Mon. Nov 23rd, 2026

✍️ സുരേഷ്.സി.ആർ

”പതിനായിരം വർഷത്തിനുശേഷം മാനവചരിത്രം അവലോകനം ചെയ്യുമ്പോൾ 19-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സംഭവമായി തിരഞ്ഞെടുക്കപ്പെടുന്നത് മാക്സ്വെൽ വൈദ്യുതകാന്തിക നിയമങ്ങൾ കണ്ടുപിടിച്ചതായിരിയ്ക്കും.” -റിച്ചാർഡ് ഫെയ്ൻമാൻ

വൈദ്യുതി, പ്രകാശം, കാന്തികത ഇവയെപ്പറ്റി പിൽകാല സിദ്ധാന്തങ്ങളിൽ പലതിനും വഴിയൊരുക്കിയ സ്കോട്ടീഷ് ഭൗതീക ശാസ്ത്രജ്ഞനാണ് മാക്സ്വെൽ(1831 – 1879). ടെലിവിഷൻ, റേഡിയോ, ടെലിഫോൺ തുടങ്ങി ആധുനിക മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമായ സുപ്രധാന കണ്ടുപിടുത്തങ്ങളുടെയെല്ലാം അടിസ്ഥാനം മാക്സ്വെലിന്റെ വൈദ്യുതകാന്തിക നിയമങ്ങളാണ്.

വൈദ്യുതകാന്തിക മേഖലയിൽ മൈക്കൽ ഫാരഡെ നടത്തിയ കണ്ടുപിടുത്തങ്ങൾക്ക് ഗണിത ഭാഷയിൽ നൽകിയ സിദ്ധാന്ത രൂപങ്ങളാണ് മാക്സ്വെലിന്റെ ഏറ്റവും വലിയ സംഭാവന. 1864-ൽ വൈദ്യുതിയും കാന്തികതയും വൈദ്യുതകാന്തിക തരംഗങ്ങളും തമ്മിലുള്ള ബന്ധവും അവയുടെ സവിശേഷതയും ലളിതമായ നാലു ഗണിത സമവാക്യങ്ങളിലൊതുക്കി മാക്സ്വെൽ ശാസ്ത്ര സമൂഹത്തെ ഞെട്ടിച്ചു.

19-ാം നൂറ്റാണ്ട് 20-ാം നൂറ്റാണ്ടിലെ ശാസ്ത്രത്തിന് നൽകിയ പ്രധാന സംഭവങ്ങളിലൊന്നായി മാക്സ്വെൽ സമവാക്യങ്ങൾ വിലയിരുത്തപ്പെടുന്നു. അടിസ്ഥാന നിറങ്ങളായ ചുവപ്പ്, പച്ച, നീല ഉപയോഗിച്ച് കളർ ഫോട്ടോ എടുക്കാമെന്ന കണ്ടുപിടുത്തം മാക്സ്വെലിന്റെതാണ്.

ചെറുപ്പംമുതലേ ഗണിതത്തിൽ അസാമാന്യ പാടവം കാണിച്ച മാക്സ്വെൽ 15-ാം വയസ്സിൽ ദീർഘവൃത്തം വരയ്ക്കുന്നതിനെപ്പറ്റി പ്രബന്ധം രചിച്ചു. 1857-ൽ ശനിയുടെ വലയങ്ങളെപ്പറ്റിയുള്ള നിരീക്ഷണത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്.

കാന്തികശക്തി അളക്കുന്നതിനുള്ള തോതിനും, ശുക്രഗ്രഹത്തിലെ ഒരു പർവതനിരയ്ക്കും ലോകത്തിലെ ഏറ്റവും വലിയ ഖഗോള ദൂരദർശിനികളിലൊന്നിനും മാക്സ്വെൽ എന്ന പേരു നൽകിയിട്ടുണ്ട്. ഭൗതീകശാസ്ത്ര ചരിത്രത്തെ മാറ്റിമറിച്ച ഐൻസ്റ്റൈന്റെ ആപേക്ഷികാസിദ്ധാത്തിന് അവലംബമായത് മാക്സ്വെലിന്റെ കണ്ടുപിടുത്തമാണ്.

വർണ്ണാന്ധതയെപ്പറ്റിയുള്ള ഗവേഷണത്തിന് ലണ്ടനിലെ റോയൽ സൊസൈറ്റിയുടെ റംഫഡ് മെഡൽ ലഭിച്ചു.