Sat. Nov 14th, 2026

ശൈലജ ടീച്ചർക്ക് ഡോ ജെ ദേവികയുടെ തുറന്ന കത്ത്

കേരളത്തിൽ നവോത്ഥാനം പുനരവതരിച്ചു എന്ന പ്രഖ്യാപനം നടന്നിട്ട് ഏതാണ്ട് ഒരു വർഷമാകുന്നു. ആ പ്രഖ്യാപനം വെറും കാര്യംകാണൽ മാത്രമായിരുന്നുവെന്നതിനുള്ള തെളിവ് അതിനു ശേഷം കൂടിക്കൂടി വന്നിട്ടേയുള്ളൂ. നിങ്ങളുടെ വനിതാമതിലിൽ ആവേശത്തോടെ വന്ന് ബൊമ്മകളെപ്പോലെ നിന്നുതന്ന സ്ത്രീകൂട്ടായ്മകൾ മുഴുവൻ ഇളിഭ്യരായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് പൊതുവെ കാണാനുള്ളത്. ഇതിനിടയിൽ നിങ്ങൾ ചെയ്യാൻ ശ്രമിക്കുന്നതും കുറേയൊക്കെ വിജയം കണ്ടിട്ടുമുള്ള കാര്യങ്ങളെ മുഴുവനും അപ്രത്യക്ഷവും നിഷ്പ്രഭവും ആക്കുന്ന പ്രവർത്തനങ്ങളാണ് കേരളാപോലീസ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഈ ചിത്രങ്ങൾ ഒന്നു ശ്രദ്ധിക്കൂ, മാഡം. ശരി. പ്രതിഷേധം നടത്തുന്ന സ്ത്രീ നിങ്ങൾക്കാർക്കും അഭിമതയല്ല. പക്ഷേ അവരോടു ചെയ്യുന്ന ആഭാസം എങ്ങനെ നിങ്ങൾക്കൊക്കെ കണ്ടുകൊണ്ടിരിക്കാൻ കഴിയുന്നു? പൊതുപ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടുള്ളവരല്ലേ നിങ്ങളും നിങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നവരായ ടി എൻ സീമയും മറ്റും? അന്ന് നിങ്ങളുടെയൊക്കെ മുലകളെ ഈവിധത്തിൽ ആക്രമിക്കാൻ പോലീസ് തയ്യാറായിരുന്നെങ്കിൽ കേരളം കത്തില്ലായിരുന്നോ? ഇതുപോലുള്ള അതിക്രമം അനുവദിച്ചാൽ അത് പിൽക്കാലത്ത് നിങ്ങളുടെമേലും ആകാമെന്ന ബോധം ജനാധിപത്യ മഹിളാ അസോസിയേഷന് ഉണ്ടാകാത്തതെന്താണ് ?

കേരളത്തിലെ വലതിലും ഇടതിലുമുള്ള കുലസ്ത്രീകൾക്കും മുലയുണ്ട്. ഏതു വലിയസ്ഥാനത്തിരിക്കുന്ന സ്ത്രീയ്ക്കും അതുണ്ട്, മറക്കരുത്. ഇത്തരം അതിക്രമത്തിനു നേരെ പൊതുജീവിതത്തിലുള്ള സ്ത്രീകൾ കണ്ണടച്ചാൽ നാളെ നിങ്ങളും അതിനിരയാകും. നിങ്ങളുടെയും മുലകൾ ഈവിധം ഞെരിക്കപ്പെടും, പെരുവഴിയിൽ. ഉള്ളകാലം മുഴുവൻ ഒരു രാഷ്ട്രീയകക്ഷിയും അധികാരത്തിലിരിക്കാൻ പോകുന്നില്ല, ഒരു ദിവസം നിങ്ങളും തെരുവിലേക്ക് സമരം ചെയ്യാൻ വരും.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ ഇഗ്ലണ്ടിൽ സ്ത്രീകൾ വോട്ടവകാശത്തിനായി സമരം ചെയ്തപ്പോൾ അവിടുത്തെ പോലീസുകാർ പയറ്റിയ തന്ത്രങ്ങളാണ് ഇവിടുത്തെ പോലീസുകാരികൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അന്ന് പ്രതിഷേധക്കാരികൾ അതിനോടു പ്രതികരിച്ചത് ആ വഴികളിലെ സകലസർക്കാരാപ്പീസുകളുടെയും കടകളുടെയും ജനാലകളുടെ ചില്ലുകൾ തകർത്തുകൊണ്ടാണ്. ഇങ്ങനെ വഴിയിലിട്ടു ഞെരിക്കാതെ അവരെ അറസ്റ്റുചെയ്യേണ്ട അത്യാവശ്യം ഉണ്ടാക്കിക്കൊണ്ട്.

വനിതാപോലീസിനെ ഉപയോഗിച്ചു എന്നു കരുതി ഇത് ലൈംഗിക ആക്രമണം ആവില്ലെന്നാണ് പോലീസ് ഏമാന്മാർ കരുതുന്നത്. അവരുടെ പഴഞ്ചൻ മനസ്ഥിതിയിൽ അങ്ങനേ തോന്നൂ. ലൈംഗിക ഉപദ്രവം ആണുങ്ങൾ പെണ്ണുങ്ങളോടു മാത്രം ചെയ്യാവുന്ന ഒന്നല്ല. ആണുങ്ങൾ ആണുങ്ങളെത്തന്നെ ലൈംഗിക ഉപദ്രവം ചെയ്യുന്ന കാര്യം അണ്ണന്മാർക്ക് അറിഞ്ഞുകൂടെന്നു കരുതാൻ വയ്യ. അമേരിക്കയുടെ പീഡനമുറികളിൽ ഭീകരവാദികളെന്ന പേരിൽ അകപ്പെട്ട പുരുഷന്മാരെ ലൈംഗികമായി ഉപദ്രവിച്ചവരിൽ പട്ടാളക്കാരികളും ഉണ്ടായിരുന്നു. സ്ത്രീകൾ സ്ത്രീകളെയും ലൈംഗികമായി ഉപദ്രവിക്കുന്ന സാദ്ധ്യതയെ അംഗീകരിക്കുന്ന നിയമവ്യവസ്ഥകൾ ലോകത്തു പലയിടത്തുമുണ്ട്.

സിപിഎമ്മിനോട് ചേർന്നുനിൽക്കുന്ന എല്ലാ സ്ത്രീകളും പ്രത്യേകിച്ചും , പൊതുജീവിതത്തിൽ താത്പര്യമുള്ള മുഴുവൻ സ്ത്രീകൾ പൊതുവെയും കേരളാ പോലീസിനെതിരെ ശബ്ദിച്ചുകൊണ്ട് ശ്രീജയോട് ഐക്യപ്പെടേണ്ടതുണ്ട്. ഈ ചെയ്ത പോലീസുകാരികളെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട്.

ജെ ദേവിക