Fri. Mar 29th, 2024

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണല്‍. കെഎപി നാല് ബറ്റാലിയനിലേക്കുള്ള റിക്രൂട്ട്‌മെന്റ് ചോദ്യം ചെയ്ത് കോഴിക്കോട്ടുനിന്നുള്ള പത്ത് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവുണ്ടായത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം തങ്ങളുടേതായിരിക്കുമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്. നാലാം ബറ്റാലിയനിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ശാരീരിക ക്ഷമതാ യോഗ്യത പരീക്ഷയിലുള്‍പ്പെടെ ക്രമക്കേടുകള്‍ നടന്നുവെന്നാണ് ജൂലായ് അഞ്ചിലെ കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഹര്‍ജി തീര്‍പ്പാക്കുന്നതു വരെ ലിസ്റ്റില്‍ നിന്നും നിയമനം നടത്തരുതെന്നും കോടതി ഉത്തരവിലുണ്ട്. 

ഇതിനിടെ, ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സീല്‍ വ്യാജമെന്ന് തെളിഞ്ഞു. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ സീലാണ് ഇയാളുടെ വീട്ടില്‍ നിന്ന് പോലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്. ഇതോടെ ശിവരഞ്ജിത്ത് പിഎസ്‌സിക്ക് സമര്‍പ്പിച്ച കായിക സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന് നിഗമനത്തിലാണ് പോലീസ്.

ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സര്‍ട്ടിഫിക്കറ്റാണ് ശിവരഞ്ജിത്ത് പിഎസ്‌സിക്ക് മുന്നില്‍ ഹാജരാക്കിയിരിക്കുന്നത്. ശിവരഞ്ജിത്ത് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് പിഎസ്‌സിയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തിയാല്‍ കേസെടുക്കും. വധശ്രമക്കേസില്‍ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിനു ഒന്നാം റാങ്കും രണ്ടാം പ്രതി നസീമിനു 28-ാം റാങ്കുമാണ്.