വാളയാറില്‍ പ്രയാപൂര്‍ത്തിയാകാത്ത, സഹോദരിമാരായ ദളിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ നിയസഭയില്‍ വീണ്ടും അടിയന്തിര പ്രമേയവുമായി പ്രതിപക്ഷം. ഒരിക്കല്‍ നിയമസഭ ചര്‍ച്ച ചെയ്ത വിഷയത്തില്‍ വീണ്ടും അടിയന്തിര പ്രമേയവുമായി എത്തിയ പ്രതിപക്ഷ അംഗം വി ടി ബല്‍റാമിന് സ്പീക്കര്‍ ശ്രീരാമകൃഷ്ന്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് നിയമസഭയില്‍ ഏറെ നേരം ബഹളംവെച്ച പ്രതിപക്ഷം ഒടുക്കം ഇറങ്ങിപ്പോയി.
പാലക്കാട് മുന്‍ സിഡബ്ല്യുസി ചെയര്‍മാന്‍ വാളയാര്‍ കേസിലെ പ്രതികള്‍ക്കായി കോടതിയില്‍ ഹാജരായതും അന്വേഷണം അട്ടിമറിച്ചതുമായ സാഹചര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബല്‍റാമിന്റെ അടിയന്തിര പ്രമേയ നോട്ടീസ്. വാളയാര്‍ കേസ് നിയമസഭയില്‍ മുമ്പ് ചര്‍ച്ച ചെയ്തതാണ്. പുതിയതായൊന്നും ആകേസില്‍ നടന്നിട്ടില്ലെന്നിരിക്കെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അറിയിക്കുകയായിരുന്നു.
