തലസ്ഥാനത്ത് വീണ്ടും അദ്ധ്യാപകന്റെ വിനായകൻ മോഡൽ സദാചാര ഗുണ്ടായിസം. തിരുവനന്തപുരം മരിയാപുരം ഐടിഐയിൽ മുടി നീട്ടി വളർത്തിയതിന്റെ പേരിൽ പരീക്ഷ എഴുതാൻ അനുവദിക്കാതെ ദളിത് വിദ്യാർത്ഥിയെ ഐടിഐ സെന്റർ അധികൃതർ പുറത്താക്കി. പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കാൻ പുറത്ത് നിന്ന് വന്ന അധ്യാപകനാണ് വിദ്യാർത്ഥിയെ പരീക്ഷ എഴുതാൻ അനുവദിക്കാതെ പുറത്താക്കിയത്.
രണ്ട് വിദ്യാർത്ഥികളെ ഇത്തരത്തിൽ പുറത്താക്കിയെങ്കിലും ഒരു വിദ്യാർത്ഥി മുടി വെട്ടികൊണ്ട് വന്നതിനാൽ പരീക്ഷക്കിരിക്കാൻ അനുവദിക്കുകയായിരുന്നു. എന്നാൽ അരവിന്ദ് എന്ന വിദ്യാർത്ഥി ഇന്ന് വീണ്ടും പരീക്ഷയ്ക്കായി എത്തിയെങ്കിലും മുടി വെട്ടാതെ പരീക്ഷക്കിരിക്കാൻ സമ്മതിക്കില്ലെന്ന് നിലപാടാണ് ഐടിഐ അധികൃതർ സ്വീകരിച്ചത്. മുടി നീട്ടി വളർത്തിയതിന്റെ പേരിൽ ദളിത് ചെറുപ്പക്കാരനായ വിനായകനെ പോലീസ് കൊലപ്പെടുത്തിയിട്ട് അധികനാൾ കഴിയുന്നതിന് മുൻപാണ് തൽസ്ഥാനത്ത് വീണ്ടും മുടി നീട്ടി വളർത്തിയതിന്റെ പേരിൽ ദളിത് വിദ്യാർത്ഥിയ്ക്ക് പീഡനങ്ങൾ നേരിടേണ്ടി വന്നിരിക്കുന്നത്.
ഇതേകുറിച്ച് അരവിന്ദ് പറയുന്നത് ഇങ്ങനെ: “ധനുവച്ചപുരം ഐടിഐയിലെ സാം രാജ് എന്ന അധ്യാപകനാണ് സ്ക്വാഡ് ആയി പരീക്ഷയ്ക്ക് എത്തിയത്. ഞാനും എന്റെ കൂട്ടുകാരനും മുടി നീട്ടി വളർത്തിയിരുന്നു. ഞങ്ങളുടെ രണ്ട് പേരുടെയും ഫോട്ടോ മൊബൈലിൽ സാം രാജ് സാർ എടുത്തു. എന്നിട്ട് ഇവരെ എന്തിനാണ് ക്ലാസ്സിൽ കയറ്റിയത്? ഇവനെയൊക്കെ ടി.സി. കൊടുത്ത് വിടുകയാണ് വേണ്ടത്, ഇവനെയൊന്നും പരീക്ഷയ്ക്കിരുത്താൻ പാടില്ലെന്ന് പറഞ്ഞു ഞങ്ങളെ ഇറക്കി വിട്ടു. മുടിവെട്ടിയിട്ട് ഇവരെ ക്ലാസ്സിൽ കയറ്റിയാൽ മതിയെന്ന് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് തന്നെ സുഹൃത്തായ ജിതിൻ മുടി വെട്ടികൊണ്ട് വന്നതിനാൽ അവനെ ക്ളാസിൽ കയറ്റാൻ അനുവദിച്ചു. എന്നാൽ ഞാൻ മുടി വെട്ടിയില്ല. അത്കൊണ്ട് എന്നെ ഇവർ ക്ലാസിൽ കയറ്റാൻ സമ്മതിക്കുന്നില്ല. സാം രാജ് സാർ പറഞ്ഞാലാണ് കേറ്റാൻ പറ്റുകയുള്ളൂ, നിന്നെ കേറ്റാൻ പറ്റില്ല എന്നാണ് ഞാൻ പ്രിൻസിപ്പലിനോട് ചോദിച്ചപ്പോൾ പറഞ്ഞത്.”
ഇതേക്കുറിച്ച് മരിയാപുരം ഐടിഐ അധികൃതർ പറയുന്നത് ഇങ്ങനെ: തങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും തന്നെ ചെയ്യാൻ കഴിയില്ല. പുറത്ത് നിന്ന് പരീക്ഷാ ഡ്യൂട്ടിക്ക് വന്ന അധ്യാപകനാണ് മുടി വെട്ടാൻ പറഞ്ഞത്. അതിനാൽ തന്നെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നാണല്ല. .പരീക്ഷയുടെ ചീഫ് ആയി നിയോഗിച്ചിട്ടുള്ളത് ധനുവച്ചപുരം ഐടിഐയിലെ സാം രാജ് എന്ന അധ്യാപകനെയാണ്. അത് സർക്കാർ ഐടിഐ ആണ്. അവർ ആണ് ആ വിദ്യാർത്ഥിയുടെ മുടി നീട്ടി വളർത്തിയത് കൊണ്ട് പരീക്ഷയ്ക്ക് ഇരുത്താൻ ആവില്ലെന്ന് പറഞ്ഞത്. ഞങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല. ആ വിദ്യാർത്ഥി മുടി വെട്ടികൊണ്ട് വന്നാൽ പ്രശ്നമില്ല” മരിയാപുരം ഐടിഐ വൈസ് പ്രിൻസിപ്പൽ പറയുന്നു.