Fri. Mar 29th, 2024

ചക്കുളത്തുകാവിലെ രാധാകൃഷ്ണൻ നമ്പൂതിരിയുടെ വീട്ടുകാർ, അന്ധവിശ്വാസം പ്രചരി പ്പിച്ച്, കോടിക്കണക്കിനു പണം തട്ടിയെടുക്കുന്നതിനു വേണ്ടി മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ മനുഷ്യാവകാശമായ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞു കൊണ്ടു, 21. കിലോമീറ്റർ ചുറ്റളവിൽ നടുറോഡിൽ പൊങ്കാല ഇടുന്നതിനു് യാതൊരു മാനദണ്ഡവും പാലിക്കാതെ ആലപ്പുഴ ജില്ലാ കളക്‌ടർ അനുമതിനൽകുകയാണ്. അതോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾവഴിയും മറ്റും വലിയൊരു തുകയാണ് ഇതിനായി സർക്കാർ ഖജനാവിൽ നിന്നും ചിലവഴിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഞാൻ കഴിഞ്ഞ വിഎസ് മന്ത്രിസഭയുടെ കാലത്ത് നിരവധി പരാതികൾ നൽകിയിട്ടും യാതൊരു നടപടിയുമുണ്ടാകാതിരുന്നതിനെ തുടർന്ന് കോടതിയെ സമീപിച്ചിരുന്നു.

പബ്ലിക്ക് റോഡ് പണം വാങ്ങിയിട്ടാണ് ഈ സ്വകാര്യ ട്രസ്റ്റിൻറെ ക്ഷേത്രത്തിന് നല്കുന്നതെന്നായിരുന്നു സർക്കാരിൻറെ വിശദീകരണം. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് ഞാൻ കോടതിയിൽ പോയത്.പബ്ലിക്ക് റോഡ് വാടകയ്ക്ക് കൊടുക്കാൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി ഉത്തരവിട്ടു.ചക്കുളത്ത് കാവിലെയും ആറ്റുകാലിലെയും കുടുംബ ക്ഷേത്ര ട്രസ്റ്റിമാർ സർക്കാരിൽ സ്വാധീനം ചെലുത്തി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ പോയി.സുപ്രീംകോടതി സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് റോഡിൽ പൊങ്കാല നടത്താൻ അനുമതി നൽകാൻ കോടതിക്കാവില്ലെന്ന് ചൂണ്ടിക്കാട്ടി റോഡ് വാടകക്കയ്ക്ക് കൊടുക്കാനുള്ള അവകാശത്തിനായി സർക്കാർ സമർപ്പിച്ച ഹർജി തള്ളുകയും ചെയ്തു. അതോടൊപ്പം ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ശബ്ദമലിനീകരണത്തിനെതിരെയും ഞാൻ നൽകിയിരുന്ന ഹർജി എനിക്കനുകൂലമായി വിധിച്ചു.

എന്നാൽ നടുറോഡിൽ പൊങ്കാലയും മൈക്ക് വെച്ച് ദൈവത്തെ വിളിച്ച് അലമുറയിടുന്നതും അനുസ്യൂതം ഇന്നും തുടരുകയാണ്.നിയമ നടപടികൾക്ക് വേണ്ടിയോ അതിന് ശേഷമോ ഇവിടുത്തെ യുക്തിവീരന്മാർ ആരും എനിക്കൊപ്പം നിന്നില്ല.അന്ധവിശ്വാസത്തിനെതിരെ മലമറിക്കുന്നു എന്നുപറയുന്നവരും ആഴ്ചതോറും മത്സരിച്ച് സെമിനാർ സംഘടിപ്പിക്കുന്നവരും അന്ധവിശ്വാസകേന്ദ്രങ്ങളിൽനിന്നും ഇപ്പോൾ പൊതുനിരത്തിലേക്ക് കൂടി വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ നിയമലംഘനങ്ങൾ ഒന്നും കാണാതിരിക്കുനത്തിന്റെ യുക്തി എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലെന്ന് ആലപ്പുഴയിലെ ആദ്യകാല യുക്തിവാദിയും സാമൂഹ്യ പ്രവർത്തകനുമായ പിപി.സുമനൻ പറഞ്ഞു.ഞാൻ റിട്ടയേഡായ ഒരു അധ്യാപകനാണ്. പെൻഷനെ മാത്രം ആശ്രയിച്ചാണ് ഇപ്പോഴത്തെ ജീവിതം. അതുകൊണ്ട് വിധി നടത്തിക്കാൻ വീണ്ടും സുപ്രീംകോടതിയിൽ പോകാൻ പണമില്ലാത്തതിനാൽ ആരും ഒപ്പം ഇല്ലെങ്കിലും ഒറ്റയാൾ സമരവുമായി പൊങ്കാലയ്‌ക്കെതിരെ ഇത്തവണയും എത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഞാൻ സംസ്ഥാനകമ്മറ്റി അംഗമായിട്ടുള്ള സംഘടനയിലും മറ്റുപല സംഘടനക്കാരോടും രാഷ്ട്രീയക്കാരോടും എല്ലാം ഞാൻ വർഷങ്ങളായി ഈ വിഷയം ശ്രദ്ധയിൽ പെടുത്തിയിട്ടും ശബരിമല സ്ത്രീപ്രവേശന വിഷയത്തെപ്പോലെ ഇതും അവരുടെ വിഷയമല്ല എന്ന നിലപടാണ് സ്വീകരിച്ചിട്ടുള്ളത്. ശബരിമലയിൽ മാത്രം സ്ത്രീകൾ ചെന്നാൽ അന്ധവിശ്വാസം കൂടും എന്ന് ന്യായം കണ്ടെത്തിയവർ റോഡിൽ പൊങ്കാലയിടുന്നത് അവസാനിപ്പിച്ചാൽ അന്ധവിശ്വാസം കൂടുന്നതിനുള്ള ന്യായം കണ്ടെത്തിയിട്ടുള്ളതെങ്ങനെയെന്ന് അറിയിലെന്ന് അദ്ദേഹം പരിഹസിച്ചു.

കോടതിയിൽനിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കിലും എതിർക്കാൻ ആളില്ലാത്തതിനാൽ വാർഡ് മെമ്പർമാർ മുതൽ എംഎൽഎ മാർക്കുവരെ കൈക്കൂലികൊടുത്ത് ചക്കുളത്തുകാവിലെ രാധാകൃഷ്ണൻ നമ്പൂതിരി റോഡിലെ കലാപരിപാടി ഇപ്പോഴും തുടരുകയാണ്. അവിടെയുള്ള എൻറെ പഴയ ഒരു യുക്തിവാദി സുഹൃത്തിൽ നിന്നും അറിയാൻ കഴിഞ്ഞത് വാർഡ് മെമ്പർമാർക്ക് വരെ 50,000 രൂപ വീതം കൊടുക്കുന്നുണ്ടെന്നാണ്. അങ്ങനെ എല്ലാവരുംകൂടി വീതംവെച്ച് അന്ധവിശ്വാസത്തെ പൊതുനിരത്തിലേക്കും നമ്മുടെ വീടിൻറെ ഉമ്മറത്തേയ്ക്കും വരെ ആനയിക്കുമ്പോഴും കേരളത്തിലെ യുക്തിവാദികൾ എന്ന് അവകാശപ്പെടുന്നവർ ഇതൊന്നും കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ യുക്തിവാദികൾ ആഘോഷമാമാങ്കങ്ങളും സിനിമാറ്റിക്ക് കഥാപ്രസംഗങ്ങളും ബോട്ടിങ്ങും ട്രക്കിങ്ങും ഒക്കെ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സെലിബ്രിറ്റികളെയോ സെമിനാർ തൊഴിലാളികളെയോ ഒക്കെ മത്സരിപ്പിച്ചു പങ്കെടുപ്പിച്ചുകൊണ്ട് ആഴ്ചയോഗങ്ങളും മാസയോഗങ്ങളും നടത്തി അന്ധവിശ്വാസത്തെ നിർമ്മാർജ്ജനം ചെയ്ത് അവ ക്ഷേത്രങ്ങളിൽനിന്നും പള്ളികളിൽനിന്നുമൊക്കെ നടുറോഡിൽ വരെ എത്തിച്ചിരിക്കുകയാണ്. അപ്പോഴും ഓരോ യുക്തിസഭക്കാരും വേറൊരു ജോലിക്കും പോകാത്ത വേദപുസ്തക തൊഴിലാളികളെപ്പോലെ ഇപ്പോൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന മറ്റൊരിടപെടലിനും കാണാൻ കിട്ടാത്ത സെമിനാർ തൊഴിലാളികളുടെ യുക്തിവാദ സുവിശേഷ പ്രഘോഷണങ്ങൾ എല്ലാ ആഴ്ചകളിലും മത്സരിച്ച് നടക്കുന്നുണ്ടല്ലോ എന്നതാണ് ഏക ആശ്വാസമെന്ന് അദ്ദേഹം പറഞ്ഞു.

ചക്കുകുളത്ത് കാവിലെ നടുറോഡിൽ പൊങ്കാല തടയണമെന്നാവശ്യപ്പെട്ട് ഞാൻ നാളെ കളക്ടർക്കും എസ്‌പിക്കും പരാതി നൽകുമെന്നും നടപടിയുണ്ടായില്ലെങ്കിൽ ഇത്തവണയും കളക്ടറേറ്റ് പടിക്കൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പിപി.സുമനൻറെ ഒറ്റയാൾ സമരത്തിന് പിന്തുണയുമായി അസവർണ്ണ യുക്തിവാദി സംഘം രംഗത്ത് വന്നിട്ടുണ്ട്. പ്രതിഷേധങ്ങളും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ആലപ്പുഴയിലെ അസവർണ്ണ യുക്തിവാദികൾ പറഞ്ഞു. ചക്കുകുളത്തുകാവിലെ പൊങ്കാല ദിവസം പിപി.സുമനൻറെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യവുമായി പൊങ്കാലവിരുദ്ധ കഞ്ഞിവെക്കൽ സമരം നടക്കും. കഞ്ഞിയും കപ്പയും ഉണക്കമീൻ ചുടലുമാണ് പ്രതിഷേധമായി സംഘടിപ്പിച്ചിട്ടുള്ളത്.