Fri. Mar 29th, 2024

ഭൂമിയിൽ മനുഷ്യനും മറ്റു ജീവജാലങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണ്‌? ചിന്തിക്കുന്ന വിവേകമുള്ള ജീവിയാണ്‌ മനുഷ്യൻ എന്നുള്ളതാണ്‌ മറ്റു ജീവികളിൽനിന്ന്‌ മനുഷ്യനെ വ്യത്യസ്തനാക്കുന്നത്‌. മനുഷ്യൻ നിരവധി കണ്ടുപിടുത്തങ്ങൾ നടത്തി. ഒരുപാട്‌ കീഴടക്കി. വെട്ടിപ്പിടിച്ചു… ശാസ്ത്രം വളർന്നു. സാങ്കേതികവിദ്യ വളർന്നു. ഇനിയും വളരേണ്ട എന്തെങ്കിലുമുണ്ടോ നമുക്കിടയിൽ? തീർച്ചയായുമുണ്ട്‌. ജനിക്കുന്നതു മുതൽ ബന്ധങ്ങളിലും ബന്ധനങ്ങളിലും കെട്ടുപാടുകളിലും വിശ്വാസങ്ങളിലും ഐതീഹ്യങ്ങളിലും കെട്ടുപ്പിണഞ്ഞു ജീവിക്കുന്നവരാണ്‌ മനുഷ്യർ. ജീവിതത്തിൽ ഒരു പരിധിവരെ ഇവയെല്ലാം ആവശ്യവുമാണ്‌. എന്നാൽ അധികമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെയാണ്‌ വിശ്വാസങ്ങളും. വിശ്വാസങ്ങൾക്ക്‌ അടിമയാകുമ്പോൾ അവിടെയും ബലിയാടാക്കുന്നത്‌ സ്ത്രീയാണ്‌.

ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ സാധാരണമായ ഒരു ജൈവ പ്രക്രിയ ആണ് ആർത്തവം. എന്നാൽ ശരീരത്തിലെ മറ്റു വിസർജ്യങ്ങൾക്ക് ഇല്ലാത്ത എന്തോ ഒന്ന് ആർത്തവ രക്തത്തിന് നമ്മുടെ സമൂഹം കൽപ്പിച്ച് കൊടുക്കുന്നു. സമൂഹ ദൃഷ്ടിയിൽ അത് വൃത്തിഹീനവും ചർച്ച ചെയ്യാൻ പാടില്ലാത്തതും ആകുന്നു.

ആർത്തവ സമയങ്ങളിൽ എല്ലാ മതങ്ങളും സ്ത്രീകൾക്ക് ദേവാലയങ്ങളിൽ പ്രവേശനം വിലക്കുന്നു. ‘ആ ദിവസങ്ങളിൽ’ അവൾ തൊട്ടു കൂടാത്തവളായി മാറുന്നു, എല്ലായിടത്തും നിന്നും അവളെ അകറ്റുന്നു – ഇത്രക്കൊക്കെ ഭ്രഷ്ട് കല്പിക്കേണ്ട ഒന്നാണോ ഈ ആർത്തവം?

‘ആർത്തവം’ എന്ന നാലക്ഷരത്തിനുള്ളിൽ സ്ത്രീയെ തളച്ചിട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. വിലക്കും വല്ലായ്മയും ഏർപ്പെടുത്തി അവളെ ചായ്പ്പിനുള്ളിൽ കെട്ടിയിട്ടിരുന്ന കാലം. തമ്പുരാക്കന്മാരുടെയും ജന്മിമാരുടെയും കാലം. കീറപ്പായും ഓട്ടുപാത്രവും നൽകി നായയ്ക്കു സമാനമായ ജീവിതം നയിച്ച കാലം. കുളിക്കടവിൽ വിലക്ക്‌. ക്ഷേത്രങ്ങളിൽ വിലക്ക്‌. കിടപ്പറയിൽ കിടക്കുന്നതിൽ വിലക്ക്‌. അങ്ങനെ വിലക്കുകളുടെ കെട്ടുകാലം. എന്താണ്‌ ഇതിനു പിന്നിലെ ചേതോവികാരം? ആർത്തവത്തിൽ ഒളിഞ്ഞിരിക്കുന്ന അർഥം ഭ്രഷ്ടാണോ? തൊട്ടുകൂടായ്മയാണോ? ആർത്തവം എന്ന വാക്കിനു പകരം പദമായി പണ്ടുള്ളവർ പറഞ്ഞിരുന്നത്‌ തൊട്ടുകൂടായ്മ, പുറത്താകുക എന്നൊക്കെയാണ്‌.

മഹാരാഷ്ട്രയിലെ ശനീശ്വര ക്ഷേത്രവും ശബരിമലയും വിവാദമായതോടെ ആർത്തവ ചർച്ചകൾ സജീവമായിരിക്കുകയാണല്ലോ? പെണ്ണിൻറെ സ്വാതന്ത്ര്യത്തിനായി ഭരണഘടനയും മതങ്ങളും തമ്മിൽ ഇപ്പോഴും മൽപ്പിടുത്തം നടത്തുമ്പോൾ ഹിന്ദു മതത്തിലെ ചില ‘ആർത്തവ വിരോധാഭാസങ്ങൾ’ ചർച്ച ചെയ്യേണ്ടതായി വരുന്നു – ചില ദേവീപ്രതിഷ്ഠകൾ രജസ്വലകൾ ആകാറുണ്ടത്രേ! ദേവിമാർ അമ്പലത്തിൽ രജസ്വലകൾ ആയി പ്രതിഷേധിക്കുന്നു എങ്കിലും ഇവിടെയും രജസ്വലകൾ ആയ ഭക്തമാർക്ക് ക്ഷേത്രത്തിന് പുറത്ത് തന്നെ സ്ഥാനം !

അമ്പലങ്ങളിൽ അടിച്ചുതളിക്കാനും വിളക്കുതിരി നിർമ്മിക്കാനും ഒക്കെ സ്ത്രീകളെ വേണം. ഭക്ഷണം പാകം ചെയ്യാനും അവൾവേണം. അവളുണ്ടാക്കുന്ന ആഹാരം കഴിച്ചുകൊണ്ട്‌ പൂജചെയ്യാം. പായസം നിവേദിക്കാം. എന്നാൽ ആർത്തവം ബാധിച്ചവളെ രോഗബാധിതയെപോലെ, കുഷ്ടരോഗിയെപ്പോലെ മാറ്റി നിർത്തുന്ന അധപ്പതിച്ച സമൂഹമായി നമ്മുടേത്‌ മാറിയതെന്താണ്‌. ദൈവസങ്കൽപ്പങ്ങൾക്ക്‌ നാവുണ്ടായിരുന്നെങ്കിൽ അവപോലും ഇതിനെ ചോദ്യം ചെയ്യുമായിരുന്നു.


കാലം മാറി കോലവും മാറി. എന്നിട്ടും സ്ത്രീപക്ഷ നിലപാടിൽ ഇന്നും പഴമക്കാരന്റെ അകക്കണ്ണുമായി നമ്മെ വീക്ഷിക്കുന്നു. ഇത്‌ 21 ആം നൂറ്റാണ്ട് സ്ത്രീ വിരൽ പതിയാത്ത മേഖലകളില്ലാത്ത ഭരണഘടനയിൽ നിർവ്വചിച്ചിട്ടുള്ള ‘തുല്ല്യാവകാശ’ കാലം. ആണും പെണ്ണും ഒരുമിച്ചു ലിവിങ്‌ ടുഗതർ നടത്തുന്ന ന്യൂജെനറേഷൻ കാലം. ഇടക്കിടെ ഇതൊക്കെ ഓർമ്മിക്കുമ്പോഴും വേദനയുടെ ആ ‘ചുവന്ന നിഴൽ’ ഇന്നും നമ്മെ പമ്മി പമ്മി പിന്തുടരുന്നില്ലേ? ഇല്ലെന്ന്‌ ഉറക്കെ വിളിച്ചു പറയാൻ ധൈര്യമുള്ള എത്ര സ്ത്രീകളുണ്ട്‌ ഇന്ന്‌ നമുക്കിടയിൽ? അതെ ഇന്നും നമ്മെ ആ നിഴൽ പിന്തുടരുന്നുണ്ട്‌. ഭാവം മാറി അത്രമാത്രം.

സ്ത്രീ സംഘടനകളും ക്ലബുകളുമായി പൊതു നിരത്തിൽ ആർത്തു വിളിക്കുന്ന എത്ര സ്ത്രീജനങ്ങൾക്കു പറയാനാകും ഞങ്ങൾ ആർത്തവത്തെ പ്രണയിക്കുന്നുവെന്ന്‌?

എന്താണ്‌ ആർത്തവം? പുതു ജീവന്റെ ഉടലെടുപ്പിന്‌ സ്ത്രീയെ പ്രാപ്തയാക്കുന്ന നന്മയല്ലേ അത്‌. അതിൽ നിന്നല്ലേ നവലോകം സൃഷ്ടമാകുന്നത്‌. ആറുനാൾ ക്ഷേത്രപ്രവേശനം നിരോധിക്കേണ്ട ഭ്രഷ്ടല്ല അതെന്നും സ്ത്രീക്കുമാത്രമുള്ള പുതുജീവനെ സമ്മാനിക്കാനുള്ള അവളുടെ കഴിവാണ്‌ അല്ലെങ്കിൽ അവളുടെ അടിത്തറയാണ്‌ ആർത്തവം എന്നും മനസ്സിലാക്കേണ്ട, ഉറക്കെ ആത്മവിശ്വാസത്തോടെ അഭിമാനത്തോടെ അത്‌ വിളിച്ചുപറയാൻ നമ്മുടെ പെൺമക്കളെ പ്രാപ്തരാക്കേണ്ട സമയമാണിത്‌. ഒളിച്ചു വക്കേണ്ട, മറച്ചു പിടിക്കേണ്ട വ്രണമല്ലത്‌…

ഉത്തർ പ്രദേശിലെ അമേത്തി ഗ്രാമവാസികൾ അത് തിരിച്ചറിഞ്ഞു. ഊർമ്മിള ചാനം എന്ന 36 കാരിയായ ആരോഗ്യപ്രവർത്തകയുടെ വിരളുകളാണിതിനു പിന്നിൽ. സാധാരണക്കാരിൽ സാധാരണക്കാരായ ഗ്രാമീണവാസികളെ ആർത്തവത്തെക്കുറിച്ചും ആർത്തവ ശുചിത്വത്തെക്കുറിച്ചും ബോധവാന്മാരാക്കുകയാണ്‌ മാധ്യമപ്രവർത്തകകൂടിയായ ഊർമ്മിള. ആർത്തവത്തെ സംബന്ധിച്ചുള്ള ഐതീഹ്യങ്ങൾക്കും ഭ്രഷ്ടിനും എതിരെ പോരാടുകയാണിവർ. മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി ലോകത്തുടനീളമുള്ള സ്ഥലങ്ങൾ സന്ദർശിച്ച അവർ മനസ്സിലാക്കിയ യാഥാർഥ്യങ്ങളാണ്‌ ഊർമ്മിളയെ ഈ കർമ്മം ഏറ്റെടുക്കുവാൻ പ്രേരിപ്പിച്ചത്‌. അടിവേരുകളിൽ എത്താത്ത വികസനം വികസനമല്ല എന്നതാണ്‌ യാഥാർഥ്യം. ഇന്നും ഗ്രാമങ്ങൾക്ക്‌ പ്രാപ്തമായിട്ടില്ലാത്ത പലതുമുണ്ട്‌. അതിൽ ഒന്നാം സ്ഥാനത്തുള്ളത്‌ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ അടച്ചുറപ്പുള്ള വൃത്തിയുള്ള ശൗചാലയങ്ങൾ ഇല്ല എന്നുള്ളതാണ്‌. യാഥാർഥ്യമാണത്‌. കോൺക്രീറ്റ്‌ സൗധങ്ങളിൽ വിശ്രമിക്കുന്ന എ സി കാറിൽ സഞ്ചരിക്കുന്ന ഉയർന്ന സമൂഹമെന്ന്‌ സ്വയം വിലയിരുത്തുന്നവർ മനസ്സിലാക്കേണ്ട യാഥാർഥ്യം…

തെറ്റു ചെയ്യുന്ന ഭീതിയിൽ ആർത്തവത്തെ ഒളിച്ചു പിടിച്ച്‌ അകലെയുള്ള പറമ്പിലും കാട്ടിലും പോയി വിസർജ്ജിക്കുകയും വ്യത്തിഹീനമായ വസ്ത്രങ്ങൾകൊണ്ട്‌ ചോരത്തുള്ളികളെ പൊത്തിപ്പിടിക്കുകയും ചെയ്യുന്ന സഹോദരങ്ങൾ ഇന്നും നമുക്കുണ്ട്‌. പൊള്ളുന്ന ഇത്തരം സത്യങ്ങൾ മനസ്സിലാക്കിയ ഊർമ്മിള ആദ്യം പത്രങ്ങളിൽ എഴുതി. പിന്നെ സോഷ്യൽമീഡിയകൾ വഴി പ്രചരിപ്പിച്ചു. ഇന്ന്‌ ഇവരെ ബോധവാന്മാരാക്കാൻ സ്വയം ഇവർക്കിടയിലേക്ക്‌ ഇറങ്ങിചെന്നിരിക്കുകയാണ്‌ ഈ മണിപ്പൂരുകാരി. ‘വോയ്സ്‌ ഓഫ്‌ ഔർ ഫ്യൂച്ചർ’ എന്ന 190 രാജ്യങ്ങളിലെ സ്ത്രീകളുടെ ശബ്ദശകലങ്ങൾ റിക്കോർഡ്‌ ചെയ്തിട്ടുള്ള ഊർമ്മിളയുടെ സൃഷ്ടിക്ക്‌ അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌. അവാർഡിലുപരി അവരുടെ അവസ്ഥയിൽ ഉടനടി പരിഹാരം കാണാനും ഈ സൃഷ്ടി സഹായിച്ചു.


വിവിധ രാജ്യങ്ങളും സംസ്ഥാനങ്ങളും സന്ദർശിച്ച്‌ ബോധവൽക്കരണം നടത്തിയ അവർ അവിടെയുള്ള പ്രശ്നങ്ങൾ വിവരിക്കുന്നുണ്ട്‌. ബിഹാറിലെ ബെട്ടിയാഹ്‌ പ്രദേശത്തെ വീടുകളിലെ ശൗചാലയങ്ങൾ വീടിനു വളരെ അകലെയുള്ളതും വ്യത്തിഹീനമായതും ദുർഗന്ധം വമിക്കുന്നതുമാണ്‌. ഉത്തർ പ്രദേശിലെത്തിയാൽ ഇതിലും മോശമാണ്‌ സ്ഥിതി. ടോയിലെറ്റുകളേക്കാൾ സ്വർണ്ണം വാങ്ങലിനാണ്‌ അവർ പ്രാധാന്യം നൽകുക.

മനോഭാവങ്ങളിലാണ്‌ മാറ്റം വരുത്തേണ്ടതെന്നു മനസ്സിലാക്കിയ ഊർമ്മിള ആദ്യം അവരോട്‌ നാപ്കിനുകൾ ഉപയോഗിക്കേണ്ട വിധവും അവ നിർമ്മാജ്ജനം ചെയ്യേണ്ട വിധവും പറഞ്ഞു മനസ്സിലാക്കി. ഇതൊന്നും പെട്ടെന്നു ഉൾക്കൊള്ളാനോ പ്രാവർത്തികമാക്കാനോ കഴിവുള്ള സമൂഹമല്ല അവിടത്തെ സ്ത്രീകളുടേത്‌. ആചാരങ്ങളിലും മറ്റും വിശ്വസിക്കുന്നവർക്ക്‌ വീട്ടിൽ ശബ്ദമുയർത്താനുള്ള സ്വാതന്ത്ര്യത്തിനു അതിരുണ്ട്‌. ഇന്നും നാളെയുമായി മാറ്റി മറിക്കാൻ പറ്റുന്ന വിധമുള്ളവയല്ല അതൊന്നും. നീണ്ട സമയദൈർഘ്യവും നിതാന്ത പരിശ്രമവും തന്നെ അതിനു വേണ്ടി വരും. ഇന്ത്യയിൽ 23 ശതമാനം പെൺകുട്ടികൾ വീട്ടിൽ ശൗചാലയങ്ങൾ ഇല്ലാത്തതു കാരണം വിദ്യാലയങ്ങളാണ്‌ അവരുടെ ആർത്തവ സമയത്ത്‌ രക്ഷാകേന്ദ്രമായി ഉപയോഗിക്കുക.

12 ശതമാനത്തോളം സ്ത്രീകൾ മാത്രമാണ്‌ നാപ്കിനുകൾ ഉപയോഗിക്കുന്നത്‌. കുറേപേർ ടിഷ്യൂ പേപ്പർ ഉപയോഗിക്കുന്നുണ്ട്‌. ആന്ധ്രാപ്രദേശിലെ കുപ്പം ഗ്രാമത്തിൽ ആർത്തവദിനങ്ങളിൽ സ്ത്രീകൾ ഒരു കുടിലിലേക്കു താമസം മാറുകയാണ്‌ പതിവ്‌. ഭക്ഷണം കഴിക്കാൻ മാത്രം വീട്ടിലെത്താം. ശേഷം താമസം ആ കുടിലിലാകണമെന്നതാണ്‌ അവരുടെ ഭ്രഷ്ട്‌. മണിപ്പൂരിലെ ഒരു സ്ത്രീ അവരുടെ ചോരത്തുള്ളി തടയാൻ പോളിത്തീൻ കവർ ഉപയോഗിക്കുന്നെന്നു പറയുമ്പോൾ മൂക്കത്തു വിരൽ വക്കാതെ എവിടാണ്‌ വികസനം എന്ന്‌ അധികാരികൾ ഉത്തരം പറയേണ്ടിവരും. ആർത്തവത്തിനു പിന്നിലെ അന്ധത ഇല്ലായ്മചെയ്യാനുള്ള പോരാട്ടത്തിന്റെ ഭാഗമായി 9 സംസ്ഥാനങ്ങളിലെ ആറായിരത്തോളം പെൺകുട്ടികൾക്കും മുതിർന്ന സ്ത്രീകൾക്കും അവർ ബോധവൽക്കരണം നടത്തുകയും സ്കൂളുകളിലും സമൂഹത്തിന്റെ താഴെതട്ടിലും കൗൺസിലിങ്‌ നടത്തുകയും ചെയ്തു.


വൃത്തിഹീനമായ വസ്തുക്കളുപയോഗിക്കാതെ നാപ്കിനുകൾ ഉപയോഗിക്കാൻ അവർക്ക്‌ പറഞ്ഞുകൊടുത്തു. നഗ്നമായ ശരീരത്തെക്കുറിച്ച്‌ സ്കൂളിൽ ക്ലാസെടുത്തപ്പോൾ നാണച്ചിരിയോടെയാണ്‌ പെൺകുട്ടികൾ അത്‌ ശ്രവിച്ചത്‌. കണ്ണിലേക്കു നോക്കി അവ കേൾക്കാൻകൂടി പെൺകുട്ടികൾ വിമുഖത കാണിച്ചതായും മൂന്നു മണിക്കൂർ നീണ്ട ക്ലാസിനുശേഷം വെജീന എന്നവർ നാണംകൂടാതെ പറഞ്ഞതായും ഊർമ്മിള ഓർക്കുന്നു. കാര്യങ്ങൾ മനസ്സിലാക്കാൻ അവർക്കിനിയും സമയം ആവശ്യമാണ്‌. അത്‌ പതിയെമാത്രമേ സംഭവ്യമാകുകയുള്ളു. മനുഷ്യന്റെ ഏറ്റവും വലിയ സ്വത്ത്‌ ആരോഗ്യമാണെന്നും അവ സംരക്ഷിക്കേണ്ടത്‌ വരും തലമുറയുടെ ഭാവിക്കുകൂടി അത്യാവശ്യമാണെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു. തെരുവിലും സോഷ്യൽ മീഡിയകളിലും മുഖപ്രസംഗവുമായി എത്തുന്ന അധികാരികളെ വണ്ടിപിടിച്ച്‌ കുഗ്രാമങ്ങളിലേക്ക്‌ കൊണ്ടുവിടേണ്ട സമയമാണിത്‌. ഇന്ത്യയുടെ ഉള്ളറകളിലെ ചോരക്കറകാണാൻ.

കാമാഖ്യാ ദേവിയുടെ യോനി

ഗുവാഹട്ടിയിൽ നീലാചൽ മലയിലാണ് കാമാഖ്യാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മറ്റുള്ള ക്ഷേത്രങ്ങളിലെ പോലെ ദേവിയുടെ സ്വരൂപവിഗ്രഹമല്ല ഇവിടെ ആരാധിക്കപ്പെടുന്നത്; മറിച്ച് ദേവിയുടെ യോനി സങ്കല്‍പം ആണ് പ്രതിഷ്ഠ!

ക്ഷേത്രത്തിലെ ഈ സങ്കൽപ്പത്തിന് പിന്നിലെ കഥ ഇങ്ങനെ: ദക്ഷയാഗത്തിൽ തന്റെ ഭർത്താവായ പരമേശ്വരനെ ക്ഷണിക്കാതെ അപമാനിച്ചതിൽ മനം നൊന്ത് സതി ദേവി അഗ്നിയിൽ ചാടി ആത്മഹൂതി ചെയ്തു. ഇതറിഞ്ഞ ശിവൻ കോപിഷ്ടനായി സതിയുടെ ശവശരീരം തോളിലേറ്റി താണ്ഡവം നടത്തുകയും ശിവനെ നിയന്ത്രിക്കാനായി സതിയുടെ ശരീരം മഹാവിഷ്ണു സുദർശന ചക്രം പ്രയോഗിച്ചു 108 കഷ്ണങ്ങൾ ആക്കി. സതി ദേവിയുടെ ശരീരഭാഗങ്ങൾ വന്നു വീണ സ്ഥലങ്ങൾ “ശക്തിപീഠം” എന്ന് വിളിക്കപ്പെടുന്നു. അതിൽ ദേവിയുടെ ഗർഭാപത്രയും, ജനനേന്ദ്രിയവും വന്നു വീണ സ്ഥലത്താണ് ഇപ്പോഴത്തെ കാമാഖ്യാ ക്ഷേത്രം!

വർഷം തോറും ആഷാടമാസത്തിൽ (ജൂണ്‍) കാമാഖ്യാ ദേവി രജസ്വല ആകാറുണ്ടത്രെ! ഇതേ തുടർന്ന് നട മൂന്നു ദിവസത്തേക്ക് അടച്ചിടുന്നു. കാമാഖ്യാ ക്ഷേത്രത്തിനു അടുത്തുള്ള ബ്രഹ്മപുത്രാ നദി ഈ സമയം ചുവന്ന് കാണപ്പെടുകയും, ആ പുണ്യ ജലം ദേവിഭക്തർക്ക്‌ പ്രസാദമായി നല്‍കപ്പെടുകയും ചെയ്യുന്നു. നദി ചുവക്കാന്‍ കാരണം അത്ഭുതം അല്ലെന്നും, മറിച്ച് പൂജാരിമാർ കലക്കി ഒഴിക്കുന്ന സിന്ദൂരം ആണെന്നതും പരസ്യമായ രഹസ്യം ആണെങ്കിലും സംഘികളെ പേടിച്ചു ആരും ചോദ്യം ചെയ്യാൻ പോകാറില്ല!

ചെങ്ങന്നൂർ അമ്മയുടെ തീണ്ടാരി

ഹിന്ദിക്കാരികളായ ദേവിമാരുടെ ആർത്തവം മാത്രമല്ല ഇവിടെ ഒരു മലയാളി ദേവിയുടെ ആർത്തവവും ആരാധിക്കപ്പെടുന്നുണ്ടല്ലോ? ദക്ഷിണ കൈലാസം എന്ന് ഖ്യാതി കേട്ട ചെങ്ങന്നുർ ശിവക്ഷേത്രത്തിലെ ദേവിയുടെ തൃപ്പൂത്താറാട്ട് പ്രസിദ്ധം ആണ്. ചെങ്ങന്നുരമ്മ രജസ്വല ആകുമ്പോൾ ദേവിയുടെ ഉടയാടയിൽ ആർത്തവ രക്തം കാണുപ്പെടുന്നു എന്നാണു അവകാശവാദം!

2011 ൽ യുക്തിവാദിയായ ആർട്ടിസ്റ്റ് സുമനൻറെ ഇടപെടലിനെ തുടർന്ന് തീണ്ടാരി ആകില്ലെന്ന് ചെങ്ങന്നൂർ ‘അമ്മ സ്വയം പ്രഖ്യാപിച്ചു. അങ്ങനെ ദേവപ്രശ്ന വിധിപ്രകാരം തീണ്ടാരിത്തുണി കച്ചവടം നിർത്തി. എങ്കിലും അതിന് ശേഷം. തുപ്പൂത്താറാട്ട് നടത്തിവരുന്നുണ്ടെങ്കിലും തീണ്ടാരി തുണി കച്ചവടം ഔദ്യോഗികമായി നിർത്തി.


ഇതിനോട് അനുബന്ധിച്ച് ഒരു ‘കഥ’ നിലവിൽ ഉണ്ട്. ആ കഥ ഇങ്ങനെ: റാണി ലക്ഷ്മി ഭായിയുടെ ഭരണ കാലത്ത് (1810-14) തിരുവിതാംകൂർ ക്ഷേത്രങ്ങളുടെ മേൽനോട്ടം ബ്രിട്ടീഷുകാരനായ കേണൽ മൺറോയ്ക്ക് ആയിരുന്നു. ക്ഷേത്ര കണക്കുകള്‍ പരിശോധിക്കുന്നതിനിടെ ദേവിയുടെ തൃപ്പൂത്തിനെ അദ്ദേഹം പരിഹസിക്കുകയും അധിക ചിലവായി കണ്ട് സഹായധനം നീക്കം ചെയ്തു. അതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യക്ക്‌ ആർത്തവ സംബന്ധികയായ പ്രശ്നങ്ങൾ ഉണ്ടാകുകയും, രക്തം നിലയ്ക്കാത്ത അവസ്ഥയും വരികയുമുണ്ടായി. അവസാനം തന്റെ ‘തെറ്റ്’ ബോധ്യപ്പെട്ട് ദേവിയോട് മാപ്പിരന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സുഖപ്പെടുകയുണ്ടായി എന്നുമാണ് പ്രചരിക്കുന്നത്. അതിൽ പിന്നെ മൺറോയുടെ കുടുംബമാണ് ദേവിയുടെ തൃപ്പൂത്ത് ആറാട്ടിന്റെ ചെലവ് വഹിക്കുന്നതത്രെ!

വർഷത്തിൽ ഇഷ്ടാനുസരണം തൃപ്പൂത്ത് ആകുന്ന ദേവിയുടെ ‘ആർത്തവരക്തം’ പുരണ്ട തുണി ലക്ഷങ്ങൾ മുടക്കി സ്വന്തമാക്കാൻ വർഷങ്ങളായി ബുക്ക്‌ ചെയ്ത് കാത്തുനില്‍ക്കുന്ന ഭക്തർ കുറച്ചൊന്നുമല്ല! ഈ തുണി വീട്ടിൽ വെച്ചാല്‍ ഐശ്വര്യം വന്നുചേരും എന്നാണ് വിശ്വാസം! ഒരു തരത്തിലും പരിശോധിക്കാൻ സാധിക്കാത്ത ഈ ‘അത്ഭുതം’ തട്ടിപ്പാണെന്ന് ആരോപിക്കാൻ ഞാൻ മുതിരുന്നില്ല –എന്നെ ആരെങ്കിലും തല്ലിക്കൊന്നാൽ യുക്തിവാദിസംഘക്കാർ ആരും എന്നെ രക്തസാക്ഷി ആക്കില്ലല്ലോ? ഇനി ആക്കിയാലും എനിക്കും അവർക്കും വലിയ പ്രയോജനവും ഇല്ലല്ലോ?

ഈ ക്ഷേത്രങ്ങളിൽ രജസ്വലകളായ ഭക്തമാർക്ക് പ്രവേശനം ഇല്ലെന്ന വിരോധാഭാസം അവിടെ നിൽക്കുമ്പോൾ തന്നെ, ‘ആ ദിവസങ്ങളിൽ’ ദേവിമാർക്ക് പോലും ഇവിടെ ഭ്രഷ്ട് ഉണ്ടെന്നത് എന്ത് വ്യജോക്തി ആണ്! പൊട്ടി ഒലിക്കുമായിരുന്ന ആ രക്തത്തിൽ നിന്നുണ്ടായവരാണ് തങ്ങളെന്നു തിരിച്ചറിവില്ലാത്തവർ ഉണ്ടാക്കിയ മതമാണ്‌ അവളെയും അവളുടെ രക്തത്തെയും അശുദ്ധി ആയി മുദ്രകുത്തിയത്. ഇനിയും നമ്മൾ ഇത് മറച്ചുപിടിയ്ക്കേണ്ട ഇത്‌ നന്മയുടെ ചോരക്കറയാണ്