Sun. Nov 22nd, 2026

✍️ സുരേഷ്.സി ആർ

കോൺഗ്രസ് നേതാവും വിദ്യാഭ്യാസവിദഗ്ദനും സാമൂഹിക പരിഷ്കർത്താവുമായിരുന്നു ആർ ശങ്കർ. ഉത്തരവാദ ഭരണം ആവശ്യപ്പെട്ട് സ്റ്റേറ്റ് കോൺഗ്രസ് നടത്തിയ പ്രക്ഷോഭണത്തിൽ നിരോധനാജ്ഞ ലംഘിച്ച് യോഗങ്ങളിൽ പ്രസംഗിച്ചതിന് 18 മാസവും ക്വിറ്റ് ഇന്ത്യാ സമരകാലത്തും ജയിൽവാസമനുഷ്ഠിച്ചു.

സ്വാതന്ത്രസമര സേനാനി, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി, കെ.പി.സി.സി പ്രസിഡന്റ്, എസ്.എന്‍ ട്രസ്‌റ് സ്ഥാപകനും ആദ്യ സെക്രട്ടറിയും തിരുവാതാംകൂര്‍, കേരള നിയമസഭകളില്‍ അംഗം, കേരളത്തിലെ ആദ്യ ഉപമുഖ്യമന്തി, മുഖ്യമന്ത്രി, ഹിന്ദുമണ്ഡല നേതാവ്, അധ്യാപകന്‍, അഭിഭാഷകന്‍, പത്രാധിപര്‍ എന്നിങ്ങനെ വൈവിദ്ധ്യമായ മേഖലകളില്‍ പ്രവര്‍ത്തിച്ചു. 1937ല്‍ ബി.എല്‍. ജയിച്ചു. 1938 ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനും 1942 ക്വിറ്റിന്ത്യാ പ്രക്ഷോഭത്തെ തുടര്‍ന്നും ജയില്‍വാസം അനുഭവിച്ചു.

1944ല്‍ ശങ്കര്‍ എസ്.എന്‍.ഡി.പി. സെക്രട്ടറി സ്ഥാനത്ത് വരുമ്പോള്‍ യോഗത്തിന് പറയത്തക്ക ആസ്ഥികളൊന്നുമില്ലായിരുന്നു. ഗുരുദേവന് ലഭിച്ച വലിയ സ്വത്തുക്കളെല്ലാം ശിവഗിരി സന്യാസ സംഘത്തിന്റെ ഉടമസ്ഥയിലായിരുന്നു. എസ്.എന്‍.ഡി.പി. യോഗത്തിന് ഒന്നുമില്ലായ്മയില്‍ നിന്നും തന്നെ തുടങ്ങേണ്ടി വന്നു. പിടിയരിയും വാതിലുകള്‍ തോറുമുളള പിരിവുകളും വാങ്ങി അദ്ദേഹം എസ്.എന്‍.ഡി.പി. യോഗത്തിന്റെ കീഴില്‍ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി.

എസ്.എന്‍.ഡി.പി. യോഗത്തിന്റെ പ്രവര്‍ത്തന ആസ്ഥാനം കൊല്ലമായി മാറുകയും ചെയ്തു. കൊല്ലം എസ്.എന്‍. കോളജിന്റെ സ്ഥാപനത്തിനായി ഒരു നിലാവുളള രാത്രിയില്‍ ശങ്കറും സര്‍വ്വേയര്‍ വേലുപ്പിള്ളയും കൂടിയാണ് കൊല്ലം പീരങ്കി മൈതാനത്തിന്റെ ഒരറ്റത്ത് ഇരുപത്തഞ്ചു ഏക്കര്‍ സ്ഥലം അളന്നു തിരിച്ചത് ശങ്കറാണ്. തുടര്‍ന്നു ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യരുടെ അംഗീകാരം തേടി. കേരളത്തിലെ ഏറ്റവും വലിയ കലാശാലകളിലൊന്നായി എസ്.എന്‍. കോളജ് ഉയര്‍ന്നുവന്നു. തുടര്‍ന്നു എസ്.എന്‍. കോളജുകളുടെ ഭരണത്തിന് അദ്ദേഹം എസ്.എന്‍. ട്രസ്റ്റും രൂപീകരിച്ചു.

ഒന്നുമില്ലായ്മയില്‍ നിന്നും ട്രസ്റ്റിനു പതിനെട്ട് കോളജുകള്‍ കേരളത്തിലുണ്ടായി. 1948ല്‍ തിരുവിതാംകൂര്‍ നിയമസഭാംഗമായി, 1954 ല്‍ ദിനമണി പത്രം തുടങ്ങിയ ശങ്കര്‍ 1957ല്‍ കെ.പി.സി.സി. പ്രസിഡന്റായി.

1948-ൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നാട്ടുരാജ്യങ്ങളുടെ പദവി, ഘടന എന്നിവയെപ്പറ്റി വിലപ്പെട്ട നിർദേശങ്ങൾ നൽകി.

1944-ൽ ശങ്കർ ജനറൽ സെക്രട്ടറിയായതോടെ എസ്എൻഡിപി യിൽ നവോന്മേഷം കൈവരിച്ചു. പുതിയ ശാഖകൾ, യൂണിയനുകൾ, ശാഖാ മന്ദിരങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തു.

1952-ൽ കോളേജുകളുടെ ഭരണത്തിനായി എസ് എൻ ട്രസ്റ്റ് രൂപീകരിച്ചു.

1954-ൽ ദേശീയ വീക്ഷണം പ്രതിഫലിപ്പിക്കുന്ന ‘ദിനമണി’ പത്രം തുടങ്ങി.
കേരളത്തെക്കുറിച്ചുള്ള ‘ഇയർ ബുക്ക്’ ആദ്യമായി പ്രസിദ്ധീകരിച്ച ബഹുമതി ആർ ശങ്കറിനാണ്.

1957 ൽ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ കാലയളവിൽ കെ പി സി സി പ്രസിഡന്റായിരുന്നത് ആർ ശങ്കറാണ്.

1960-ൽ പട്ടം താണുപിള്ള മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയും 1962-ൽ മുഖ്യമന്ത്രിയുമായി.

1964-ൽ മന്ത്രിസഭാംഗമായിരുന്ന പി ടി ചാക്കോ അപവാദത്തിന്റെ പേരിൽ രാജിവയ്ക്കുകയും അതുമൂലം മന്ത്രിസഭയ്ക്കെതിരായ അവിശ്വാസ പ്രമേയം പാസ്സായതിനെത്തുടർന്ന് മുഖ്യമന്ത്രിപദം രാജിവച്ചു.

ശങ്കറിന്റെ ഭരണക്കാലത്താണ് കേരളത്തില്‍ ആദ്യമായി അശരണര്‍ക്കും അനാഥര്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. ഈ നടപടി പിന്നെ ഭാരതത്തിന് ആകെ മാതൃകയാകുകയും ചെയ്തു. അഗതികള്‍ക്ക് സഹായമായി പ്രതിമാസം അഞ്ചുരൂപ (അന്ന് അതൊരു നല്ല തുകയാണ്) പെന്‍ഷന്‍ ഏര്‍പ്പെടുത്തി. രണ്ടു വര്‍ഷത്തിലധികം അധികാരത്തിലിരുന്ന ശങ്കര്‍ മന്ത്രിസഭ കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളിലെ ഭിന്നിപ്പ് കാരണം 1964ല്‍ വീണു.

1949ല്‍ മന്നത്ത് പദ്മനാഭനും ആര്‍ ശങ്കറും ഹിന്ദു മണ്ഡലം രൂപീകരിച്ചിരുന്നു. അന്ന് മന്നം ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ശങ്കര്‍ അംഗവുമായിരുന്നു. മന്ത്രിസഭാ പതനത്തിനുശേഷം അദ്ദേഹം മല്‍സരിച്ച തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിച്ച ശങ്കര്‍ പിന്നീട് എസ്.എന്‍. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് മാത്രമായി പൊതുപ്രവര്‍ത്തനം ഒതുക്കുകയും ചെയ്തു.  മരണംവരെ ശ്രീനാരായണ ട്രസ്റ്റിന്റെ സെക്രട്ടറിയായി തുടർന്നു.