Thu. Apr 25th, 2024

✍️  പി. കെ. സജീവ്

ചരിത്രം എന്നാൽ രജാക്കന്മാരുടെഭരണ പരിഷ്‌കാരങ്ങൾ മാത്രമല്ല, പാർശ്വവൽക്കരിക്കപ്പെട്ട കീഴാള ജനതയുടേത് കൂടിയാണെന്ന് മലയാളിയെ നിരന്തരം ഓർമ്മിപ്പിച്ച ചരിത്രകാരൻ എൻ കെ ജോസുമായി ഒരു സ്നേഹസംവാദം. ഒരു നൂറ്റാണ്ടിനോട് അടുക്കുന്ന ജീവിതം ക്രിയാത്മകമായി നയിക്കുന്ന ദലിത് ബന്ധുവിന്  അഭിവാദ്യങ്ങൾ.

നമ്മൾ ഇന്ന് ചരിത്ര സംഭവങ്ങൾ എന്നു കരുതുന്ന പലതിനേയും അഭിമുഖീകരിച്ചുകൊണ്ടാണ് ദലിത് ബുന്ധുവെന്ന ജ്ഞാനാന്വേഷി നമ്മളോടൊപ്പമിരിക്കുന്നത്. ക്ഷേത്രപ്രവേശന വിളംബരം, ഗാന്ധിയുടെ കേരള സന്ദർശനം, കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സ്ഥാപനം, ഉത്തരവാദിത്വഭരണ പ്രക്ഷോഭണം, സ്റ്റേറ്റ് കോൺഗ്രസ് സ്ഥാപിച്ചു. പൊയ്കയിൽ അപ്പച്ചന്റെ മരണം, അയ്യൻകാളിയുടെ മരണം, ക്വിറ്റ് ഇന്ത്യാ സമരം, ഇന്ത്യ സ്വതന്ത്രമാകുന്നു, ഗാന്ധി വധം, പുന്നപ്ര വയലാർ സമരം, ഇന്ത്യ പരമാധികാര റിപ്പബ്ലിക് ആയത്, കേരള സംസ്ഥാന രൂപികരണം, അംബേദ്ക്കർ ബുദ്ധമതത്തിലേക്ക്, ഇടതുപക്ഷ സർക്കാർ, ഭൂപരിഷ്ക്കരണം, വിമോച സമരം, എഴുപതുകളിലെ നക്സൽ മുന്നേറ്റം, ആദിവാസി ഭൂസംരക്ഷണ നിയമം, 89-ൽ വൈക്കത്ത് മനുസ്മൃതി കത്തിക്കുന്നു. ദലിത് ഉണർവുകൾ, ആഗോളവത്ക്കരണം, മുത്തങ്ങാ സമരം, ചെങ്ങറ – അരിപ്പാ ഭൂസമരങ്ങൾ, ഭരണഘടനയടക്കം അട്ടിമറിക്കപ്പെടുന്ന ഫാസിസ്റ്റ് ഭരണക്രമത്തോടു വരെ ഇടഞ്ഞും ഇണങ്ങിയും രൂപപ്പെടുന്നതാണ് അല്ലെങ്കിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം.

രാഷട്രീയ പ്രവർത്തകൻ, സഭാപ്രവത്തകൻ, ചരിത്ര- എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ ഇടപെടുന്നതിന് അദ്ദേഹത്തിന് സാധ്യത ഒരുക്കിയത് ഈ കാലഘട്ടങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ എഴുത്തിനെയും ചിന്താ ലോകത്തേയും അവഗണിക്കാനാവില്ല. 67 വർഷമായി ഒരു പക്ഷത്തുനിന്നു കൊണ്ട് അദ്ദേഹം എഴുതുകയും പ്രസംഗിക്കുകയും ചിന്തിക്കുകയും ചെയ്യുന്നു. അതാകട്ടെ അരികു വത്കരിക്കപ്പെട്ടവരുടെ ഭാഗത്തു നിന്നുകൊണ്ടുള്ളതാണ്. അത്തരമൊരിടപെടലിന് എന്തൊക്കെ പരിമിതികൾ ഉണ്ടെങ്കിലും സവിശേഷവും ചരിത്രപരവുമായ ഒരു പ്രക്രിയയിലാണ് അദ്ദേഹം ഏർപ്പെട്ടി
ക്കുന്നതെന്ന് ഞാൻ കരുതുന്നു.

“ഇളംകുളവും ശ്രീധരമേനോനും എം ജി എസ്സും രാഘവ വാര്യരും രാജൻ ഗുരുക്കളും വെളുത്താട്ടും പറയാതെ പോയ ചില കാര്യങ്ങൾ പറയുന്നുവെന്നാണ് ദലിത് ബന്ധുവിന്റെ സമീപനത്തിന്റെ പ്രാധാന്യം. ജോസിന്റെ വിയോജന കുറിപ്പുകൾ കേരള ചരിത്ര പഠനം വിശാലവും സുഗന്ധ പൂർണ്ണവുമാക്കുന്നു ” എന്ന് ഡോ. സക്കറിയ സക്കറിയ ‘കേരള ക്രൈസ്തവരും ദലിത് ജനതയും ‘ എന്ന പുസ്തകത്തിന്റെ അവതാരികയിൽ കുറിച്ചിരിക്കുന്നത് ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു.



ചരിത്രത്തെ ജനാധിപത്യവത്കരിക്കുന്ന പ്രക്രിയക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തി എന്ന നിലയിലാണ് ഞാൻ അദ്ദേഹത്തെ വായിക്കുന്നത്. എന്നാൽ വ്യത്യസ്തമായ നിരവധി അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ എഴുത്തിനെപ്പറ്റിയുണ്ടാകുന്നുണ്ട്. അദ്ദേഹം ചരിത്രകാരനല്ല. ചരിത്ര സംഭവങ്ങളെ ലളിതമായി സമീപിക്കുന്നു. എഴുത്തിലെ വസ്തുതകളുടെ പരിമിതി ഇവയൊക്കെ ചൂണ്ടിക്കാട്ടുന്നവരുണ്ട്. ഇത്തരം അഭിപ്രായങ്ങൾ പറയുന്നവർ ചരിത്രരചനയെ പറ്റി കോൺക്രീറ്റായ ധാരണകൾ വച്ചുപുലർത്തുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം മുൻ മാതൃകയിലൂടെ പ്രവർത്തിക്കുന്നവരെ മാത്രമെ ചരിത്രകാരായി പരിഗണിക്കുകയൊള്ളു എന്നതാണ്. ഇത് ചരിത്രമെഴുത്തിലെ തന്നെ വൈവിധ്യങ്ങളെയും സവിശേഷമായ സമീപനങ്ങളെയും റദ്ദുചെയ്യുകയാണ് ചെയ്യുന്നത്. മറിച്ചു സംഭവിക്കുമ്പോൾ മാത്രമാണ് ദലിത് ബന്ധുവിനെപ്പോലെയുള്ള ഒരാളുടെ ചരിത്രമെഴുത്തിനും സാമൂഹിക വിശകലനങ്ങൾക്കും സാധ്യത ഉണ്ടാവുകയൊള്ളൂ. അപ്പോൾ മാത്രമാണ് നമ്മുടെ ചരിത്രവും സമൂഹവും കൂടുതൽ ജനാധിപത്യവത്കരിക്കപ്പെടുക.

ദലിത് ബന്ധുവിന്റെ നൂറിലധികം വരുന്ന കൃതികളെ എന്റെ വായനാനുഭവത്തിൽ നിന്നു കൊണ്ട് മൂന്നായി തിരിക്കാവുന്നതാണ്. ആദ്യത്തേത് രാഷട്രീയ രചനകൾ 1952 മുതൽ 1972 വരെയാണ് അദ്ദേഹത്തിന്റെ രാഷട്രീയ രചന കുടെ കാലം. മുതലാളിത്തം ഭാരതത്തിൽ, കോൺഗ്രസ് പതനം ഒറ്റ നോട്ടത്തിൽ, പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഉദയം, പ്രശ്നകേരളം,  ഇന്ത്യൻ സോഷ്യലിസം തുടങ്ങിയ കൃതികളിലൂടെ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെയും കേരളത്തിന്റെയും കക്ഷിരാഷ്ട്രീയ ചരിത്രത്തെ വിമർശനാത്മകമായി നോക്കിക്കാണാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്.

രണ്ടാമത് പറയേണ്ടത് അദ്ദേഹത്തിന്റെ ക്രൈസ്തവ ചരിത്രമെഴുത്തിനെപ്പറ്റിയാണ്. ആദിമ കേരള ക്രൈസ്തവർ, അർണോസ് പാതിരി, കേരളത്തിലെ സുറിയാനി സഭയുടെ ഉദ്ഭവം, ഭാരതത്തിലെ ക്രിസ്തുമതം തുടങ്ങിയ മുപ്പതിലധികം പുസ്തകങ്ങളിലൂടെ ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാ ഭാഷ, ചരിത്രം, സഭാചരിത്രം, ക്രൈസ്തവരിലെ ജാതി, ആരാധന എന്നിവ വിമർശനാത്മകമായി എഴുതാൻ അദ്ദേഹത്തിനാകുന്നുണ്ട്.



മൂന്നാമത്തേതും പ്രധാനപ്പെട്ടതുമായ അദ്ദേഹത്തിന്റെ ഇടപെടൽ ദലിത് ചരിത്ര രചനയിലാണ്. അദ്ദേഹത്തിന്റെ ദലിതെഴുത്തുകളെ രണ്ടു രീതിയിലാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഒന്ന് വ്യക്തിയുടെ ചരിത്രമാണ്. വ്യക്തിചരിത്രത്തിലൂടെ കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ ചരിത്രത്തെയാണ് വിശകലനം ചെയ്യുന്നത്. ഉദാഹരണമായി അയ്യൻകാളി, പൊയ്കയിൽ യോഹന്നാൻ ഉപദേശി, പഴശ്ശിരാജ, തച്ചിൽ മാത്തുത്തരകൻ, ദിവാൻ മൺട്രോ, രാജാകേശവദാസൻ, വേലുത്തമ്പി ദളവ, പണ്ഡിറ്റ് കറുപ്പൻ, സ്വാതി തിരുന്നാൾ, സ്വദേശാഭിമാനി.

മേൽ സൂചിപ്പിച്ച പേരുകളിൽ രാജാവും ദിവാനും ദളവയും സ്വദേശാഭിമാനിയുമാക്കെയുണ്ട്. എന്നാൽ, അവരുടെ ചരിത്രത്തെ വ്യവസ്ഥാപിത ചരിത്രയുക്തിയിലല്ല അദ്ദേഹമെഴുതിയത്. മറിച്ച് ദളിത് പക്ഷത്തായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചസ്ഥാനം.

രണ്ടാമത്തേത് ഇന്ത്യ – കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ എഴുത്തുകളാണ്. പൂനാകരാർ, ഗാന്ധി – ഗാന്ധിസം – ദലിതർ, ശിപായിലഹള, കേരള പരശുരാമൻ പുലയശത്രു, വൈക്കം സത്യാഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം, പുലയലഹള, വയലാർ ലഹള, മുത്തങ്ങാ സമരം, ശൂദ്ര ലഹള തുടങ്ങിയവ ഉദാഹരണങ്ങളാണ്.



സ്വാതന്ത്ര്യസമര കാലം മുതൽ വർത്തമാനകാലം വരെ രാജ്യത്തുണ്ടായ
സംഭവ വികാസങ്ങളെയും സമരങ്ങളെയും ദലിത് പക്ഷത്തുനിന്ന് വിശകലനം ചെയ്യാനാണ് ഇത്തരം ഗ്രന്ഥങ്ങളിലൂടെ അദ്ദേഹം ശ്രമിക്കുന്നത്.

ദലിത് ബന്ധുവിന്റെ രചനകളെ സമഗ്രമായി വിലയിരുത്താൻ എനിക്ക് സാധിച്ചിട്ടില്ല. അത്രമേൽ വിഷയവൈവിധ്യമുള്ളതും സൂക്ഷ്മവുമാണ് അദ്ദേഹത്തിന്റെ രചനാലോകം. സൂക്ഷ്മവായനയിലൂടെ അദ്ദേഹത്തിന്റെ ചിന്തകളിലെ നിരവധി സവിശേഷതകൾ നമുക്ക് കണ്ടെത്താനാകും.

‘കാണുന്നില്ലോരക്ഷരവും
എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിൻ
ചരിത്രങ്ങൾ’
എന്ന പൊയ്കയിൽ അപ്പച്ചന്റെ ആശങ്കയെ/ ചോദ്യത്തെ സാധൂകരിക്കുന്നതിനുള്ള ജ്ഞാനാന്വേഷണത്തിലാണ് ദലിത് ബന്ധു ജീവിക്കുന്നതെന്ന് പറയാം. കൂടുതലെഴുതാൻ, പറയാൻ, അതുവഴി സമൂഹത്തെ, ചരിത്രരചനയെ ഇനിയും ജനാധിപത്യവത്കരിക്കാൻ അദ്ദേഹത്തിനാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു.

ദളിത് ബന്ധു സംസാരിക്കുന്നു

അച്ഛന്‍ കുരിയാച്ചന്‍ , അമ്മ മറിയാമ്മ. അന്ന് ഇവിടെ അടുത്തെങ്ങും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ചെയ്യുന്നതിന് സൗകര്യമില്ലായിരുന്നു. ഇവിടെ അടുത്ത് ദേവിവിലാസം പ്രൈമറി സ്‌കൂള്‍, ഉല്ലല എന്‍.എസ്.എസ്.സ്‌കൂള്‍, ചേര്‍ത്തല ഗവഃഹൈസ്‌കൂള്‍, ചങ്ങനാശ്ശേരി എസ്.ബി.സ്‌കൂള്‍, തേവര സേക്രഡ് ഹാര്‍ട്ട് കോളേജ്, സെ.ആല്‍ബര്‍ട്ട്‌സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ബുദ്ധന്‍ പറഞ്ഞതുപോലെ, നമ്മള്‍ ഒന്നും ചെയ്യുന്നുമില്ല, ഒന്നും ചെയ്യാതിരിക്കുന്നുമില്ല, എല്ലാം സംഭവിക്കുന്നതുമാണ്. ഞാന്‍ ഒരു ജോലിയും ചെയ്തിട്ടില്ല, എല്ലാം വന്നുചേര്‍ന്നതാണ്. ഇവിടുത്തെ പഠിത്തം കഴിഞ്ഞ് ഞാന്‍ വാര്‍ധയില്‍ പോയി രണ്ടു വര്‍ഷം ഗാന്ധിസം പഠിച്ചു. അന്ന് അവിടെ എന്റെ അദ്ധ്യാപകരായിരുന്നു ഡോ.ലോഹ്യ, ജയപ്രകാശ് നാരായണ്‍, അശോക് മേത്ത തുടങ്ങിയവര്‍. ജയപ്രകാശ് നാരായണന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഞാന്‍ രണ്ടു വര്‍ഷം പ്രവര്‍ത്തിക്കുക കൂടി ചെയ്തു. അന്നൊന്നും അംബേദ്കറേക്കുറിച്ച് കേട്ടിരുന്നില്ല. അന്നവിടെ കമ്മ്യൂണിസം, ഗാന്ധിസം സോഷ്യലിസം എന്നിവയൊക്കെയാണ് ഞങ്ങള്‍ പഠിച്ചിരുന്നത്. അന്നത്തെ എന്റെ ദൗത്യം വിദേശത്തുപോയി ഗാന്ധിസം പ്രചരിപ്പിക്കുക എന്നതായിരുന്നു. എന്നിട്ടും സ്വതന്ത്രഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രിയും ഭരണഘടനാ ശില്‍പിയുമായ അംബേദ്കറേക്കുറിച്ച് കേട്ടിരുന്നില്ല. ഞാന്‍ പുറത്തുവന്നിട്ടാണ് അംബേദ്കറേക്കുറിച്ച് കേള്‍ക്കുന്നതുതന്നെ. അംബേദ്കര്‍ കൃതികള്‍ വായിച്ചിട്ടാണ് ഞാന്‍ ദളിത് പ്രവര്‍ത്തനങ്ങളിലേക്ക് എത്തിച്ചേരുന്നത്. അന്ന് പുസ്തകങ്ങള്‍ സുലഭമായിരുന്നില്ല. മലയാളം തീരെ ഇല്ല. പുറത്തുനിന്ന് ഇംഗ്ലീഷിലുള്ള ലേഖനങ്ങളും പുസ്തകങ്ങളുംവാങ്ങിയാണ് പഠിച്ചത്. തുടര്‍ന്ന് കേരളത്തിലെ ദളിതരേക്കുറിച്ച് പഠിക്കാന്‍ തുടങ്ങി.



കേരള ചരിത്രത്തില്‍ നവോഥാന  നായകന്മാരായി ഞാന്‍ നിരീക്ഷിക്കുന്നത് അഞ്ച് മഹാന്മാരെയാണ്. വൈകുണ്ഠസ്വാമികള്‍, ശ്രീ നാരായണ ഗുരു, അയ്യങ്കാളി, യോഹന്നാനുപദേശി, പണ്ഡിറ്റ് കറുപ്പന്‍, ഈ അഞ്ചു പേരുമില്ലായിരുന്നുവെങ്കില്‍ കേരളം ഇന്നത്തെ രൂപത്തിലെങ്കിലും ആയിത്തീരില്ലാ യിരുന്നു. 

ദളിത് പഠനത്തിലേക്ക് തിരിഞ്ഞതിനെക്കുറിച്ച്:

ഞാന്‍ വാര്‍ധയില്‍നിന്നും തിരിച്ചുവരുന്നത് ഫുള്‍ ടൈം രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടാണ്. ഞാന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റേറ്റ് കമ്മറ്റി മെമ്പറും കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു. അന്ന് പട്ടം താണുപ്പിള്ള മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മാര്‍ത്താണ്ടത്ത് ഒരു വെടിവെപ്പുണ്ടായി. രണ്ടുപേര്‍ മരിച്ചു. അത് പോലീസിന്റെ ഉത്തരവാദിത്ത്വമില്ലായ്മ യായതുകൊണ്ട് ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യ മന്ത്രി രാജിവെക്കണമെന്ന് ഞാന്‍ ഒരു പ്രമേയം കൊണ്ടുവന്നു. അന്ന് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഡോ.ലോഹ്യയും അതിനെ അനുകൂലിച്ചു. പക്ഷേ പാര്‍ട്ടിയുടെ സമ്മേളനത്തില്‍ ആ പ്രമേയം പരാജയപ്പെട്ടു. അതോടെ രാഷ്ട്രീയം ഞാന്‍ പൂര്‍ണമായും ഉപേക്ഷിച്ചു.

പഴയ കത്തോലിക്കാ കോൺഗ്രസ് കാലം:

ക്രിസ്തീയ പുസ്തകങ്ങളും ഒട്ടേറെ എഴുതിയിട്ടുണ്ടല്ലോ അതേപ്പറ്റി….
രാഷ്ട്രീയം വിട്ടതിനുശേഷം കുറേനാള്‍ ഞാന്‍ സമുദായിക പ്രവര്‍ത്തകനായിരുന്നു. കേരളത്തിലെ കത്തോലിക്കരുടെ സംഘടനയായ കത്തോലിക്ക കൊണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി കുറേ നാള്‍ പ്രവര്‍ത്തിച്ചു. പക്ഷേ അവിടേയും എനിക്ക് തൃപ്തി കിട്ടിയില്ല. ഞാന്‍ അധികം താമസിയാതെ അവിടെ നിന്നും പിരിഞ്ഞു പോന്നു. പിന്നീടാണ് ചരിത്രം പഠിച്ചുകൊണ്ടാണ് ദളിത് പ്രസ്ഥാനവുമായി അടുക്കുന്നത്.



കത്തോലിക്കാ സഭ എൻ.കെ. ജോസിനെ ഉപേക്ഷിക്കുകയായിരുന്നോ അതോ എൻകെ ജോസ് സഭയെ ഉപേക്ഷിക്കുകയായിരുന്നോ?

ഞാൻ സഭയെ ഉപേക്ഷിക്കുകയായിരുന്നു. അതിൻറെ പേരിൽ വീട്ടില്‍ നിന്നും യാതൊരു എതിര്‍പ്പും ഉണ്ടായിട്ടില്ല. സഭക്കകത്തുനിന്നും കാര്യമായ എതിര്‍പ്പുകളൊന്നും നേരിടേണ്ടതായി വന്നില്ല. ഞാന്‍ സഭയുമായിട്ടുള്ള എല്ലാബന്ധങ്ങളും വിച്ഛേദിക്കുന്നത് നിലക്കല്‍ പ്രശ്‌നത്തോടുകൂടിയാണ്. ഞാന്‍ ഡി.സി.കിഴക്കേമുറി, ജേക്കബ് പുലിക്കുന്നേല്‍, ജോണച്ചന്‍ തുടങ്ങിയവര്‍ അവിടെ ചെല്ലുകയും കുരിശ് അവിടെ കുഴിച്ചിടുകയാണ് ചെയ്തതെന്നും കണ്ടത്തി. ഞാന്‍ കുരിശിനെ പറ്റി പ്രസംഗം നടത്തുകയും നിലക്കലിനെപ്പറ്റി പുസ്തക മെഴുതുകയുമൊക്കെ ചെയ്തു. അതോടെ സഭയില്‍നിന്നും എനിക്കെതിരേ രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടായി. ഞാനതൊന്നും മൈന്‍ഡ് ചെയ്യാന്‍ പോയില്ല. വീട്ടില്‍നിന്നും എനിക്കെതിരേ പ്രതിഷേധമോ, അനുകൂലമായ സഹകരണമോ ഉണ്ടായില്ല. ഞാന്‍ എന്റേതായ വഴിക്കു നീങ്ങി. അച്ചന്മാരും മറ്റു പുരോഹിതന്മാരും എന്നോട് സംസാരിച്ചു. എന്റെ വാദമുഖങ്ങളോട് അവര്‍ക്കാര്‍ക്കും മറുപടിയില്ലായിരുന്നു. ഞാന്‍ എന്റേതായ രീതിക്കു നീങ്ങി. പിന്നെ ഞാന്‍ സഭയെ കടന്നാക്രമിക്കാനൊന്നും പോയില്ല. എന്റേതായ തീരുമാനങ്ങളില്‍ ഞാന്‍ ഉറച്ചുനിന്നു എന്നേയുള്ളൂ.

ഞാന്‍ സഭയുമായി തെറ്റിപ്പിരിയുന്നതിനു മുമ്പ് സഭയുടെ ചരിത്രം വിശദമായി പഠിച്ചു. ഇരുപത്തി ഒന്‍പത് പുസ്തകങ്ങളോ മറ്റോ അവിടേയും എഴുതി. സാമ്പ്രദായിക ചരിത്രരചനാ രീതിക്ക് വിരുദ്ധമായിട്ടാണ് ഞാന്‍ എഴുതിയത്. അതുകൊണ്ടുതന്നെ സഭയില്‍ ഒരു സ്വീകാര്യതയും അതിനുണ്ടായില്ല.

കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും കൂടിയാണ് എനിക്ക് ദളിത് ബന്ധു എന്ന് പേരിട്ടത്; പഴയ ജോസിനെ ഞാനും ഇപ്പോൾ മറന്നു

ദളിത് എന്ന പദം പ്രധാനമായും മഹാരാഷ്ട്രയിലെ ദളിത് പാന്തേഴ്‌സ് ആണ് പുറത്തുകൊണ്ടുവരുന്നത്. എഴുത്തച്ചന്റെ കൃതികളിലും മറ്റുമൊക്കെയായി മലയാളത്തില്‍ ആ പദം നേരത്തേ തന്നെയുണ്ട്. കാളിദാസന്റെ കൃതികളിലുമൊക്കെയുണ്ട്. ആ പദത്തിന് പ്രചാരണം കിട്ടിയത് മഹാരാഷ്ട്ര യിലെ ദളിത് പാന്തേഴ്‌സിനോട് കൂടിയാണ്. ഇവിടെ ഇന്ത്യന്‍ ദളിത് ഫെഡറേഷന്‍ എന്ന സംഘടന നേരത്തേ തന്നേയുണ്ട്. അതിലുള്‍പ്പെട്ടിരുന്ന കല്ലറ സുകുമാരനും പോള്‍ ചിറക്കരോടുംകൂടിയാണ് എനിക്ക് ദളിത് ബന്ധു എന്ന സ്ഥാനം തന്നത്. ഇപ്പോള്‍ എന്നെയാരും എന്‍.കെ.ജോസ് എന്ന് വിളിക്കാറില്ല. ഞാനും ആ പേരു തന്നെ ഉപയോഗിക്കുന്നു.



ദളിത് നിർവചനം

ഈ രാജ്യത്ത് ഒരുകാലത്ത് ജീവിച്ചിരുന്ന ആളുകള്‍ ആരുംതന്നെ അടിമകള്‍ ആയിരുന്നില്ല. കേരളത്തെ സംബന്ധിച്ചാണെങ്കില്‍ സംഘകാലഘട്ടത്തില്‍ ജീവിച്ചിരുന്നവരുടെ ഇടയില്‍ അടിമത്തമോ ജാതിസമ്പ്രദായമോ ഉച്ച നീചത്വമോ ഉണ്ടായിരുന്നില്ല. അതിനുശേഷം ബ്രാഹ്മണര്‍ ഇവിടെ വന്ന് അടിമത്തം അടിച്ചേല്‍പിക്കുകയും ജാതിസമ്പ്രദായം ഉണ്ടാക്കുകയും ചെയ്തു. ആ ഏര്‍പ്പാടിന്റെ ചരിത്രം ബോദ്ധ്യപ്പെടുകയും അതിന്റെ പേരില്‍ അമര്‍ഷം കൊള്ളുകയും ചെയ്യുന്ന ആളുകളാണ് യഥാര്‍ത്ഥ്യത്തില്‍ ദളിതര്‍. അതില്‍ അമര്‍ഷംകൊണ്ടാല്‍ മാത്രം പോരാ, കിട്ടുന്ന ആദ്യസന്ദര്‍ഭത്തില്‍ അതില്‍നിന്ന് പുറത്തുചാടുകയും വേണം, അല്ലാതെ കറുത്തവരെല്ലാം ദളിതരാണെന്നുപറയാന്‍ ഞാന്‍ തയ്യാറല്ല. ഇവിടെ ആകെക്കൂടി രണ്ട് ഇസങ്ങളേയുള്ളൂ, ബ്രാഹ്മണിസവും ദളിതിസവും. അവ തമ്മിലാണ് സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നത്. അത് അംഗീകരിക്കാന്‍ തയ്യാറല്ലാത്തതുകൊണ്ടാണ് ഇവിടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളൊന്നും വളരാത്തത്. 115 കോടി ജനങ്ങളുള്ള ഈ രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എത്ര ലക്ഷം ആളുകള്‍ ഉണ്ട്? ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യമാണ്, പക്ഷെ എന്തുകൊണ്ട് കമ്മ്യൂണിസം വളരുന്നില്ല? ഈ ജനതയെ ദ്രോഹിച്ചത് വര്‍ണസമ്പ്രദായവും ജാതിവ്യവസ്ഥയുമാണ്. കമ്മ്യൂണിസ്റ്റുകള്‍ക്ക് അത് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാ എന്നുള്ളതാണ്.

ദളിത് തീവ്രവാദത്തെയും വർക്കല കൊലപാതകത്തെയും കുറിച്ച് എന്തു പറയുന്നു?

വര്‍ക്കല സംഭവം എന്നുപറയുന്നത് അവിടെ യഥാര്‍ത്ഥ്യത്തില്‍ ഒരു സംഭവവും നടന്നിട്ടില്ല. അത് അവരുടെ തലയില്‍ കെട്ടിവെച്ചതാണ്. അവരു ചെയ്തതെറ്റ് അവരിലുണ്ടായിരുന്ന മദ്യപാനശീലം ഉപേക്ഷിച്ചു എന്നുള്ളതാണ്. മദ്യം ഉപേക്ഷിച്ചതോടുകൂടി അവിടെ കോളനികളിലു ണ്ടായിരുന്ന മദ്യഷാപ്പുകള്‍ പൂട്ടേണ്ടിവന്നു. മന്‍പ് തിരുവനന്തപുരത്തോ ആറ്റിങ്ങലോ ഒക്കെ പോയി 450-500 രൂപക്കൊക്കെ പണിയെടുത്തു കൊണ്ടിരുന്നവര്‍ വീട്ടില്‍ കോടുത്തിരുന്നത് 50 രൂപ മാത്രമാണ്. മദ്യം ഉപേക്ഷിച്ചതോടുകൂടി മുഴുവന്‍ കാശും അവര്‍ വീട്ടില്‍ ഏല്‍പ്പിച്ചുതുടങ്ങി. തന്നെയുമല്ല എല്ലാവരുടേയും കയ്യില്‍ കാശുമായി. അവര്‍ക്ക് ബോധമുണ്ടായപ്പേള്‍ അതുവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ടുചെയ്തു കൊണ്ടിരുന്നവര്‍ മാറ്റിച്ചെയ്യാന്‍ തുടങ്ങി. ഇതിനെതിരേ അമര്‍ഷംപൂണ്ട മദ്യഷാപ്പുടമകളും പേലീസും എക്‌സൈസുകാരുമൊക്കെച്ചേര്‍ന്ന് ചമച്ചതാണ് ഈപറയുന്ന സംഭവം. അതുകൊണ്ടാണ് ഒരുകൊലപാതകം നടന്ന് നാലുവര്‍ഷം കഴിഞ്ഞിട്ടും കുറ്റവാളിയെ കണ്ടെത്താതെ കേസ് ഫയലില്‍തന്നെ കുരുക്കിയിട്ടിരിക്കുന്നത്. യഥാര്‍ത്ഥ്യത്തില്‍ കുറ്റമാരോപിക്കുന്നവര്‍ പാവങ്ങളാണ്. ഈ കുറ്റം ചുമത്തി കുറേപ്പേരെ കൊണ്ടുപോയി തല്ലിച്ചതച്ചു. അതുകൊണ്ടെന്തായി? അവരുടെ സംഘടന ശക്തിപ്രാപിച്ചു. ഇപ്പോള്‍ വ്യക്തമായ, ശക്തമായ ഒരു സംഘടന അവര്‍ക്കുണ്ട്. 5000 വാളണ്ടിയേഴ്‌സ് ആണ് ഇപ്പോള്‍ അവര്‍ക്കുള്ളത്. അതില്‍ 1000 പേര്‍ എന്റെ ജന്മദിനത്തില്‍ ഇവിടെ വന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിന്. അവര്‍ അത് ഉത്സവമായിട്ടാണ് ആഘോഷിച്ചത്. അവര്‍ പറഞ്ഞു ഹൈന്ദവ ഉത്സവങ്ങളൊന്നും ഞങ്ങള്‍ ആഘോഷിക്കുന്നില്ല എന്ന്. ബുദ്ധന്റേയും അംബേദ്കറുടേയും അയ്യന്‍കാളിയുടേയും ജന്മദിനങ്ങള്‍ മാത്രമേ അവര്‍ ഉത്സവമായി ആഘോഷിക്കാറുണ്ടായിരുന്നുള്ളൂ. ഇനിമുതല്‍ അവര്‍ എന്റെ ജന്മദിനവും ഉത്സവമായി ആഘോഷിക്കുകയാണ് എന്നു പറഞ്ഞു. ഇപ്പോള്‍ അവര്‍ക്ക് കെട്ടുറപ്പുള്ള ഒരു സംഘടനയുണ്ട്. എന്നാണത് തല്ലിപ്പിരിയുക എന്നൊന്നും പറയുകവയ്യ. ഇവരെ എന്നും ദളിതരായി നിലനിര്‍ത്തുക എന്നത് സവര്‍ണരുടെ ആവശ്യമാണല്ലോ. ക്രിസ്ത്യാനികളായാലും ഹിന്ദുക്കളായാലും ദളിതരെ കാണുന്നത് ഒരു പ്രത്യേകരീതിയിലാണ്. ഇവിടെയുള്ള മുഴുവന്‍ മാധ്യമങ്ങളും അവര്‍ക്കെതിരാണ്. അതൊക്കെ നടത്തുന്നത് സവര്‍ണരാണല്ലോ. അവരെല്ലാവരും ചേര്‍ന്ന് ദളിതുകള്‍ ഭീകരരാണ് എന്ന് പറഞ്ഞപ്പോള്‍ ഈ മാധ്യമങ്ങള്‍ വായിക്കുന്നവരൊക്കെ അവരേക്കുറിച്ച് അങ്ങനെ ധരിച്ചു അത്രേയുള്ളൂ.

ദളിതുകളുടെ മുഖ്യമായ പ്രശ്‌നം അധികാരത്തില്‍ പങ്കാളിത്തം ഇല്ല എന്നുള്ളതാണ്. ഒരു ദളിതനും ഇന്നുവരെ അധികാരസ്ഥാനങ്ങളില്‍ എത്തിയിട്ടില്ല. എത്തിയതൊക്കെ കോണ്‍ഗ്രസിന്റേയും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടേയും ബി.ജെ.പി യുടേയുമൊക്കെ പ്രതിനിധികളാണ്. ഇവരു പറയുന്നിട്ടത്ത് കൈപൊക്കാനല്ലാതെ ഈ ദളിതു പ്രതിനിധികളെ മറ്റൊന്നിനും ഉപയോഗിക്കാറില്ല. ബ്രിട്ടീഷ് ഭരണകാലത്ത് 1935 ല്‍ അംബേദ്കര്‍ കൊണ്ടുവന്ന ആക്ടിലൂടെ ദളിതരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുവാന്‍ ദളിതര്‍ക്ക് അവകാശം ലഭിക്കുമായിരുന്നു. അതിനെ എതിര്‍ത്ത് തോല്‍പ്പിച്ചത് ഗാന്ധിയാണ്.



സഹോദരനയ്യപ്പൻ പുലയനയ്യപ്പനായതുപോലെ സവര്‍ണ ക്രിസ്ത്യാനിക്ക്‌ ദളിതനവാനാവുമോ?

ഞാന്‍ ദളിതനല്ല എന്നു പറയാന്‍ ഇപ്പറയുന്നവര്‍ക്കൊക്കെ ഒരവകാശവുമില്ല. സൈന്ധവദേശത്തുനിന്നും പലായനം ചെയ്യപ്പെട്ടവരാണ് ദളിതര്‍. അവരുടെ ഇടയില്‍ ജാതി ഉച്ചനീചത്വം അടിമത്തം തുടങ്ങിയ വ്യതിരിക്തതകളൊന്നും ഉണ്ടായിരുന്നില്ല. ആ ജനതയില്‍ പെട്ടൊരാളാണ് ഞാന്‍. അതുകൊണ്ട് ഞാന്‍ ദളിതനല്ല എന്നുപറഞ്ഞപ്പോള്‍ അകറ്റിനിര്‍ത്തപ്പെട്ട ദളിതന്റെ വേദന ഞാനും അനുഭവിച്ചു.

ദളവാക്കുളത്തേക്കുറിച്ച്?

ഇന്ന് വൈക്കത്തെ പ്രൈവറ്റ് ബസ് സ്റ്റാന്റ് ഇരിക്കുന്ന സ്ഥലമാണ് ദളവാക്കുളം. വൈക്കം ക്ഷേത്രം ബുദ്ധ ക്ഷേത്രമായിരുന്നു. അതിന്റെ തെളിവാണ്, വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്താണ് കത്തോലിക്കാ പള്ളി ഉണ്ടായിരുന്നത് എന്നതുതന്നെ. അതായത് ഇപ്പോള്‍ താലൂക്ക് ആശുപത്രി ഇരിക്കുന്നിടം. ഹിന്ദുക്ഷേത്രമായിരുന്നുവെങ്കില്‍ പള്ളി അവിടെ സ്ഥാപിക്കാന്‍ അനുവാദം കിട്ടുകയില്ലായികരുന്നു. വേലുത്തമ്പിയാണ് വൈക്കത്തുനിന്നും രണ്ടുമൈല്‍ തെക്കോട്ടുമാറി ഇപ്പോള്‍ പള്ളി ഇരിക്കുന്നിടത്തേക്ക് മാറ്റിയത്. മുമ്പ് പള്ളിയിരുന്നിടം ഒരു കച്ചവടകേന്ദ്രം കൂടിയായിരുന്നു. ഈഴവര്‍ക്കായിരുന്നു പ്രാമുഖ്യം. വടക്കുംകൂര്‍ രാജാവിന്റെ കാലത്താണ് വൈക്കം ക്ഷേത്രം ഹിന്ദുക്ഷേത്രമായി മാറ്റുന്നത്. അന്നുമുതല്‍ ഈഴവര്‍ ക്ഷേത്രത്തിനു പുറത്തായി. അവസാനത്തെ കയറ്റ് 1806-ല്‍ ആയിരുന്നു. അവിടെവെച്ച് വളരെയേറെ ഈഴവരെ വെട്ടിക്കൊന്നു. മാത്രമല്ല ഈഴവര്‍ താമസിച്ചിരുന്ന പ്രദേശങ്ങളിലേക്കാണ് പട്ടാളത്തെ പിന്നീട് അയച്ചത്. പട്ടാളം തിരിച്ചു വന്നപ്പോള്‍ ശവങ്ങള്‍ മറ്റൊരിടത്തുകൊണ്ടുപോയി കുഴിച്ചിടാന്‍ പറ്റാത്ത വിധത്തിലായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് വേലുത്തമ്പി പറഞ്ഞത് ശവങ്ങള്‍ കുളത്തില്‍ തന്നെ കുഴിച്ചുമൂടാന്‍. അത് അമ്പലക്കുളമായിരുന്നു. വേലുത്തമ്പി നിന്നാണ് അത് ചെയ്യിച്ചത്.

പഴശ്ശിരാജയെക്കുറിച്ച് ?

പഴശ്ശിരാജ യഥാര്‍ത്ഥത്തില്‍ ടിപ്പുസുല്‍ത്താനെതിരായി ബ്രിട്ടീഷു കാര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തയാളായിരുന്നു. അവസാനത്തെ യുദ്ധത്തില്‍ ശ്രീരംഗപട്ടണത്ത് ടിപ്പു ജയിക്കുമെന്നുള്ള നിലയായി. ബ്രിട്ടീഷുകാരുടെ പട്ടാളം വളരെ കുറച്ചേ അവിടെയുണ്ടായിരുന്നുള്ളൂ. അവരുടെ പട്ടാളം ബോംബേയില്‍ നിന്നും, പടിഞ്ഞാറ് തലശ്ശേരിക്കടുത്ത് കൊണ്ടുവന്നിറക്കി. അവര്‍ക്ക് ശ്രീരംഗപട്ടണ ത്തേക്ക് പോകണമെന്നുണ്ടങ്കില്‍ പഴശ്ശിയുടെ കസ്റ്റഡിയിലിരിക്കുന്ന വയനാട്ടില്‍കൂടി പോകണം. അന്ന് പഴശ്ശി അതിന് അനുവദിക്കാതിരുന്നെങ്കില്‍ സൗത്ത് ഇന്ത്യ ടിപ്പു സുല്‍ത്താന്റെ കയ്യിലാകുമായിരുന്നു. പഴശ്ശി 8000 രൂപ വാങ്ങിക്കൊണ്ട് പട്ടാളത്തെ കടന്നുപോകുവാന്‍ അനുവദിച്ചു. അങ്ങിനെയാണ് ടിപ്പു സുല്‍ത്താന്‍ മരിക്കാന്‍ ഇടയാകുന്നത്. അതിനുശേഷം പഴശ്ശി ബ്രിട്ടീഷുകാര്‍ പിടിച്ചടക്കിയ മലബാറിലെ നികുതി പിരിക്കാനുള്ള കോണ്‍ട്രാക്ട് ആവശ്യപ്പെട്ടു. അത് ബ്രിട്ടീഷുകാര്‍ കൊടുത്തില്ല. അയാളൊരു വഞ്ചകനാണെന്ന് മനസ്സിസായി. അവര്‍ക്ക് ഗുണമാണ് ചെയ്തതെങ്കിലും ആ നിലപാട് തെറ്റായിരുന്നു. അതുകൊണ്ട് പഴശ്ശിയുടെ അമ്മാവനാണ് ബ്രിട്ടീഷുകാര്‍ കോണ്‍ട്രാക്ട് കൊടുത്തത്. അന്നുമുതലാണ് പഴശ്ശി ബ്രിട്ടീഷു കാര്‍ക്കെതിരായത്. അല്ലാതെ ദേശാഭിമാനമോ രാജ്യസ്‌നേഹമോ അങ്ങനെയുള്ള യാതൊരു ചിന്തയും പഴശ്ശിക്കുണ്ടായിരുന്നില്ല. വേലുത്തമ്പിയേപ്പോലെ പഴശ്ശിയും സ്വന്തംകാര്യത്തിനുവേണ്ടി മാത്രം ബ്രിട്ടീഷുകാരെ എതിര്‍ത്തതാണ്. ഒരു മരപ്പൊത്തിലൊളിച്ചിരിക്കാന്‍ മാത്രം കുറിയവനായ ഒരു പേടിത്തൊണ്ടന്‍, അത്രയേയുള്ളൂ പഴശ്ശി രാജ.



വയലാര്‍ സമരത്തേക്കുറിച്ച്

വയലാര്‍ സമരം നടക്കുന്നത് 1946 ഒക്ടോബര്‍ 26-ആം തിയതിയാണ്. അന്ന് ഞാന്‍ ചേര്‍ത്തല ഹൈസ്‌കൂളില്‍ പഠിക്കുകയാണ്. അന്നത്തെ ഫിഫ്ത്ത് സ്റ്റാന്റേര്‍ഡ് ഇന്നത്തെ ഒമ്പതാം സ്റ്റാന്റേര്‍ഡ് ആണ്. ഞാന്‍ സാധാരണ തിങ്കളാഴ്ച രാവിലെ കടത്തുകടന്ന് തണ്ണീര്‍മുക്കത്തിറങ്ങി, വീണ്ടും നടന്നാണ് ചേര്‍ത്തലക്ക് പോയിരുന്നത്. അന്ന് തണ്ണീര്‍മുക്കം ബണ്ടുമില്ല ബസ്സുമില്ല. ഞാന്‍ അവിടെ ഒരു വാടകവീട്ടില്‍ താമസിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം ഇതുപോലെ തിരിച്ചുപോരും. ഒരു ഞായറാഴ്ചയാണ് വെടിവെപ്പു നടക്കുന്നത്. അതിന് മുമ്പത്തെ വെള്ളിയാഴ്ച അവിടെ 144 പ്രഖ്യാപിച്ചു. തിരിച്ചുപോരാന്‍ ശ്രമിച്ചപ്പോള്‍ കൂടെയാരും പോരാനില്ലാതിരുന്നതുകൊണ്ട് സാധിച്ചില്ല. ഭയമായിരുന്നു. അന്ന് ഞാനും വയലാര്‍ രാമവര്‍മ്മയും സെബാസ്റ്റിയന്‍ മങ്കുഴിക്കല്‍ – താമരശ്ശേരി ബിഷപ്പായിരിക്കവേയാണ് മരിക്കുന്നത് – ഒരുക്ലാസ്സിലാണ്. വയലാറും ഞാനും ഒരു ബെഞ്ചില്‍ത്തെന്നെ യായിരുന്നു. വെള്ളിയാഴ്ച അവരെല്ലാവരും വീട്ടില്‍ പോയി. ഞാന്‍ മുറിയില്‍ ഒറ്റപ്പെട്ടു. എനിക്ക് ആപത്തൊന്നും പിണഞ്ഞില്ലായെന്ന് അച്ചനുമമ്മയു മറിയുന്നത് നാലുനാള്‍ കഴിഞ്ഞാണ്.

വയലാറിൽ വെടിയേറ്റു മരിച്ചവരില്‍ 99 ശതമാനവും ദളിതരായിരുന്നു. വയലാറില്‍ തടിച്ചുകൂടിയവരില്‍ ദളിതരും ഈഴവരുമുണ്ടായിരുന്നു. തലേദിവസം തന്നെ ആളുകള്‍ പിരിഞ്ഞു പോകണമെന്ന് വിമാനത്തില്‍നിന്ന് നോട്ടീസ് വിതരണം ചെയ്തിരുന്നു. ഇത് കേട്ടതോടെ കൂട്ടത്തിലുണ്ടായിരുന്ന ഈഴവരെല്ലാവരും പിരിഞ്ഞുപോയി. ദളിതര്‍ക്ക് പോകാന്‍ ഒരു ഇടമില്ലായിരുന്നു. തന്നെയുമല്ല അവിടെ ദളിതര്‍ തടിച്ചുകൂടിയിട്ടുണ്ട് എന്നറിഞ്ഞ ജന്മിമാര്‍ അവരുടെ കടിലുകള്‍ തീവെച്ച് നശിപ്പിച്ചിരുന്നു. ഈ നിരാലംബരേയാണ് പട്ടാളം വെടിവെച്ചുകൊന്നത്. 3500-ഓളം ദളിതര്‍ അവിടെ വെടിയേറ്റു മരിച്ചു. പുന്നപ്രയില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടുവെന്ന് പറയുന്നത് ശരിയാണ്. പക്ഷേ വയലാറില്‍ അങ്ങിനെയൊന്ന് സംഭവിച്ചിട്ടില്ലാത്തതിനാല്‍ ഇവിടെ കുഴപ്പമൊന്നും ഉണ്ടാവുകയില്ല എന്ന് ദളിതരും കരുതി. ഇന്നുവരെ എത്രപേര്‍ മരിച്ചൂവെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ, സര്‍ക്കരിനോ ഒരു കണക്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ ബോധപൂര്‍വ്വം അതില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. വയലാറിലെ വെടിവെപ്പുകഴിഞ്ഞ് പത്തുകൊല്ലം കഴിഞ്ഞപ്പോള്‍ ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. ആരൊക്കെ മരിച്ചൂവെന്നൊരു കണക്കെടുക്കുവാന്‍ അവര്‍ക്ക് എളുപ്പം സാധിക്കുമായിരുന്നു. പക്ഷേ അവര്‍ അത് ചെയ്തില്ല. രക്തസാക്ഷികള്‍ക്ക് വളരേയേറെ പ്രാധാന്യം കൊടുക്കുന്ന ഒരുപാര്‍ട്ടി ഇത്രയേറേപ്പേര്‍ മരിച്ചിട്ടും അതിനൊരു ലിസ്റ്റ് തയ്യാറാക്കാന്‍ തയ്യാറായില്ല. കാരണം മരിച്ചവര്‍ ദളിതരായിരുന്നുവെന്നതാണ്. എന്റെ പുസ്തകം വരുന്നതിനുമുമ്പ് ആധികാരികമായി ആരും ഇതേക്കുറിച്ച് സംസാരിച്ചിരുന്നില്ല. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഒന്നു രണ്ടുസമ്മേളനങ്ങളില്‍ പുസ്തകം കൊണ്ടുചെന്നപ്പോള്‍ അവര്‍ എന്നെ ഓടിച്ചു. അവര്‍ നിശിതമായി വിമര്‍ശിക്കുകയും ഭീഷണിക്കത്തുകള്‍ അയക്കുകയും ചെയ്തു. വോലുത്തമ്പിയേക്കുറിച്ച് പസ്തകമെഴുതിയപ്പോള്‍ എനിക്ക് വിവരമില്ലാ എന്നുപറഞ്ഞ് അധിക്ഷേപിച്ചു.



ദളിത് സാഹിത്യകാരന്മാരേപ്പറ്റി

തീർച്ചയായും ദളിത് സാഹിത്യം ഇനിയും വികസിക്കേണ്ടതുണ്ട്. സി.അയ്യപ്പനാണ് ഏറ്റവും പ്രിയപ്പെട്ടയാള്‍. അയ്യപ്പന്‍ കുറച്ച് കഥകളേ എഴുതിയിട്ടുള്ളൂ. എന്റെ ചരിത്ര കൃതികള്‍ പോലെ അയ്യപ്പന്റെ സാഹിത്യ രചനകളും സമൂഹത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പോള്‍ ചിറക്കരോടിനെ മറക്കുന്നില്ല. പ്രിയപ്പെട്ടവര്‍ വേറേയുമുണ്ട്.

സഫലമീയാത്ര: 

ഭാര്യ വിശ്വാസിയാണ്. ഇപ്പോഴും പള്ളിയില്‍ പോകുന്നുണ്ട്. അത് അവളുടെ മനോസുഖത്തിന്റെ പ്രശ്‌നമാണ്. അത് ഹനിക്കുവാന്‍ എനിക്ക് അവകാശമില്ല. 127-ഓളം പുസ്തകങ്ങള്‍ ഞാന്‍ എഴുതി. ഇത് പ്രസിദ്ധീകരിക്കാന്‍ പ്രസാധകരംഗത്തെ കുത്തകക്കാരെ ഞാന്‍ ഒരിക്കലും സമീപിച്ചിട്ടില്ല. പ്രസാധകരംഗത്തുള്ള ഡി.സി.കിഴക്കേമുറി എന്റെ ഉറ്റ സുഹൃത്താണ്. ഞാന്‍ അങ്ങോട്ട് ആവശ്യപ്പെട്ടില്ലെങ്കിലും എനിക്ക് ബോദ്ധ്യപ്പെടാനെന്നവണ്ണം ഒരിക്കല്‍ അദ്ദേഹം എന്നോടുപറഞ്ഞു, വിപണന സാദ്ധ്യതയുള്ള പുസ്തകങ്ങളേ ഞങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളൂ എന്ന്. അത് അയാളുടെ കാര്യം. പുസ്തകം വില്‍ക്കുയാണ് എന്റെ ലക്ഷ്യമെങ്കില്‍ എനിക്ക് അങ്ങിനെയുള്ള പുസ്തകങ്ങള്‍ എഴുതിയാല്‍ മതിയായിരുന്നൂ. എന്റെ ലക്ഷ്യം എന്റെ ജനത രക്ഷപ്പെടുക എന്നുള്ളതാണ്. എന്റെ വീടു നോക്കൂ, ഇതൊരു ജംങ്ഷന്‍ പോലുമല്ല. പക്ഷേ പുസ്തകം പ്രസിദ്ധീകരിച്ചൂവെന്നറിഞ്ഞാല്‍ ആളുകള്‍ ഇവിടെ അന്വേഷിച്ചുവന്ന് വാങ്ങിക്കോളും. അതാണ് പുസ്തകത്തിന്റെ ശക്തി. അല്ലാതെ പ്രസാധകന്റേയടുത്ത് ഇരക്കാന്‍ പോകുന്നൂവെങ്കില്‍ അത് ദുര്‍ബ്ബലമാണ് എന്ന് കരുതാവുന്നതേയുള്ളൂ. ഇപ്പോൾ പ്രായം ഒരുപാടായി ഇനിയിതൊക്കെ ആവശ്യമുള്ളവർ പ്രസിദ്ധീകരിക്കട്ടെ.