Thu. Mar 28th, 2024

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. കുറ്റക്കാര്‍ ആരായാലും മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ സര്‍വകലാശാല ചാന്‍സ്ലര്‍ കൂടിയായ ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.ടി ജലീല്‍.

അതേസമയം മറ്റൊരു വിഷയം ചര്‍ച്ച ചെയ്യാനാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ യൂണിവേഴ്‌സിറ്റി കോളജ് വിഷയവും ചര്‍ച്ചയായി. മുന്‍കൂട്ടി തീരുമാനിച്ചിരുന്ന ഒരു കാര്യത്തിന്റെ പുരോഗതി അറിയിക്കാനാണ് എത്തിയത്. യൂണിവേഴ്‌സിറ്റി കോളജില്‍ എടുക്കേണ്ട നടപടികള്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവര്‍ നല്ല നിലയില്‍ അത് നിര്‍വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വിഷയത്തില്‍ തന്നോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സര്‍വകലാശാല വൈസ് ചാന്‍സലറോടാണ് റിപ്പോര്‍ട്ട് തേടിയതെന്നും വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ല. ചില അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. മറ്റ് ചില അധ്യാപകര്‍ക്കെതിരെയും നടപടി ആവശ്യമായി വരും. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ഗവര്‍ണറെ അറിയിക്കേണ്ട കാര്യമില്ല. സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നുവെന്ന കാര്യം ഗവര്‍ണര്‍ക്ക് അറിയാമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.