Fri. Nov 20th, 2026

ഹൈക്കോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്ത് സപ്ലൈക്കോയില്‍ അഴിമതി നടക്കുന്നുവെന്ന് വ്യാജ പ്രചരണം നടത്തുകയാണ് ഒരു പ്രമുഖ ദിനപത്രം. ഇത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെയ്തുവരികയാണെന്ന് മന്ത്രി പി തിലോത്തമന്‍. പ്രളയത്തില്‍ 18 അടിയോളം വെള്ളത്തില്‍ മുങ്ങിയ 27 മില്ലുകളിലെ അന്‍പതിനായിരത്തോളം ടണ്‍ നെല്ലും അരിയുമാണ് ചീഞ്ഞ് ദുര്‍ഗന്ധംവമിച്ച് ഉപയോഗ ശൂന്യമായതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉപയോഗശൂന്യമായ നെല്ലും അരിയും മില്ലുകളില്‍ നിന്നു നീക്കം ചെയ്യുന്നതിന് വേണ്ടി 2018 ഒക്‌ടോബര്‍ 12 ന് സുതാര്യമായ ഇ ടെണ്ടര്‍ വിളിച്ചിരുന്നു. അരിയും നെല്ലും ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കരുതെന്ന് വ്യക്തമായ വ്യവസ്ഥയും ടെണ്ടറില്‍ വ്യവസ്ഥ ചെയ്തിരുന്നു.

എന്നാല്‍ ഇതിനെതിരെ നല്‍കിയ ഒരു ഹര്‍ജി ഹൈക്കോടതി പരിഗണിക്കുകയും 2018 നവംബര്‍ 24ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. കേടായ ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിച്ച് മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ വേണ്ടി ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിക്കരുതെന്നായിരുന്നു നിര്‍ദ്ദേശം.2018 നവംബര്‍ 29ന് പുറപ്പെടുവിച്ച അന്തിമ വിധിയില്‍, മനുഷ്യര്‍ക്കു വേണ്ടിയുള്ള ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിക്കരുത് എന്നുമാത്രമായിരുന്നു നിഷ്‌കര്‍ഷിച്ചിരുന്നത്. ഒക്‌ടോബര്‍ 12ന് പുറപ്പെടുവിച്ച ടെണ്ടറില്‍ മാസങ്ങള്‍ക്കുശേഷമുണ്ടായ കോടതിവിധി ഉള്‍ക്കൊള്ളിക്കാന്‍ കഴിയില്ലെന്നതു വ്യക്തം. ഇതിനെയാണ് ഹൈക്കോടതി നിര്‍ദ്ദേശം ടെണ്ടറില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ച് വിവാദ വാര്‍ത്ത സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു.

പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍, ഭക്ഷ്യവസ്തുക്കള്‍ക്ക് ദൗര്‍ലഭ്യം ഉണ്ടാകാതെയും വിലക്കയറ്റം തടഞ്ഞും അരിയുടെ വില കുറച്ചുമാണ് ഭക്ഷ്യവകുപ്പ് പ്രവര്‍ത്തനം നടത്തിവരുന്നത്. വിലക്കയറ്റം തടഞ്ഞ് ഫലപ്രദമായ വിപണി ഇടപെടലാണ് കേരളം നടത്തിയത്.സംസ്ഥാനത്തെ പൊതുവിതരണ രംഗം സമഗ്രമായ പരിഷ്‌ക്കാരങ്ങളിലൂടെ ആധുനീകരിച്ച് അഴിമതി പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. സപ്ലൈക്കോയുടെ എല്ലാ ടെന്‍ഡര്‍ നടപടികളും സുതാര്യമാക്കി.

ഹൈക്കോടതി നിര്‍ദ്ദേശിച്ച അധിക മുന്‍കരുതലുകള്‍ എല്ലാം സ്വീകരിച്ച് ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും സപ്ലൈക്കോ കത്തു നല്‍കി. ഹൈക്കോടതി വിധി പ്രകാരം തന്നെയാണ് കരാറുകളില്‍ സത്യവാങ്മൂലം വാങ്ങിയിട്ടുള്ളത്. ഭക്ഷ്യവകുപ്പിന് സാധ്യമായ കാര്യങ്ങള്‍ സുതാര്യമായും കാര്യക്ഷമമായും നിര്‍വ്വഹിച്ചിട്ടുണ്ട്. ഭക്ഷ്യവകുപ്പിനെ കുറ്റപ്പെടുത്തിയുള്ള ആരോപണങ്ങള്‍ വകുപ്പിന്റെ നേട്ടങ്ങള്‍ തമസ്‌ക്കരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന എല്ലാ വിഭാഗം അരിയുടെയും ഗുണനിലവാരം കര്‍ശനമായി പരിശോധിക്കും. അനധികൃത അരികടത്തു തടയുന്നതിനായി നികുതിവകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ലീഗല്‍ മെട്രോളജി എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രളയജലത്തില്‍ മുങ്ങി ഉപയോഗശൂന്യമായ അരി ഗോഡൗണുകളില്‍ നിന്നു സര്‍ക്കാരിന് നഷ്ടമുണ്ടാകാതെ കോടതി ഉത്തരവുകള്‍ പാലിച്ച് നീക്കം ചെയ്യാന്‍ കൈക്കൊണ്ട നടപടിയെ വളച്ചൊടിച്ചത് ലജ്ജാകരമാണെന്ന് മന്ത്രി പറഞ്ഞു.

പ്രളയ ജലത്തില്‍ ഉപയോഗ ശൂന്യമായ അരി ഗോഡൗണില്‍ നിന്നും ഒഴിവാക്കാന്‍ സ്വീകരിച്ച നടപടി ഹൈക്കോടതി നിര്‍ദ്ദേശിച്ച എല്ലാ മുന്‍കരുതലുകളും പാലിച്ചുകൊണ്ടാണെന്ന് മന്ത്രി പി തിലോത്തമന്‍ വ്യക്തമാക്കി.ഉയര്‍ന്ന തുകയ്ക്കുള്ള ക്വട്ടേഷന്‍ ഒഴിവാക്കി സപ്ലൈക്കോയ്ക്ക് 3.12 കോടി രൂപ നഷ്ടമുണ്ടാക്കി എന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. ഉപയോഗശൂന്യമായ അരി 27 മില്ലുകളിലായതിനാല്‍ വെവ്വേറെ ടെണ്ടറുകളാണ് ക്ഷണിച്ചത്. ആകെ 26 പേര്‍ പങ്കെടുത്തു. എച്ച് വണ്‍ ആയി വന്ന 14 ടെണ്ടറര്‍മാരില്‍ രണ്ടു

മില്ലുകളില്‍ മാത്രം പരാതിക്കാരനായ ടെണ്ടറും ഉള്‍പ്പെട്ടിരുന്നു. എല്ലാ എച്ച് വണ്‍ ടെണ്ടര്‍മാരെയും നെഗോസിയേഷന്‍ നടത്തിയതിനുശേഷം നിയമാനുസൃതം ടെണ്ടര്‍ സ്ഥിരപ്പെടുത്തി.ക്വിന്റലിന് 195 രൂപയും 205 രൂപയും നിരക്ക് ക്വാട്ട് ചെയ്ത വ്യക്തി, ടെണ്ടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായശേഷം എല്ലാ മില്ലുകളില്‍ നിന്നും കേടായ നെല്ലും അരിയും ക്വിന്റലിന് 550 രൂപ നിരക്കില്‍ എടുക്കാമെന്ന വാഗ്ദാനവുമായി സപ്ലൈക്കോ സിഎംഡിക്ക് കത്തു നല്‍കി.

അതേയാള്‍ ടെണ്ടര്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഇത് സംശയാസ്പദവും ഗൂഢാലോചനയുടെ ഭാഗവുമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 3.12 കോടി നഷ്ടമെന്ന് തെറ്റിദ്ധാരണ പരത്താനാണ് ശ്രമം നടക്കുന്നത്. കരാര്‍ എടുക്കുന്ന വ്യക്തി ഉപകരാര്‍ നല്‍കാന്‍ പാടില്ലെന്ന വ്യവസ്ഥ പാലിച്ചില്ലെന്നാണ് മറ്റൊരു ആരോപണം. അത്തരമൊരു വ്യവസ്ഥ ടെണ്ടര്‍ നോട്ടീസിലില്ലെന്ന് മന്ത്രി വ്യക്തമാക്കി.

വസ്തുതകള്‍ ഇതായിരിക്കെ ചില സ്ഥാപിത താല്‍പര്യക്കാരുടെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി ഒരു പ്രമുഖ പത്രമാധ്യമം സമൂഹത്തെയാകെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് നടത്തുന്നത്. പൊതുവിതരണ രംഗത്തും പ്രളയകാലത്തും ഭക്ഷ്യവകുപ്പ് കൈവരിച്ച നേട്ടങ്ങള്‍ തമസ്‌ക്കരിക്കാനുള്ള ഇത്തരം ഹീനമായ ശ്രമങ്ങളെ കേരള ജനത തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു.