Sun. Nov 22nd, 2026

വിദ്യാര്‍ഥികളായ രണ്ട് പാര്‍ട്ടി മെമ്പർമാരെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു എ പി എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ സി പി എം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ തീവ്രവാദികളാണോ? മാവോയിസ്റ്റുകളുമായി ബന്ധമുണ്ടോ? എന്നതു സംബന്ധിച്ചാണ് പാർട്ടി കമ്മീഷൻ അന്വേഷിക്കുക.

കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളാണ് അന്വേഷണം നടത്തുന്നത്. വിദ്യാര്‍ത്ഥികളുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിച്ചു ഇവര്‍ റിപ്പോര്‍ട്ട് ഏരിയാകമ്മറ്റിക്ക് കൈമാറും. പാര്‍ട്ടി നേതാക്കളില്‍നിന്നും പ്രവര്‍ത്തകരില്‍നിന്നും ഇവര്‍ തെളിവുകള്‍ ശേഖരിച്ചു. റിമാന്‍ഡില്‍ കഴിയുന്ന താഹ ഫസല്‍ സി.പി.എം. പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റിയിലും അലന്‍ ഷുെഹെബ് മീഞ്ചന്ത െബെപാസ് ബ്രാഞ്ച് കമ്മിറ്റിയിലും അംഗങ്ങളാണ്. ഇരുവരും പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരുമാണ്. പാര്‍ട്ടി കുടുംബമാണ് ഇവരുടേത്. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ രണ്ടുപേരും അറസ്റ്റിലായെങ്കിലും ഇവര്‍ക്കെതിരേ പാര്‍ട്ടി തലത്തില്‍ നടപടിയൊന്നും വന്നിട്ടില്ല.

വിഷയം ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി ഇന്ന് അടിയന്തര യോഗം ചേരുന്നുമുണ്ട്. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. പാര്‍ട്ടി തലത്തില്‍ നടപടി വന്നാല്‍ ഇരുവരും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടും. അങ്ങിനെ വന്നാല്‍ പോലീസ് കൂടുതല്‍ ശക്തമായ അന്വേഷണത്തിലേക്കു നീങ്ങും. പ്രതികള്‍ ഒറ്റപ്പെടുകയും ചെയ്യും. അത് ഒഴിവാക്കാനാണു നടപടിയെടുക്കുന്നതു പരമാവധി നീട്ടിക്കൊണ്ടുപോകുന്നത്. നേരത്തേ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായതിന് പിന്നാലെ മന്ത്രിമാര്‍ അടക്കമുള്ള സി.പി.എം. നേതാക്കള്‍ ഇവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 

പാര്‍ട്ടി സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിലവില്‍ അലന്റെയും താഹയുടെയും കുടുംബങ്ങള്‍. യുഎപിഎ ചുമത്തിയതിനെതിരേ സിപിഐ യില്‍ നിന്നും ഉള്‍പ്പെടെ വലിയ പ്രതിഷേധം ഉയരുമ്പോഴും സര്‍ക്കാര്‍ അറസ്റ്റുമായി നീങ്ങുകയാണ്. അതേസമയം അറസ്റ്റിലായ അലന്‍ ഷുെഹെബിനും താഹ ഫസലിനും മാവോയിസ്റ്റ് നേതൃത്വവുമായി ബന്ധമുണ്ടെന്നു സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിനു ഇതുവരെ തെളിവു ലഭിച്ചിട്ടില്ല. ഇപ്പോള്‍ ലഭിച്ച തെളിവുകള്‍വച്ച് യു.എ.പി.എ. നിലനില്‍ക്കുമെന്നാണു പ്രോസിക്യൂഷനും പോലീസും വിലയിരുത്തുന്നത്.

പാര്‍ട്ടി മെമ്പർഷിപ്പ് ഉള്ള രണ്ടു പേർ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ വിവാദത്തിലായതോടെ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ഇരുവരേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കലാണ് എളുപ്പവഴി എന്നതിനാൽ അതിനുള്ള ശ്രമങ്ങൾ സിപിഎം തുടങ്ങി എന്നുവേണം അനുമാനിക്കാൻ.

അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വിദ്യാര്‍ഥികള്‍ക്ക് പ്രതികൂലമായാല്‍ അത്‌ ശശി എം എൽ എ യുടെ തീവ്രത അളന്നതുപോലെ ആയിരിക്കില്ല. സ്ത്രീ പീഡനത്തിൻറെ തീവ്രതയേക്കാൾ ഗൗരവമേറിയതാണ് കമ്യൂണിസ്റ്റ് തീവ്രത എന്നതുകൊണ്ട് ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായേക്കുമെന്നാണ് പാർട്ടിപ്രവർത്തകർ തന്നെ ട്രോളുന്നത്.