Tue. Jul 28th, 2026

യു.എ.പി.എ. ചുമത്തിയതിലൂടെ രാഷ്‌ട്രീയ വിവാദമായ പന്തീരാങ്കാവ്‌ മാവോയിസ്‌റ്റ്‌ കേസ്‌ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തു. അറസ്‌റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും പാര്‍ട്ടിബന്ധത്തിലൂടെ സി.പി.എമ്മിനെ വെട്ടിലാക്കുകയും ചെയ്‌ത കേസ്‌ ക്രൈംബ്രാഞ്ച്‌ പ്രത്യേക സംഘത്തില്‍നിന്നാണ്‌ എന്‍.ഐ.എ. ഏറ്റെടുത്തത്‌. വിദ്യാര്‍ഥികളായ ഇരുവരും റിമാന്‍ഡിലാണ്‌.

അട്ടപ്പാടിയില്‍ മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലിനു പിന്നാലെയാണ്‌ മാവോയിസ്‌റ്റ്‌ അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്‌തെന്ന് ആരോപിക്കപ്പെട്ട് അലനും താഹയും അറസ്‌റ്റിലായത്‌. പ്രതികൾക്കെതിരെ യു.എ.പി.എ. ചുമത്തിയതിനെ സി.പി.ഐയും സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ടും എം.എ. ബേബിയും അടക്കമുള്ളവര്‍ ചോദ്യംചെയ്‌തു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസ്‌ നടപടിയെ ന്യായീകരിച്ചു നിയമസഭയിൽ തന്നെ രംഗത്ത് വന്നിരുന്നു.

ഇവരുടെ മാവോയിസ്‌റ്റ്‌ ബന്ധത്തിനു തെളിവുണ്ടെന്ന്‌ ഉത്തരമേഖലാ ഐ.ജി. അശോക്‌ യാദവ്‌ മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞതും വാർത്തയായിരുന്നു. അലന്റെയും താഹയുടെയും മാവോയിസ്‌റ്റ്‌ ബന്ധത്തിനു പോലീസ്‌ തെളിവുണ്ടെന്ന് ആവർത്തിച്ചതോടെ ഇരുവരെയും സി.പി.എമ്മില്‍നിന്നു പുറത്താക്കിയിരുന്നു.

സി.പി.എമ്മുമായി അടുത്ത ബന്ധമുള്ളവരാണ്‌ അലന്റെ കുടുംബം. നടി സജിതാ മഠത്തിലിന്റെ സഹോദരീപുത്രനുമാണ്‌ അലന്‍. അലനെയും താഹയെയും അറസ്‌റ്റ്‌ ചെയ്‌ത വേളയില്‍ ഒരാൾ ഓടിരക്ഷപ്പെട്ടെന്നും അയാൾ മാവോയിസ്റ്റ് നേതാവാണെന്നും അയാളെ പിടികൂടാനായിട്ടില്ലെന്നുമാണ് പോലീസ് പറഞ്ഞിരുന്നത്.

You missed