Sun. Nov 22nd, 2026

റോയിയുടെ അമ്മാവന്‍ മാത്യു മഞ്ചാടിയിലിന് മദ്യത്തില്‍ വിഷം കലര്‍ത്തിയാണ് സയനൈഡ് നല്‍കിയതെന്ന് പ്രതി ജോളിയുടെ മൊഴി. തെളിവെടുപ്പിനിടെയാണ് ജോളി ഇക്കാര്യം പറഞ്ഞത്. കൊല്ലപ്പെട്ട മാത്യു മഞ്ചാടിയുമായി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പും മദ്യപിച്ചിരുന്നു. തലേദിവസം മാത്യുവിനൊപ്പമിരുന്ന് മദ്യപിച്ചതിന് ശേഷം ബാക്കി വന്ന മദ്യത്തിലാണ് പിറ്റേന്ന് സയനൈഡ് കലര്‍ത്തി നല്‍കിയതെന്നും ജോളി വെളിപ്പെടുത്തി.

മാത്യുവിന് ഭക്ഷണത്തില്‍ കലര്‍ത്തിയാണ് സയനൈഡ് നല്‍കിയതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവായിരുന്ന റോയി തോമസിന് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയാണ് നല്‍കിയത്. ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച റോയി ശുചിമുറിയിലേക്ക് പോകുംവഴി ഇടനാഴിയില്‍ വീണ ശേഷമായിരുന്നു മരണമെന്നും ജോളി പറഞ്ഞു.

ബാത്ത്‌റൂമിലാണ് റോയ് മരിച്ചുകിടന്നതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ശുചിമുറിയുടെ കതക് അകത്ത് നിന്ന് കുറ്റിയിട്ടിരിക്കുകയായിരുന്നെന്നും ജോളി പറഞ്ഞിരുന്നു. ജോളിക്ക് സയനൈഡ് കൈമാറിയത് പൊന്നാമറ്റം വീട്ടില്‍ വച്ചാണെന്ന് രണ്ടാം പ്രതി മാത്യൂ സമ്മതിച്ചു. പൊന്നാമറ്റത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് മാത്യു ഇക്കാര്യം സമ്മതിച്ചത്.

കൂടാതെ തന്റെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ മൂന്നു തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ജോളി മൊഴി നല്‍കി. ഒരു തവണ ഇതിന് ഷാജു സഹായിച്ചു. മൂന്നു വധശ്രമങ്ങളെ കുറിച്ചും ഷാജുവിന് അറിവുണ്ടായിരുന്നു. ഒരു തവണ മരുന്നില്‍ സയനൈഡ് കലര്‍ത്താന്‍ ശ്രമിച്ചത് ഷാജുവാണ്. രണ്ടു തവണ കൊലപാതക ശ്രമം പരാജയപ്പെട്ടുവെന്നും ജോളി പറയുന്നു.

പരമ്പര കൊലയുമായി ബന്ധപ്പെട്ട് ഷാജുവിനെ ക്രൈംബ്രാഞ്ച് പല തവണ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും ചോദ്യം ചെയ്തിട്ട് വിട്ടയച്ചിരുന്നു. ഷാജുവിനെ മാപ്പുസാക്ഷിയാക്കും എന്നൊക്കെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും പോലീസ് ഒന്നും സ്ഥിരീകരിച്ചില്ല.

ജോളിയെ രാവിലെ പൊന്നാമറ്റത്തെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. രണ്ടര മണിക്കൂറോളം തെളിവെടുപ്പ് നടത്തിയ ശേഷമാണ് മഞ്ചാടിയിലെ വീട്ടില്‍ എത്തിച്ചത്. റോയിയുടെ അമ്മാവന്‍ മാത്യൂവിന്റെ മരണവുമായി ബന്ധപ്പെട്ടാണിത്. തുടര്‍ന്ന് ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചത്. ഏതാനും മിനിറ്റുകള്‍ മാത്രമാണ് ഇവിടെ തെളിവെടുപ്പ് നടന്നത്.ഷാജുവിനെയും പിതാവ് സഖറിയയേയും ചോദ്യം ചെയ്യുകയാണ്. ഷാജുവിന്റെ ഭാര്യ സിലിയുടെയും മകള്‍ ആല്‍ഫൈന്റെയും മരണവുമായി ബന്ധപ്പെട്ടാണ് തിരുവമ്പാടി സി.ഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നത്. കുട്ടിയുടെ മരണവുമായി മഹസര്‍ തയ്യാറാക്കുന്നതിനാണിത്.

2014ല്‍ ഷാജുവിന്റെ മൂത്തകുട്ടിയുടെ ആദ്യകുര്‍ബാന സ്വീകരണത്തിന്റെ സത്കാരം നടക്കുന്നതിനിടെയാണ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇളയ കുട്ടി ആല്‍ഫൈന്‍ അവശനിലയിലായത്.

തെളിവെടുപ്പ് നാലാമത്തെ ഇടമായ ദന്താശുപത്രിയില്‍ നടക്കുകയാണ്. സിലി കുഴഞ്ഞുവീണ് മരിച്ച ആശുപത്രിയാണിത്. 2016ല്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഷാജുവിന്റെ പല്ല് കാണിക്കുന്നതിനായി എത്തിയതായിരുന്നു ഇവര്‍. ഷാജു ഡോക്ടറെ കാണാന്‍ കയറിയപ്പോള്‍ പുറത്തിരിക്കുകയായിരുന്ന സിലി ജോളി കൊടുത്ത വെള്ളം കുടിച്ചതോടെ കുഴഞ്ഞുവീണുവെന്നാണ് റിപ്പോര്‍ട്ട്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനെന്ന പേരില്‍ ജോളി വിളിച്ചത് അനുസരിച്ച് ആശുപത്രിയില്‍ എത്തിയ സിലിയുടെ സഹോദരന്‍ കാണുന്നത് കാറില്‍ ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണ് കിടക്കുന്ന സിലിയെ ആണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സിലിയുടെ സഹോദരന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ്. ഷാജുവിനെ ചികിത്സിച്ചിരുന്ന ഡോക്ടറില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്.

അതിനിടെ, കൂടത്തായി മരണങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. അന്നമ്മ, ടോം തോമസ്, മഞ്ചാടി മാത്യൂ, റോയ് തോമസ് എന്നിവരുടെ മരണത്തില്‍ കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലും സിലിയുടെ മരണത്തില്‍ താമരശേരി സ്‌റ്റേഷനിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി കൊടുത്താണെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്. ആദ്യ വധശ്രമം പരാജയപ്പെട്ടിരുന്നു. രണ്ടാം തവണയാണ് കൊലപാതകം നടന്നതെന്നും ജോളി മൊഴി നല്‍കി.

ദന്താശുപത്രിയില്‍ അരമണിക്കൂറോളം നീണ്ട തെളിവെടുപ്പിനു ശേഷം ജോളിയുമായി പോലീസ് സംഘം എന്‍.ഐ.ടി ക്യാമ്പസ് പരിസരത്തേക്ക് പോയി. എന്‍.ഐ.ടിയില്‍ അധ്യാപികയാണെന്ന് അവകാശപ്പെട്ട് വര്‍ഷങ്ങളോളം ജോളി കുടുംബങ്ങളെയും നാട്ടുകാരേയും കബളിപ്പിച്ചിരുന്നു.

ജോളി ഉപയോഗിച്ചിരുന്ന ഫോണുകളില്‍ ഒന്ന് മകന്‍ റെമോ പോലീസിന് കൈമാറിയിട്ടുണ്ട്. ജോളിയുടെ കോയമ്പത്തുര്‍ യാത്രകള്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സണെ കാണാനാണെന്നും ഇവര്‍ തമ്മില്‍ നിരന്തരം ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പൊന്നാമറ്റത്തെ തെളിവെടുപ്പില്‍ പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചനയുണ്ട്.