Fri. Nov 20th, 2026

ആ സ്ത്രീകളല്ല ഈ സ്ത്രീകള്‍, ഇത് വേറെ സ്ത്രീകൾ മലക്കം മറിഞ്ഞ് സുധാകരന്‍. മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയ്ക്ക് വിശദീകരണവുമായി എത്തിയാണ് കെ സുധാകരന്‍ വീണിടത്ത് കിടന്നുരുണ്ടത്. താന്‍ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണ്. അല്ലാതെ സ്ത്രീകളെ പൊതുവില്‍ ഉദ്ദേശിച്ചല്ലതല്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി. പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.മുഖ്യമന്ത്രി സ്ത്രീകളെക്കാൾ മോശമായി എന്നായിരുന്നു സുധാകരന്റെ പരാമർശം. എന്നാൽ താൻ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണെന്നും സ്ത്രീകളെ പൊതുവിൽ ഉദ്ദേശിച്ചതല്ലെന്നുമാണ് സുധാകരന്റെ വിശദീകരണം.

ഇന്നലെ കാസര്‍കോട് നടന്ന യു ഡി എഫ് കളക്‌ട്രേറ്റ് മാര്‍ച്ചിലാണ് കെ സുധാകരന്‍ വിവാദ പ്രസ്താവന നടത്തിയത്. പിണറായി മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പെണ്ണുങ്ങളെക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം. കരുണ ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന് ഹൃദയത്തിന്റെ സ്ഥാനത്ത് കാരിരുമ്പാണെന്നുമായിരുന്നു കെ സുധാകരന്റെ പ്രസ്താവന.

എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ച അതേ ദിവസമായിരുന്നു കോൺഗ്രസ‌് നേതാവിന്റെ സ‌്ത്രീ വിരുദ്ധ പ്രസംഗം.ഇത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.