Wed. Apr 24th, 2024

ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‍ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പമ്പയിലെ ആർത്തവ പരിശോധനാകേന്ദ്രത്തിൽ പൊലീസ് തടഞ്ഞതായി പരാതി. തൃപ്​തി, അവന്തിക, രഞ്​ജു എന്നിവരെ ആർത്തവ പരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തടഞ്ഞുവെന്നാണ്​ പരാതി. പൊലീസ് അകാരണമായാണ് ആർത്തവപരിശോധനക്കായി തങ്ങളെ തടഞ്ഞതെന്ന് രഞ്ജു പറഞ്ഞു.

അതേസമയം, ആർത്തവമില്ലെന്ന് ഉറപ്പുവരുത്താനായി രേഖകൾ പരിശോധിക്കുന്നതിനായാണ്​ മൂവരെയും തടഞ്ഞത് എന്നാണ് അറിയാൻ കഴിഞ്ഞത്. രേഖകൾ പരിശോധിച്ച്​ മൂവരെയും ദർശനത്തിനായി പോകാൻ അനുവദിച്ചുവെന്ന് പൊലീസ്​ വ്യക്തമാക്കി.

നാൽപത്തിയൊന്ന് ദിവസത്തെ മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമലയിൽ ഇന്ന് രാത്രി 10ന് നടയടക്കും. പിന്നെ 30 ന് വൈകിട്ട് മകരവിളക്ക് മഹോത്സവത്തിനായാണ് നട തുറക്കുക. മണ്ഡലപൂജയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്.

ഈ വര്‍ഷത്തെ മണ്ഡലമാസത്തില്‍ ശബരിമല ദര്‍ശനത്തിനായി 36 സ്ത്രീകള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.