ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്ര വിധിയെ തുടർന്ന് അയ്യപ്പസ്വാമിയുടെ ബ്രഹ്മചര്യത്തെയും ആചാരങ്ങളെയും സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ‘കൊല’സ്ത്രീകളുടെ പരസ്പരവിരുദ്ധമായ വാദങ്ങൾ കേട്ട് വട്ടായ അനുപമയുടെ കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലാകുന്നു.
അനുപമ ആനമങ്ങാടിൻറെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്
“നീയാരാ ഞങ്ങടെ കാര്യം തീരുമാനിക്കാൻ?”
“ങേ!?”
“വിശ്വാസികളുടെ കാര്യം വിശ്വാസികൾ തീരുമാനിച്ചോളും”
“ആയ്ക്കോട്ടെ. അതിന്?”
“പിന്നെന്തിനാ സ്ത്രീകൾക്കു ശബരിമലയിൽ പോണമെന്നു പറയുന്നത്?”
“നിങ്ങൾ പോണമെന്നാണോ പറഞ്ഞത്?”
“എനിക്കെങ്ങും പോണ്ട”
“പിന്നെന്താ പ്രശ്നം?”
“വിശ്വാസി സ്ത്രീകൾ പോണോ വേണ്ടയോ എന്നവർ തീരുമാനിച്ചോളും”
“അതല്ലേ കോടതിയും പറഞ്ഞേ?”
“കോടതി, സ്ത്രീകൾക്കു പോവാമെന്നു പറഞ്ഞല്ലോ!”
“പോവാമെന്നു പറഞ്ഞു, നേരാ”
“ഞാൻ പോവില്ല. അതു കോടതി തീരുമാനിക്കണ്ട. നീയും തീരുമാനിക്കണ്ട. ഞാൻ തീരുമാനിച്ചോളാം”
“ങേ!? അതുതന്നല്ലേ കോടതി പറഞ്ഞേ?”
“കോടതി സ്ത്രീകൾക്കു പോവാമെന്നു പറഞ്ഞു”
“അതുകൊണ്ട്?”
“ഞങ്ങക്കു പോണ്ട”
“എന്നാ പോണ്ട! അതിന്?”
“പിന്നെന്തിനാ കോടതി അങ്ങനെ പറഞ്ഞത്?”
“എങ്ങനെ പറഞ്ഞത്?”
“സ്ത്രീകൾക്കും പോവാമെന്ന്”
“അങ്ങനെ പറഞ്ഞാൽ പോണോ?”
“അങ്ങനെ പറഞ്ഞാൽ പോവാമല്ലോ!”
“പോണമെങ്കിൽ പോവാം”
“എനിക്കു പോണ്ട!”
“എന്നാ പോണ്ട!”
“ഒരു വിശ്വാസി സ്ത്രീയും പോവില്ല”
“ശരി, നല്ലകാര്യം!”
“കോടതി അനുവദിക്കാൻ പാടില്ലായിരുന്നു”
“അതെന്താ അനുവദിച്ചാൽ അറിയാതങ്ങു പോയിപ്പോകുമോ?”
“ഇല്ല പക്ഷേ ചില സ്ത്രീകൾ പോയാലോ?”
“പോയാലെന്താ?”
“അവർക്ക് വിശ്വാസം കാണില്ല”
“അതെങ്ങനറിയാം?”
“ഉണ്ടേൽ പോവില്ല”
“എന്നാരു പറഞ്ഞു?”
“വിശ്വാസമില്ലാത്തവർ പോകുന്നതു തടയണം”
“അതിപ്പോൾ തടയുന്നുണ്ടോ അവിശ്വാസികളായ ആണുങ്ങൾ പോകുന്നത്?”
“ഇല്ല പക്ഷേ…”
“എന്തു പക്ഷേ?”
“സ്ത്രീകൾ പോയാൽ അയ്യപ്പന്റെ ബ്രഹ്മചര്യം…”
“അതു പോകുമെന്ന് നിങ്ങളുടെ വിശ്വാസം. അതത്രയെളുപ്പമൊന്നും പോവില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നവരോ?”
“അങ്ങനെ ഉറച്ചുവിശ്വസിക്കരുത്”
“അതെന്താ അതു വിശ്വാസമല്ലേ?”
“അങ്ങനല്ല വിശ്വാസം!”
“പിന്നെ, അയ്യപ്പനെ അവിശ്വസിക്കലാണോ വിശ്വാസം?”
“ങേ!?”
“ങാ!!”
(ഇച്ചിരി സോഡ കിട്ടുവോ!?)