനിതാപൊലീസുകാരികളുടെ അടുത്ത് അനുസരണയോടെ നിന്ന അവരെ പിങ്ക് പൊലീസ് വാഹനത്തിൽ കയറ്റി. അപ്പോൾ വയർലസ് സന്ദേശമെത്തി. സ്ത്രീയെ ചവറ സ്റ്റേഷനിലെത്തിക്കാൻ.

നമ്മുടെ പിങ്ക് സ്ത്രീയുമായി പതിനാന്ന് മണിയോടെ ചവറ സ്റ്റേഷനിലെത്തി. ജി.ഡി ചാർജും പാറാവുകാരനും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. സ്ത്രീയെ ജി.ഡി ചാർജിന് മുന്നിലെ കസേരയിലിരുത്തി പിങ്കുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.ചവറ തെക്കുംഭാഗം സ്വദേശിനിയാണെന്നും വിധവയാണെന്നും രണ്ട് മക്കളുണ്ടെന്നും അവർ പറഞ്ഞു. വീട്ടുകാരെയോ ബന്ധുക്കളെയോ അറിയിച്ച് ഇവരെ മടക്കി അയക്കാനോ ചികിത്സ നൽകാനോ സഹായിക്കണമെന്ന് പിങ്ക് പൊലീസ് അഭ്യർത്ഥിച്ചു. ജി.ഡി ചാർജ് അത് നിരസിച്ചു. സ്ത്രീക്ക് നേരെ ജി.ഡി. തട്ടിക്കയറി. പിങ്കിനെയും സ്ത്രീയേയും പുറത്താക്കി ഗ്രിൽ അടച്ചു.

ഇതുകണ്ട് മനസ് തകർന്ന സ്ത്രീ പിങ്കുകാരുടെ മുഖത്ത് മണ്ണ് വാരി എറിഞ്ഞ് ഓടുകയായിരുന്നു. പിങ്ക് പിന്നാലെ പാഞ്ഞു.വയർലസിലൂടെ പിങ്ക് സന്ദേശം കൈമാറി. സന്ദേശം കേട്ട ചവറയിലെ നൈറ്റ് പട്രോൾ സംഘം പാഞ്ഞെത്തി അരകിലോമീറ്റർ അകലെവച്ച് സ്ത്രീയെ തടഞ്ഞ് ജീപ്പിൽ കയറ്റി വീണ്ടും ചവറ സ്റ്റേഷനിലെത്തിച്ചു.

രാത്രി ഡ്യൂട്ടിയ്ക്ക് വനിതാ പൊലീസില്ലെന്ന കാരണത്താൽ അവരെ സ്വീകരിക്കാൻ ജി.ഡി കൂട്ടാക്കിയില്ല. ഇതിനെച്ചൊല്ലി തർക്കമായി.വിവരമറിഞ്ഞ സബ്ഡിവിഷൻ നൈറ്റ് ഓഫീസർ പൊലീസ് ആംബുലൻസിൽ സ്ത്രീയെ പിങ്കുകാർക്കൊപ്പം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. പൊലീസ് റിപ്പോർട്ടോ വൈദ്യപരിശോധനയ്ക്കുള്ള അപേക്ഷയോ ബന്ധുക്കളോ ഇല്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ പൊലീസ് വീണ്ടും കുഴഞ്ഞു. പുലർച്ചെ മൂന്നുവരെ കാത്തിരുന്നു. ഒടുവിൽ സ്ത്രീയുമായി ആംബുലൻസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി. പുലർച്ചെ അഞ്ചുമണിയോടെ സ്ത്രീയെ അജ്ഞാത രോഗികളെ പരിചരിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ പരിചരണത്തിലാക്കിയതോടെയാണ് ആറുമണിക്കൂർ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്.

സ്ത്രീ സുരക്ഷയെപ്പറ്റി കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ അസമയത്ത് സഹായം പ്രതീക്ഷിച്ചെത്തുന്ന സ്ത്രീകൾക്ക് അതൊന്നും ലഭിക്കണമെന്നില്ല. മുഴുവൻ സമയം പ്രവർത്തിക്കുന്ന സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ രാത്രിയിൽ വനിതാ പൊലീസിന്റെ സഹായം കിട്ടുന്നില്ല. രാത്രി ഡ്യൂട്ടിയ്ക്കും സ്റ്റേഷനുകളിൽ വനിതാപൊലീസുകാരുണ്ടെന്നാണ് വയ്പെങ്കിലും അങ്ങനെയൊന്നില്ല.എല്ലാ പൊലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് അരഡസൻ വനിതാ പൊലീസുകാരെങ്കിലും ഡ്യൂട്ടി നോക്കുന്നുണ്ട്. ഇവരിൽ മിക്കവരും ഓഫീസ് ജോലികളാണ് ചെയ്യുന്നത്. വൈകുന്നേരം വീട്ടിൽ പോകാനാകുന്ന ഡ്യൂട്ടികളിലാണ് വനിതാ പൊലീസുകാരിൽ മിക്കവരും ഇരിക്കുന്നത്.

അതുകൊണ്ട് പോലീസ് സുരക്ഷ ഇതൊക്കെയാണെങ്കിലും അതിനെതിരെ സമരങ്ങൾ സംഘടിപ്പിക്കുന്നതിനേക്കാൾ വനിതാസംഘടനകൾക്ക് സൗകര്യം രാത്രി നടത്തവും അടിപൊളിയായി കൂടലും ആയതിനാൽ ഇനിയുമിനിയും സൗകര്യം കിട്ടുമ്പോഴെയൊക്കെ രാത്രികളിൽ നടന്ന് ലൈവ് ഇട്ട് നമുക്ക് സ്ത്രീസുരക്ഷ ഇനിയുമിനിയും ഉറപ്പാക്കാം.വിപ്ലവ കേരളത്തിലെ സമരരൂപങ്ങളും ഇത്തരത്തിൽ നമുക്കും അധികാരികൾക്കും സൗകര്യപ്രദമായ രീതിയിൽ ഇനിയുമിനിയും പരിഷ്കരിക്കേണ്ടതുണ്ട്.