Fri. Nov 6th, 2026

ജൂലൈ 31: കലാരംഗത്ത് ജാതീയമായ അവഗണന ഏറെ അനുഭവിക്കേണ്ടി വന്ന മദ്ദള കലാകാരൻ താമി ആശാൻറെ (1940 – 2016) ഓർമ്മ ദിനം

വിലക്കിനേയും അവഗണനയേയും അതിജീവിച്ച് വാദ്യകലയുടെ കൊമ്പും കുഴലും വാനോളം ഉയര്‍ത്തിയ താമിയാശാൻറെ ഓർമ്മദിനമാണ് ഇന്ന്. കടവല്ലൂരിന്റെ പഞ്ചവാദ്യ പെരുമ വാനോളമെത്തിച്ച കടവല്ലൂര്‍ കല്ലുംപുറം വടക്കൂട്ട് താമി ആശാന്‍ പുതിയ കാലത്തിന്റെ അദൃശ്യ വിലക്കുകളെ തൃണവല്‍ഗണിച്ച് മുന്നേറിയ കലാകാരനാണ്. കലാകാരനെ വിലയിരുത്തേണ്ടത് ജാതിയോ മതമോ മറ്റ് ഘടകങ്ങളോ അല്ലെന്ന് വീണ്ടും തെളിയിച്ചാണ് ആശാന്‍ വിടപറഞ്ഞത്. ജന്മവാസനയും പഠിക്കാനും പരിശീലിക്കാനുമുള്ള നിരന്തര ശ്രമവുമാണ് കലാകാരനെ വിജയത്തിലെത്തിക്കുന്നതെന്ന സന്ദേശമാണ് ആ ജീവിതം.

ദളിതന്‍ എന്ന കാരണത്താല്‍ പല ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ടത് ആശാനെ ഏറെ വിഷമിപ്പിച്ചിരുന്നെങ്കിലും പിന്മാറാതെ മറ്റു പല മേഖലകളിലും വിജയം കൈവരിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തമായി താമി ആശാന്‍ പറഞ്ഞിരുന്നത് 1988ല്‍ അന്നമനട പരമേശ്വരന്‍ മാരാര്‍ തിമിലയിലും കലാമണ്ഡലം താമി ആശാന്‍ മദ്ദളത്തിലും പ്രമാണികരായി ദളിതര്‍ ഉള്‍പ്പടെയുള്ളവര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിയ പഞ്ചവാദ്യസേവയാണ്.

പഠിച്ചത് പറഞ്ഞുകൊടുത്ത് വിജയിപ്പിക്കുന്നതിലുള്ള ആശാന്റെ ആത്മാര്‍ഥതയാണ് കടവല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിജയം കണ്ടത്. പഞ്ചവാദ്യസംഘം രൂപവല്‍ക്കരണത്തില്‍ പ്രധാന പങ്കുവഹിച്ചെന്ന് മാത്രമല്ല സംസ്ഥാനത്താകെ ഈ സ്കൂളിന് ഖ്യാതിനേടാന്‍ കാരണവുമായി. പഞ്ചവാദ്യസംഘം രൂപവല്‍ക്കരിച്ച 1999ല്‍ തന്നെ സ്കൂളിനെ സംസ്ഥാന യുവജനോത്സവത്തില്‍ രണ്ടാമതെത്തിച്ചു. തുടര്‍ന്ന് നാലുവര്‍ഷവും ജേതാക്കള്‍.

കടവല്ലൂര്‍ കല്ലുംപുറത്ത് വാദ്യകലാ പാരമ്പര്യമുള്ള വടക്കൂട്ട് ചേന്ദന്റെയും നീലിയുടെയും മകനായി 1940ലാണ് താമിയുടെ ജനനം. കടവല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും, പഴഞ്ഞി ഗവ. ഹൈസ്കൂളിലുമായി വിദ്യാഭ്യാസം. സ്കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ ചെണ്ടയില്‍ പരിശീലനം. 1962ല്‍ തിമില അഭ്യസിച്ചു. പിന്നീട് മദ്ദളം. കൊമ്പും കുഴലും ആശാന് വഴങ്ങുമായിരുന്നു. സ്കൂള്‍ സഹപാഠികൂടിയായ കടവല്ലൂര്‍ അരവിന്ദാക്ഷന്റെ ശിക്ഷണത്തിലായിരുന്ന മദ്ദള പഠനം. 1982 ല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു. അന്നമനട പരമേശ്വരന്‍ മാരാര്‍, ശ്രീധരന്‍ നമ്പീശന്‍ എന്നിവരില്‍നിന്നും തിമിലയിലും ചെര്‍പ്പുളശേരി ശിവനില്‍നിന്നും മദ്ദളത്തിലും പ്രത്യേക പരിശീലനം നേടി.

പാക്കനാർ പുരസ്കാരം, ഡോ.അംബേദ്കർ ഫെലോഷിപ്പ്, കലാമണ്ഡലം പുരസ്കാരം, ക്ഷേത്ര വാദ്യ സംഗീതസമിതി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.