Wednesday, December 6, 2023

Latest Posts

വിചാരണയ്ക്ക് മുൻപ് തലവെട്ടാൻ ഇത് മാഹിഷ്മതി രാജ്യമല്ല പോലീസെ…!

ശാലിനി.ആർ

കുട്ടികൾക്കെതിരെയും സ്ത്രീകൾക്കെതിരെയും ഉള്ള അതിക്രമങ്ങൾ തടയാൻ ശക്തമായ നിയമങ്ങൾ നിലവിലുള്ള ഒരു രാജ്യത്ത് പോലീസ് ആൾക്കൂട്ട നീതി നടപ്പിലാക്കാൻ തുടങ്ങിയാൽ ലക്ഷകണക്കിന് വെടിയുണ്ടകൾ വേണ്ടി വരും.വിചാരണയ്ക്ക് മുൻപ് തലവെട്ടാൻ ഇത് മാഹിഷ്മതിരാജ്യമല്ല പോലീസെ;നിങ്ങൾ വാളും കൊണ്ട് നിൽക്കുന്ന ബാഹുബലിയും!

ഹൈദരാബാദിൽ കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ ഡൽഹിയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ, സൗമ്യയുടെ അമ്മ, മൂവരുടെയും പ്രതികരണം പോലീസിന് അഭിവാദ്യം പറഞ്ഞുകൊണ്ടുള്ളതാണ്. കാരണം നിയമ പാലനത്തിന്റെ ദൗർബല്യം അവർ അനുഭവത്തിൽ കണ്ടവരാണ്… !

കൃഷ്ണ പ്രിയയുടെ അച്ഛൻ പ്രതിയെ വെട്ടികൊന്നതോടെ പെൺകുട്ടികളുടെ അച്ഛന്മാരെ പേടിച്ചു ഒരു പെൺകുട്ടിയും ഉപദ്രവിക്കപ്പെടരുതാത്തതാണ്.

നിയമ വ്യവസ്ഥയിൽ വിള്ളൽ വീഴ്ത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്കും തെളിവ് കണ്ടെത്തുന്നവർക്കും വകീലൻമാർക്കും ജഡ്‌ജിക്കും ഒടുവിൽ കോടതിക്കും കഴിയും…

ശക്തമായ ഒരു നിയമസംവിധാനം നിലവിലിരിക്കുമ്പോൾ നിയമം നടപ്പിലാക്കാൻ ശക്തമായ ആളുകൾ അധികാരത്തിലില്ലെങ്കിൽ പഴി നിയമത്തിനു മാത്രമാവും…. !

ആസിഡ് അക്രമണ കേസുകളിൽ പ്രതിക്ക് വേണ്ടി ഹാജരാകുന്നില്ല എന്ന്‌ വക്കീലന്മാർ സ്വയം തീരുമാനം എടുത്തത് പോലെ ബലാത്സംഗ കേസുകളിലും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളിലും പ്രതികളെ സംരക്ഷിക്കുന്നതിന് ഹാജരാകില്ല എന്ന് തീരുമാനിച്ചാൽ തീരുന്ന ആണത്തഹുങ്ക് മാത്രമേ ഇപ്പൊ ഇന്ത്യയിൽ ഉള്ളു.

അവിടെ #ആളൂർ മോഡൽ സെലിബ്റിറ്റി ആകാൻ പോയാൽ അത്തരം നാറികളെയും വെടിവച്ചു കൊല്ലാൻ പോലീസ് തയാറാകുമോ…?

#രാജേഷ് മോഡൽ ശിശു ക്ഷേമ സമിതി ചെയർമാൻമാർ ആയാൽ അവരെ കയ്യടിച്ചു സ്വീകരിക്കുമോ…?

നിയമത്തെയും പോലീസ് വെടിയുണ്ടകളെയും ഭയമില്ലാതെ #ഉന്നാവോയിലെ എം എൽ എ അടക്കം മദിച്ചു മറിഞ്ഞു നടപ്പുണ്ട്.

നിയമം നടപ്പിലാവട്ടെ… ബലാത്സംഗത്തിനു കൊലക്കയർ വരെ വാങ്ങി കൊടുക്കാൻ ഇന്ത്യൻ നിയമം പ്രാപ്തമാണ്… അതിലേക്കെത്താൻ നടപടികൾ ശക്തമാകട്ടെ… !!!

ഒരു പരാതിക്കാരി ബലാത്സംഗ അതിജീവിത ആണെങ്കിൽ പോലും പോലീസ് ചോദിക്കുന്ന ചോദ്യം ആൾക്കൂട്ടത്തിന് അറിയേണ്ട കാര്യമില്ല.എഫ് ഐ ആർ ഇടുമ്പോൾ ചേർക്കുന്ന സെക്ഷനുകൾ ആൾക്കൂട്ടത്തിനു ബോധ്യപെടെണ്ട അവശ്യം ഇല്ല.അന്വേഷണത്തിൽ വരുത്തുന്ന വീഴ്ചകൾ ആൾകൂട്ടം ശ്രെദ്ധിക്കാറില്ല. തെളിവെടുപ്പിൽ എഴുതി ചേർക്കുന്ന പഴുതുകൾ ആൾക്കൂട്ടം കണ്ടെത്താറില്ല.പ്രതിക്ക് വേണ്ടി ഹാജരാകുന്ന വകീലന്മാർ ചോദിക്കുന്നത് എന്താണെന്ന് ആൾകൂട്ടം അന്വേഷിക്കാറില്ല. കോടതി നടത്തുന്ന.പരാമർശങ്ങൾ ആൾക്കൂട്ടത്തിനു കേൾക്കാൻ താത്പര്യമില്ല…

വിധിക്കു മുൻപേ കയ്യാലപുറത്ത് ഒരു തേങ്ങ വയ്ക്കും അങ്ങോട്ടെങ്കിൽ ശിക്ഷ ഇങ്ങോട്ടെങ്കിൽ പ്രതിയെ കല്യാണം കഴിക്കുക. നിർണായക വിധിക്കു മറുപടി പറയാൻ ആർജ്ജവമുള്ള പെണ്ണുങ്ങളെ സൃഷ്ടിക്കുന്ന എന്ത് വ്യവസ്ഥിതി ആണ്‌ ഇവിടെ നിലനിൽക്കുന്നത്…?

ശിക്ഷിച്ചാൽ ഏറ്റവും ദുർബലമായി ചേർക്കപ്പെട്ട സെക്ഷനുകൾ, തെളിവുകൾ, വിചാരണയുടെ പിൻബലം എല്ലാം ചേർന്ന് കുറ്റകൃത്യങ്ങളെ ന്യായീകരിക്കുന്ന / മറ്റുള്ളവർക്കും ആർജ്ജവം കൊടുക്കുന്ന വിധിയാവും ഉണ്ടാവുക. (ഉണ്ടായിട്ടുള്ളതും അതാണ്) അപ്പോൾ ആൾകൂട്ടം പറയും നീതി നടപ്പിലായി… !!!

ഇനി നാണം കെടാൻ തരമില്ലാതെ ആ മഹാനുഭാവന്റെ കൂടെ പോകാൻ സ്വയം വിധി ഏറ്റു വാങ്ങുമ്പോൾ ആൾകൂട്ടം പിന്നെയും പറഞ്ഞൊഴിയും അതാണ് അവളുടെ ‘വിധി’…!!

നിങ്ങൾ പരാതി കേൾക്കുന്നത് മുതൽ വിധി നടപ്പിലാക്കും വരെ വരെ വെല്ലുവിളിക്കുന്നത് നിയമത്തെ മാത്രമാണ്..!

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.