Sat. Apr 20th, 2024

ഗുഹാന്തരാളത്തിലെ നീരുറവ ശിലായോനീതടത്തില്‍ ഈര്‍പ്പമായി ഇറ്റി നില്‍ക്കുന്നു. തളം കെട്ടിയ വെള്ളം കൈക്കുമ്പിളില്‍ കോരിയെടുത്ത് രുചിക്കാം. ഉപ്പുരസമാണ്. അമ്മയുടെ ഋതുകാലധാര…

നടി തമന്ന യോനി പ്രതിഷ്ഠയായിട്ടുളള കാമാഖ്യയിൽ ദർശനം നടത്തിയ വാർത്തയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നല്ലോ? തമന്ന തന്നെയാണ് സന്തോഷം പങ്കുവെച്ച് ക്ഷേത്ര ദർശനം നടത്തിയ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്.

ആസാമിലെ ഒരു പ്രമുഖ തീര്‍ഥാടനസ്ഥാനമാണ് കാമരൂപിലെ കാമാഖ്യ. ഗൗഹാതിനഗരത്തില്‍ നിന്ന് മൂന്നുനാഴിക മാറി, നീലാചല്‍ എന്ന കുന്നിന്‍ മുകളില്‍, ഹൃദ്യമായ ഗൃഹാകൃതികള്‍ക്കിടയില്‍ ഒരിടത്തരം ക്ഷേത്രം. മന്ദിരത്തിനകത്തെ ചെറിയ ഗുഹക്കുള്ളില്‍ നിലത്ത് കല്‍ഫലകത്തില്‍ കൊത്തിവെച്ചുകാണുന്ന കാമാഖ്യയുടെ യോനിയാണ് പ്രതിഷ്ഠ. ഭഗവതിയുടെ പ്രതാപരുദ്രയായ ദേവതാ സങ്കല്പമാണ് കാമാഖ്യ.

ഒമ്പത് യോനീരൂപങ്ങളുടെ മദ്ധ്യത്തിലായി ഒരു യോനീരൂപത്തിലാണ് ശ്രീചക്രം നിരൂപിക്കുന്നത്. ഗുഹാന്തരാളത്തിലെ നീരുറവ ശിലായോനീതടത്തില്‍ ഈര്‍പ്പമായി ഇറ്റി നില്‍ക്കുന്നു. തളം കെട്ടിയ വെള്ളം കൈക്കുമ്പിളില്‍ കോരിയെടുത്ത് രുചിക്കാം. ഉപ്പുരസമാണ്. അമ്മയുടെ ഋതുകാലധാരയുമായി ബന്ധപ്പെട്ട ചുവപ്പുചാന്തില്‍ അഭിഷിക്തമാണ് പരിസരം. ആര്‍ത്തവനാളുകളില്‍ നീരുറവയിലും രക്തത്തിന്റെ ലാഞ്ഛനകള്‍ കാണുമത്രേ.

മൃഗബലി കാണമമെങ്കില്‍ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ക്ഷേത്രങ്ങളിലൊന്നായ അസമിലെ ഈ കാമാഖ്യ ക്ഷേത്രത്തില്‍ എത്തണം. കാമാഖ്യദേവിക്ക് പൂക്കള്‍ക്കൊപ്പം ഏറ്റവും ഇഷ്ടം പോത്തിനെ ബലി കൊടുക്കുന്നതാണ്. പോത്തിറച്ചി നിവേദ്യമായി ലഭിക്കും. ദേവിയുടെ ആര്‍ത്തവ ദിനത്തിലാണ് പ്രശസ്തമായ അംബൂബാച്ചി മേള.


കാമരൂപിലെ യോനീപൂജ

ഈ താന്ത്രികക്ഷേത്രം ആസാമിന്റെ പൂര്‍വചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഭഗവതീ സങ്കല്പമായ കാമാഖ്യയുടെ ആധാരമാണ്. ബ്രഹ്മപുത്രയുടെ തീരത്തെ ആദ്യത്തെ രാജവംശം കാമാഖ്യയുടെ തിരുനാമത്തിലാണ് ജനിച്ചത്. കാമാഖ്യയുടെ ഊറ്റത്തെച്ചൊല്ലിയുള്ള അഭിപ്രായ വൈരുധ്യങ്ങളില്‍നിന്നാണ് വടക്കുകിഴക്കനിന്ത്യയില്‍ ശൈവ-വൈഷ്ണവ സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. പതിനഞ്ച്-പതിനാറു നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ശങ്കരദേവന്റെ ‘ഏക ശരണ ധര്‍മ’മെന്ന വൈഷ്ണവപ്രസ്ഥാനം ശക്തിപൂജയെ തളര്‍ത്തിയെങ്കിലും കാമാഖ്യയും കാമാഖ്യയുടെ നാനാമൂര്‍ത്തീകരണങ്ങളും ഇപ്പോഴും ആസാമിലെയും പ്രാന്തസംസ്ഥാനങ്ങളിലെയും മതവിശ്വാസങ്ങളില്‍ പ്രതാപരുദ്രകളായ ദേവതകള്‍ തന്നെ.

ക്ഷേത്രോല്‍പ്പത്തിയെയും യോനീപ്രതിഷ്ഠയെയും സംബന്ധിച്ച് അനേകം പഴംകഥകളുണ്ട്. അവ ദേശത്തിന്റെ പൂര്‍വചരിത്രത്തിലേക്കു മാത്രമല്ല, പ്രാദേശിക ദൈവാരാധനാസമ്പ്രദായങ്ങളും ആര്യന്‍മാരുടെ മതധാരണകളും തമ്മിലുള്ള അന്യോന്യസങ്കലനത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കും വെളിച്ചം വീശുന്നു. ‘കലികപുരാണം’, ‘യോഗിനീതന്ത്രം’ എന്നീ പൗരാണിക ഗ്രന്ഥങ്ങള്‍ ഈ പഴങ്കഥകള്‍ പൊരുത്തപ്പെടുത്തി കാമാഖ്യയുടെ വിവിധ ചൈതന്യപ്രത്യക്ഷങ്ങള്‍ സ്വരൂപിച്ച ഒരു ശക്തിസങ്കല്പം സ്ഥാപിച്ചിട്ടുണ്ട്.


പ്രസക്തമായ കഥകളിങ്ങനെ

പിതാവായ ദക്ഷന്റെ യാഗത്തിന് ക്ഷണിക്കപ്പെടാതെ ചെന്ന് അപമാനിതയായ സതി ആത്മഹത്യചെയ്തു. ക്രുദ്ധനായ ശിവന്‍ പത്‌നിയുടെ ജഡവും ചുമന്ന് സംഹാരതാണ്ഡവത്തിനു പുറപ്പെട്ടു. ശിവന്റെ ക്രോധം മനുഷ്യവംശത്തെ മൊത്തത്തില്‍ സംഹരിക്കുമെന്നു ഭയന്ന വിഷ്ണു ചക്രായുധത്താല്‍ സതിയുടെ ജീവനറ്റ ദേഹം വെട്ടി തുണ്ടുകളാക്കി.

യോനീഭാഗം വന്നുവീണത് ബ്രഹ്മപുത്രയുടെ തീരത്ത് ഒരു കുന്നിന്‍മുകളിലാണ്. കുന്ന് അതോടെ നീലിച്ച് നീലാചലമായി അറിയാന്‍ തുടങ്ങി. മൂന്നു ലോകങ്ങളും സൃഷ്ടിച്ചുകഴിഞ്ഞപ്പോള്‍ പരമമായ സൃഷ്ടിശക്തി തന്നില്‍നിന്ന് ആവിര്‍ഭവിക്കുന്നുവെന്ന് ബ്രഹ്മാവ് ഊറ്റം കൊണ്ടു. ഈ അഹംഭാവത്താല്‍ പ്രകോപിതയായ മഹാദേവി സ്വശരീരത്തില്‍ നിന്ന് ‘കേശി’ എന്ന രാക്ഷസരൂപത്തെ ജനിപ്പിച്ചു. പിറന്നുവീണതും ‘കേശി’ ബ്രഹ്മാവിനെ പിടിച്ചു വിഴുങ്ങുവാനാഞ്ഞു. ഭയചകിതനായ ബ്രഹ്മാവ് വിഷ്ണുവിനെയും കൂട്ടി ഓടി രക്ഷപ്പെട്ടു. കേശീപുരം എന്നൊരു നഗരവും തീര്‍ത്ത് പാര്‍പ്പുതുടങ്ങിയ രാക്ഷസന്‍ മൂന്നു ലോകങ്ങളെയും വിരട്ടാന്‍ തുടങ്ങി.

വിഷ്ണുവുമായുള്ള ജാരവേഴ്ചയില്‍ ഭൂമിമാതാവിന് ജനിച്ച മിഥിലയിലെ നരകന്‍ എന്ന ദൈത്യന്‍ പ്രതാപശാലിയായി വളര്‍ന്നു. പിതാവിന്റെ ആശീര്‍വാദത്തോടെ നരകന്‍ പ്രാഗ്‌ജ്യോതിഷപുരത്ത് (ആസാമിന്റെ പഴയ പേര്‍) പ്രവേശിച്ച് പുതിയ ഒരു രാജവംശം സ്ഥാപിച്ചു. നരകനുമുമ്പ് പ്രാഗ്‌ജ്യോതിഷപുരം ശിവന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. വിഷ്ണുവിന്റെ ഉപദേശപ്രകാരം നരകന്‍ കാമാഖ്യയുടെ ആരാധകനായി. തന്റെ രാജ്യാതിര്‍ത്തിയില്‍ മറ്റൊരുതരം ആരാധനയും പാടില്ലെന്ന് വിലക്കി. പക്ഷേ, കാലക്രമത്തില്‍ നരകന്‍ തേസ്പൂരിലെ രാജാവും ശിവഭക്തനുമായിരുന്ന ബാണനുമായി സൗഹൃദത്തിലായി. ഈ ബന്ധം ആസുരരീതികളില്‍ നരകനെ ആകൃഷ്ടനാക്കി.

ഇന്ദ്രനെയും ദേവന്‍മാരെയുമെന്നല്ല കാമാഖ്യയെത്തന്നെയും അയാള്‍ നിഷേധിക്കാന്‍ തുടങ്ങി. നരകന്‍ വഴിപിഴച്ചതറിഞ്ഞ് കുപിതനായ വിഷ്ണു പ്രാഗ്‌ജ്യോതിഷപുരത്തെത്തി അയാളെ വധിച്ചു. തന്നെ നശിപ്പിക്കാനെത്തിയ വിഷ്ണുവിന്റെ പാര്‍ശ്വത്തില്‍ ഉറയൂരിയ ഖഡ്ഗവും ദ്വേഷാഗ്നി പാറുന്ന നേത്രങ്ങളുമായി കാമാഖ്യയെ മരിച്ചുവീഴുംമുമ്പ് നരകന്‍ കണ്ടു. സദാ ഭര്‍തൃസംഗമം കൊതിച്ച് നീലാചലത്തില്‍ കഴിയുന്ന കാമാര്‍ത്തയായതിനാലാണ് ദേവിക്ക് കാമാഖ്യ എന്ന പേരുണ്ടായത്. പ്രാഗ്‌ജ്യോതിഷപുരത്തിന്റെ മറ്റൊരു പേരാണ് കാമരൂപ്. ശിവന്റെ രോഷാഗ്നിയില്‍ വെണ്ണീറായ കാമന്‍ വീണ്ടും രൂപംപൂണ്ടതിവിടെവെച്ചാണ്.

ബ്രഹ്മാവിനെ കൊല്ലുക എന്ന അട്ടഹാസം മൂവുലകങ്ങളിലും പ്രതിധ്വനിച്ചു. മരണഭയം നിമിത്തം പൊങ്ങച്ചം കളഞ്ഞ് ബ്രഹ്മാവ് വിഷ്ണുവിനെയും കൂട്ടിച്ചെന്ന് ദേവിയെ പ്രസാദിപ്പിച്ച് കേശിയില്‍ നിന്ന് സംരക്ഷണം യാചിച്ചു. സംതൃപ്തയായ ദേവി ബ്രഹ്മന്റെ ഊറ്റം തീര്‍ക്കാന്‍ കേശിയെ സൃഷ്ടിച്ചത് താന്‍ തന്നെയെന്ന് വെളിപ്പെടുത്തി. പിന്നെ മഹാദേവി സംഹാരമന്ത്രം ജപിച്ച് കേശിയെ ചാമ്പലാക്കി. ആ ചാമ്പലില്‍ നിന്ന് ഏറെ വലുതും ഏറെ ചെറുതുമല്ലാത്ത ഒരു പര്‍വതം സൃഷ്ടിക്കുവാന്‍ ബ്രഹ്മാവിനെ നിയോഗിച്ചു. പര്‍വതം നിറയെ പശുക്കള്‍ക്ക് തിന്നുവാന്‍ രുചികരമായ പുല്ലുവളരണം. പശുക്കൂട്ടം തിന്നുതീര്‍ക്കുന്ന പുല്ലിന്റെ അളവനുസരിച്ചാവും ബ്രഹ്മന്റെ പാപം ഒടുങ്ങുന്നത്. ബ്രഹ്മാവും വിഷ്ണുവും സമ്മതിച്ചു.

ദേവി പ്രാര്‍ഥന നടത്തിയ ഇടത്തില്‍ അവര്‍ കണ്ടുനില്‍ക്കെ മഹാദേവിയുടെ സൃഷ്ടിശക്തിയില്‍നിന്ന് ഒരു യോനീചക്രം രൂപം കൊണ്ടു. എല്ലാറ്റിന്റെയും ആധാരവും തുടക്കവും ഈ യോനീചക്രമാണെന്ന് അവള്‍ അനുശാസിച്ചു. ഭാവിയില്‍ സൃഷ്ടിതുടങ്ങുംമുമ്പ് യോനീപൂജ നടത്തുവാന്‍ ബ്രഹ്മാവിനോട് ആജ്ഞാപിച്ചു. അങ്ങനെ ബ്രഹ്മാവിന്റെയും എല്ലാവരുടെയും നന്‍മക്കായി മഹാദേവി യോനീചക്രം സൃഷ്ടിച്ച് കാമരൂപത്തില്‍ പ്രതിഷ്ഠിച്ചു.

ഇന്ത്യയുടെ ഉള്ളറകളിലെ ചോരക്കറ