Fri. Nov 20th, 2026

ബിന്ദുവിന്റെയും കനകദുർഗയുടെയും ശബരിമല ദർശനം ഒരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ യുവതികളെ ശബരിമലയിലേക്ക് അയക്കുമെന്നും നവോത്ഥാന കേരളം ശബരിമലയിലേക്ക് ഫേസ്ബുക്ക് കൂട്ടായ്മ. ബുധനാഴ്ച സന്നിധാനത്ത് ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും ഈ കൂട്ടായ്മയിൽ അംഗങ്ങളായിരുന്നു. യുവതികളെ മകരവിളക്കിന് മുമ്പ് തന്നെ ഇനിയും സന്നിധാനത്ത് എത്തിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. രാജ്യത്തെ ഭരണഘടനയെയും നിയമവ്യവസ്ഥയെയും മൗലീകാവകാശങ്ങളെയുമൊന്നും ചില വർഗീയവാദികളായ ക്രിമിനലുകളുടെ മുന്നിൽ അടിയറ വെക്കാൻ അനുവദിക്കില്ലെന്ന് അവർ വ്യക്തമാക്കി.

ഇടതുപക്ഷ പ്രവർത്തകർ തന്നെയാണ് ഈ കൂട്ടായ്മക്ക് നേതൃത്വം നൽകുന്നവരിൽ അധികവും.രാജ്യത്ത് സുപ്രീംകോടതി വിധിയിലൂടെ നിയമമായിക്കഴിഞ്ഞ ഒരു വിധിയുടെ പിൻബലത്തിൽ ശബരിമല ദർശനത്തിനെത്തുന്ന യുവതിക്കളയും അതിന് സഹായിക്കുന്നവരെയും എന്തോ ക്രിമിനൽകുറ്റം ചെയ്യുന്നവരെപ്പോലെയും സുപ്രീംകോടതിവിധിക്കെതിരെ നാട്ടിൽകലാപമുണ്ടാക്കുന്ന ശൂദ്ര തീവ്രവാദികളായ ക്രിമിനലുകളെ ഭക്തരെന്നുമൊക്കെയാണ് ജനാധിപത്യബോധം തൊട്ടുതീണ്ടാത്ത ചിലമാധ്യമങ്ങൾ അവതരിപ്പിക്കുന്നതെന്നതാണ് തമാശയെന്ന് നവോത്ഥാന കേരളം ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മയുടെ അഡ്മിൻമാരിൽ ഒരാൾ പ്രതികരിച്ചു.

മകരവിളക്കിന് ശേഷം നട അടയ്ക്കുന്ന 20 വരെയുള്ള ദിവസങ്ങളിൽ യുവതിസംഘങ്ങൾ എത്തും ആരും ഉമ്മാക്കികാട്ടി പേടിപ്പിക്കാനൊന്നും വരേണ്ടതില്ല സാമാന്യമായ നിയമപരിജ്ഞാനം ഉള്ളവരൊക്കെത്തന്നെയാണ് ഈ കൂട്ടായ്മയിലുള്ളതും ദർശനത്തിനായി എത്തുന്നയുവതികളും.കുലകളെപ്പലെ അല്ലെന്ന് ഇതിനകം തന്നെ രംഗത്ത് വന്ന സ്ത്രീകളെ പരിശോധിച്ചാൽ ബോധ്യമാകുന്നതാണ്. പുരുഷൻമാരോടൊപ്പം സന്നിധാനത്തെത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഇത് കേരളകൗമുദി പുറത്ത് വിട്ടിരുന്നു. എന്നാൽ ഇത്തരമൊരു ശ്രമം നടത്തി പാളിപ്പോയാൽ പിന്നെ ഒരു യുവതിയെ പോലും സന്നിധാനത്തെത്തിക്കാനാവില്ലെന്ന തിരിച്ചറിവിലാണ് ഇവർ മറുതന്ത്രം മെനയുന്നത്.

അടുത്തഘട്ടം മലയ്ക്ക് പോകുന്ന യുവതികളെ സഹായിക്കാൻ സന്നദ്ധരായി നിരവധി യുവാക്കൾ സന്നദ്ധരായിക്കഴിഞ്ഞു. ഇനി പോലീസ് സുരക്ഷ ആവശ്യമില്ല. സാധാരണക്കാരെപോലെ പോകാൻ താത്പര്യമുള്ള യുവതികൾക്കും ശബരിമലയിൽ പോകാൻ കഴിയണം . അതുകൊണ്ട് തന്നെ പൊലീസിന്റെ സഹായത്തോടെയാവില്ല ഇനിയുള്ള ശ്രമങ്ങൾ. ബിന്ദുവിനും കനകദുർഗ്ഗയ്ക്കും ശബരിമലയിൽ എത്താനായത് ഈ മാസം 24 മുതൽ നടത്തിയ സംഘടിതമായ ശ്രമത്തിന്റെ ഫലമാണ്.

യുവതികൾ ശബരിമലയിൽ ദർശനം നടത്തുന്നത് അംഗീകരിക്കാൻ കേരളത്തിന്റെ മനസിനെ പരുവപ്പെടുത്തുന്നത് വരെ ഈ കൂട്ടായ്മ തുടരുമെന്നും അവർ വ്യക്തമാക്കി .ശബരിമല ദർശനം കഴിഞ്ഞെത്തുന്ന യുവതികളെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും രാഷ്ട്രീയ മുതലെടുപ്പിനായി നാട്ടിൽ കലാപമുണ്ടാക്കാൻ തുനിഞ്ഞിറങ്ങിയിട്ടുള്ള സംഘപരിവാർ ക്രിമിനലുകളാണ് ഇത്രയും പ്രതിഷേധമുയർത്തുന്നതെന്നും ഈ ഗുണ്ടായിസം ജനാധിപത്യ കേരളത്തിൽ വെച്ചുപൊറുപ്പിക്കത്തക്കതല്ലെന്നും കൂടുതൽ യുവതികൾ ദർശനം നടത്തി തന്നെയാണ് ഇതിനെതിരെ പ്രതിഷേധിക്കേണ്ടതെന്നും കൂട്ടായ്മയുടെ വക്താവ് പറഞ്ഞു.