ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി. ജമ്മു കശ്മീരും ഇന്ത്യയും തമ്മിലുള്ള പാലമാണ് ആര്‍ട്ടിക്കിള്‍ 370. അത് റദ്ദാക്കിയാല്‍ ഇന്ത്യയുമായുള്ള ബന്ധം പുനഃപരിശോധിക്കാന്‍ കശ്മീര്‍ ജനത നിര്‍ബന്ധിതരാകുമെന്നും മെഹബൂബ മുഫ്തി പറഞ്ഞു.
പി.ഡി.പിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മെഹബൂബ മുഫ്തി. ഇന്ത്യയുമായുള്ള കശ്മീരിന്റെ പാലം (ആര്‍ട്ടിക്കിള്‍ 370) നിങ്ങള്‍ തകര്‍ത്താല്‍, ഇന്ത്യയ്‌ക്കൊപ്പം തുടരണോ എന്ന് കശ്മീര്‍ ജനതയ്ക്ക് തീരുമാനിക്കേണ്ടി വരുമെന്ന് മെഹബൂബ പറഞ്ഞു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ റദ്ദാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ശ്രമം നടക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 35എ കശ്മീരിന്റെ സാമ്പത്തിക വികസനത്തിന് തടസമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അടുത്തിടെ ആരോപിച്ചിരുന്നു. ബി.ജെ.പി നേതാക്കളുടെ ഇത്തരം പ്രസ്താവനകള്‍ക്കുള്ള മറുപടിയാണ് മെഹബൂബയുടെ പ്രതികരണം.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ ഇന്ത്യയും കശ്മീരും തമ്മിലുള്ള ബന്ധം അവസാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രൊഫ. സെയ്ഫുദീന്‍ സോസും കഴിഞ്ഞ മാസം പ്രതികരിച്ചിരുന്നു. എന്തിനാണ് കശ്മീരില്‍ മാത്രം ഇത്രയധികം സൈന്യത്തെ വിന്യസിച്ചിരിക്കുന്നതെന്ന് അറിയില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ ഇന്ത്യ-കശ്മീര്‍ ബന്ധം അവസാനിക്കും. ഇത് ലക്ഷ്യം വച്ചാണ് ആര്‍.എസ്.എസ് കോടതിയെ സമീപിച്ചതെന്നും സെയ്ഫുദീന്‍ സോസ് ആരോപിച്ചിരുന്നു.