കൂടത്തായി കൊലക്കേസിലെ മൂന്നാം പ്രതി പ്രജുകുമാര്‍ കൂടുതല്‍ പേര്‍ക്ക് സയനൈഡ് നല്‍കിയെന്ന് പോലീസ് കണ്ടെത്തല്‍. കുറഞ്ഞ വിലയ്ക്ക് തമിഴ്നാട്ടില്‍ നിന്നുമാണ് സയനൈഡ് എത്തിച്ചു വിൽപ്പന നടത്തിയിരുന്നത്.കോയമ്പത്തൂരിൽ ആർഎസ് പുരത്ത് പട്ടുനൂൽക്കര ലൈൻ സ്വർണ്ണ പ്പണിക്കാരുടെയും അനുബന്ധ തൊഴിലുകളുടെയും സ്വർണ്ണ ബിസിനസിന്റെയും കേന്ദ്രമാണ്. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി സ്വർണ്ണപ്പണിക്കാർ ഇവിടെ ജൂവലറികൾക്ക് വേണ്ടി ജോലിചെയ്യുന്നുണ്ട്. നിരവധി കളറിംഗ്, ഡ്രംപോളിഷിംഗ് കട്ടിംഗ് സ്ഥാപനങ്ങളും. നിരവധി തൊഴിലാളികളെ ഇരുത്തി ജ്യൂവലറികളുടെ വർക്ക് പിടിച്ച് ചെയ്യുന്ന സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഇവിടെനിന്നാവും പ്രജുകുമാർ കുറഞ്ഞ വിലയ്ക്ക് സയനൈഡ് സംഘടിപ്പിച്ചിരുന്നതെന്ന് കരുതുന്നു.
കേരളത്തിൽ സയനൈഡ് വില്‍പ്പനയ്ക്കായി കോഴിക്കോട് പ്രജുകുമാറിന്റെ രഹസ്യകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. പ്രജുകുമാറിന്റെ അസാധാരണ നിലയിലുള്ള സാമ്പത്തിക വളര്‍ച്ചയും പോലീസ് അന്വേഷിക്കും.
സയനൈഡ് വ്യാപാരിയായാണ് ഇടപാടുകാര്‍ക്കിടയില്‍ പ്രജുകുമാര്‍ അറിയപ്പെട്ടിരുന്നത്. ധാരാളം പേര്‍ക്ക് ഇയാള്‍ സയനൈഡ് എത്തിച്ചുനല്‍കിയിട്ടുണ്ട്. അതിൽ യദാർത്ഥ സ്വർണ്ണപണി ചെയ്യുന്നവരും അല്ലാത്തവരുമുണ്ട്. മരുന്ന് എന്ന കോഡ് വാക്ക് ഉപയോഗിച്ചാണ് സയനൈഡ് വ്യാപാരം നടത്തിയിരുന്നത്. ആദ്യം കേരളത്തിൽ നിന്ന് തന്നെയാണ് പ്രജുകുമാര്‍ സയനൈഡ് വാങ്ങിയിരുന്നത്. എന്നാല്‍ ഇവിടെ വില കൂടിയതിനെ തുടര്‍ന്നാണ് തമിഴ്നാട്ടില്‍ നിന്ന് വാങ്ങാന്‍ തുടങ്ങിയത്.
കൂടത്തായി കേസിലെ രണ്ടാം പ്രതി മാത്യുവിനെ പരിചയമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പരിചയമില്ലെന്ന് ആദ്യം പ്രജുകുമാര്‍ കള്ളം പറഞ്ഞു. ഇത് പോലീസിന് സംശയത്തിനിടയാക്കി. തുടര്‍ന്ന് പ്രജുകുമാറിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ക്ക് സയനൈഡ് വില്‍പ്പനയുണ്ടെന്ന് വ്യക്തമായത്.