Tue. Jul 28th, 2026

കോഴിക്കോട് പന്തീരാങ്കാവ് പോലീസ് മാവോയിസ്റ്റ് മുദ്രകുത്തി UAPA ചുമത്തി അറസ്റ്റ് ചെയ്ത് NIA യ്ക്ക് വിട്ടുകൊടുത്ത കണ്ണൂർ യൂണിവേഴ്സിറ്റിയിലെ നിയമവിദ്യാർത്ഥി അലൻ,ജേണലിസം വിദ്യാർത്ഥി താഹ എന്നിവരെ ഉടനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ടെ പൗരസമൂഹത്തിൻറെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന പ്രതിഷേധ പരിപാടികൾ ഡോ എംഎൻകാരശ്ശേരി ഉദ്‌ഘാടനം ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയന് യാതൊരു തെളിവുമില്ലതെ രണ്ടുകുട്ടികളെ മാവോയിസ്റ്റാണെന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കാനുള്ള എന്ത് ജുഡീഎഷ്യൽ അധികാരമുള്ളതെന്ന് എംഎൻ.കാരശ്ശേരി ചോദിച്ചു. കെ. അജിത,ഡോ. ആസാദ്, കൽപ്പറ്റ നാരായണൻ,കെ.സി. ഉമേഷ് ബാബു, എൻ.പി. ചേക്കുട്ടി,പ്രമോദ് പുഴങ്കര, ജോളി ചിറയത്ത്, കെ.കെ.രമ, എം.സുൽഫത്ത് ടീച്ചർ, നടൻ ജോയി മാത്യു തുടങ്ങിയവർ പ്രതിരോധകൂട്ടായ്മയിൽ സംസാരിച്ചു.

ഈ സമരം പ്രസംഗം കഴിഞ്ഞു പിരിഞ്ഞുപോകുന്നതല്ലെന്നും അലനെയും താഹയെയും വിട്ടയക്കാതെ ഞങ്ങളിനി തെരുവിൽനിന്ന് പിന്മാറില്ലെന്നും. കേരളത്തിലെ എല്ലാ തെരുവുകളിലേക്കും ഈ സമരം വ്യാപിക്കുന്നത് ഭരണകൂടം കാണാൻ ഇരിക്കുന്നതേയുള്ളൂ എന്ന് പ്രതിരോധകൂട്ടായ്മയിൽ ഡോ.ആസാദ്പറഞ്ഞു. ഇടത് സര്‍ക്കാര്‍ യുഎപിഎ വിരുദ്ധമാണെന്ന് അറിഞ്ഞിട്ടും ആ ഗവണ്‍മെന്റിന് കീഴിലുള്ള പോലീസിന് രണ്ട് കുട്ടികളുടെ പേരില്‍ യുഎപിഎ ചുമത്താനാകുന്നുവെന്നത് നിസാരകാര്യമല്ലെന്ന് ഡോ.ആസാദ് പറഞ്ഞു. അലനും താഹയും എന്താണ് തെറ്റ് ചെയ്തത്, ഏത് ക്രിമിനല്‍ ചെയ്തിയിലാണ് പങ്കെടുത്തത്, എന്താണ് അവര്‍ക്കെതിരെ പരാതി ഉള്ളത്. ഇവിടെയാണ് യുഎപിഎ പ്രശ്‌നമാകുന്നതെന്നും ഡോ. ആസാദ് കൂട്ടിച്ചേർത്തു.

ഓരോരുത്തരെയും ചൂണ്ടി അര്‍ബന്‍ നക്‌സലാണെന്നും മാവോയിസ്റ്റ് ആണെന്നും പറയുന്ന നാട്ടു നാസിപ്പടയാണ് രാജ്യത്ത് ഇറങ്ങിയിരിക്കുന്നത്. ആ പറയുന്നതിന് താഴെ ഒപ്പുവച്ചിരിക്കുയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ എസ്എസ് മുന്നോട്ട് വയ്ക്കുന്ന ഹിന്ദുത്വരാഷ്ട്ര നിര്‍മ്മാണം എന്ന ഫാസിസ്റ്റ് അജണ്ടയ്ക്ക് ഒപ്പുചാര്‍ത്തുകയാണ് പിണറായി സര്‍ക്കാര്‍ എന്ന് ഡോ. ആസാദ് പറഞ്ഞു. 

അലന്‍ ഷുഹൈബിൻറെയും താഹയുടെയും കേസ് എന്‍ഐഎക്ക് വിട്ടുകൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് എന്നിട്ടിപ്പോള്‍ സിപിഐഎം പീലാത്തോസിനെ പോലെ കൈകഴുകുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക കെ അജിത പറഞ്ഞു. പൊതുജനം കഴുതകളല്ലെന്ന് പാര്‍ട്ടിയും സര്‍ക്കാരും മനസിലാക്കണം. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലനെയും താഹയെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സംഘടിപ്പിച്ച ജനകീയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു കെ അജിത.

ചുറ്റുപാടുമുള്ള കാര്യങ്ങള്‍ മനസിലാക്കിയതാണ് അലന്‍ ഷുഹൈബും താഹ ഫസലും ചെയ്ത തെറ്റ്. പുസ്തകം വായിക്കുന്നതും സ്വപ്‌നം കാണുന്നതും യുവതലമുറയ്ക്ക് ചെയ്യാന്‍ പറ്റാത്ത കുറ്റകൃത്യമാണോ? ഭരണത്തില്‍ ഉള്ളത് ഞങ്ങളുടെ സഖാക്കളായതിനാല്‍ നീതി ലഭിക്കുമെന്ന് അലന്റെയും താഹയുടെ വീട്ടുകാര്‍ വിശ്വസിച്ചിരുന്നു. ചുവന്ന കൊടിയും ലഘുലേഖയുമാണ് പൊലീസ് അവരുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. സിപിഎമ്മുകാരുടെ വീട്ടിലൊന്നും ചുവന്ന കൊടി ഇല്ലേ. കോഴിക്കോട്ടുകാര്‍ക്ക് ഈ കുട്ടികളെ അറിയാമെന്നും അവരെ വിട്ടയക്കുന്നത് വരെ കോഴിക്കോട്ടുകാര്‍ വെറുതെ ഇരിക്കില്ലെന്നും പ്രതിഷേധ പരിപാടിയില്‍ കെ അജിത പറഞ്ഞു. അലന്‍ ഷുഹൈബിനും താഹ ഫസലിനുമായി അമ്മമാരുടെ പ്രതിഷേധം ഇനി ഉണ്ടാകണമെന്നും അജിത കൂട്ടിച്ചേർത്തു.

കേരള സര്‍ക്കാര്‍ എന്‍ ഐ എ റിക്രൂട്ടിംഗ് ഏജന്‍സിയായി മാറിയിരിക്കുകയാണെന്ന് പ്രതിഷേധകൂട്ടയ്മയിൽ പങ്കെടുത്തുകൊണ്ട് കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യ മുഴുവന്‍ പ്രതിഷേധിച്ചപ്പോള്‍ ഏറ്റവും ശക്തമായ ശബ്ദം മലയാളികളുടേതായിരുന്നു. അതേ മലയാളികളുടെ മാതൃദേശത്ത്, പ്രിയങ്കരമായ സര്‍ക്കാര്‍ രണ്ട് കുട്ടികളെ അനാഥരാക്കിയിരിക്കുയാണെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. യുഡിഎഫ് ഭരിക്കുമ്പോള്‍ ആണ് ഈ അനീതിയെങ്കില്‍ ജനസഹസ്രങ്ങള്‍ കോഴിക്കോട് വരുമായിരുന്നു. പക്ഷേ എല്‍ഡിഎഫ് ആയിരുന്നതിനാല്‍ ഭയപ്പെട്ട് പലരും വന്നില്ലെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.

പിണറായി വിജയൻ കേരളത്തിലെ രണ്ടുകുട്ടികളെ കൊലയ്ക്ക് കൊടുക്കുന്ന പണിയാണ് ചെയ്തിരിക്കുന്നത്. രണ്ട് കുട്ടികളെ ജയിലിലടച്ചിട്ട് പത്രസമ്മേളനം നടത്തി വിധിപറയാൻ പിണറായിവിജയന് എന്തധികാരമാണുള്ളതെന്ന് കെ.സി. ഉമേഷ് ബാബു ചോദിച്ചു. ഇത്തരത്തിൽ ജനാധിപത്യ ധ്വംസനം നടത്തിയ പിണറായി വിജയനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു.

മാവോയുടെ പുസ്തകങ്ങളും ലഘുലേഖകളും വായിക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നവരെയൊക്കെ അറസ്റ്റു ചെയ്യുമെങ്കിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് ഈ മുഖ്യമന്ത്രിയെ അല്ലേ എന്ന് പത്രപ്രവർത്തകൻ എൻ പി ചേക്കൂട്ടി ചോദിച്ചു. അഞ്ചുവർഷമായി പോലീസ് നിരീക്ഷിക്കുന്ന കുട്ടികളാണത്രെ 20 വയസുള്ള അലനും താഹയും. 15 വയസിൽ തോക്കുമെടുത്ത് പാലക്കാട്ടെയും വയനാട്ടിലെയും കാട്ടിൽ കലാപമുണ്ടാക്കാൻ പോയെന്ന് പോലീസ് പറയുന്നത് വിശ്വസിക്കാൻ പിണറായി വിജയന് കലാപങ്ങളുടെ ചരിത്രമറിയാമോ എന്ന് അദ്ദേഹം ചോദിച്ചു.

You missed