✍️ സി.ആർ.സുരേഷ്
സെപ്തംബർ 29: മാതൃത്വത്തിന്റെ കവയിത്രി,ബാലാമണിയമ്മ(19 ജൂലൈ 1909 – 2004) ദിനം.
പുരുഷ കേന്ദ്രിതമായ മലയാള കാവ്യലോകത്ത് സ്ത്രീയുടെ അനുഭവ ലോകത്തിന്റെ സങ്കീർണ്ണതകളും സ്ത്രീ സ്വത്വവും ആവിഷ്കരിക്കാൻ ശ്രമിച്ച ആദ്യ മലയാള കവയിത്രിയാണ് നാലപ്പാട്ട് ബാലാമണിയമ്മ. പരമ്പരാഗതമായി സ്ത്രീയെപ്പറ്റി ഉറപ്പിച്ചിട്ടുള്ളതിൽനിന്നു വ്യത്യസ്തമായ ഒരു കർത്തൃത്വം നിർമ്മിക്കാനുള്ള ശ്രമമായിരുന്നു അവരുടെ കാവ്യങ്ങൾ. മാതൃത്വം, വാത്സല്യം തുടങ്ങിയ സ്ത്രൈണാനുഭവങ്ങൾക്കൊപ്പം ഭക്തി, ദേശിയത, ദാർശനികത, പ്രേമം തുടങ്ങിയ ഭാവങ്ങളും ആ കവിതകളിൽ നിറഞ്ഞു നിൽക്കുന്നു.
അനുഭൂതികൾ സ്മരണതയുടെ ഊഷ്മളതയിൽ തിളച്ചു കുറുകിയുണ്ടാകുന്ന മധുരസത്ത’യാണ് സ്വന്തം കവിതയെന്നു ബാലാമണിയമ്മ വിലയിരുത്തിയിട്ടുണ്ട്.
16-ാം വയസ്സിൽ എഴുതിയ ‘വിലാപം’ ആണ് ആദ്യ കവിത. 1930-ൽ ‘കൂപ്പുകൈ’ എന്ന ആദ്യ സമാഹാരം പുറത്തുവന്നതോടെ ശ്രദ്ധിക്കപ്പെട്ടു.

അമ്മ, കുടുംബിനി, സ്ത്രീഹൃദയം, പ്രഭാങ്കുരം, ഭാവനയിൽ, ഊഞ്ഞാലിന്മേൽ, വെളിച്ചത്തിൽ, അവർ പാടുന്നു, പ്രണാമം, മുത്തശ്ശി, നിവേദ്യം, ലോകാന്തരങ്ങളിൽ, മഴുവിന്റെ കഥ, നഗരത്തിൽ എന്നിവയാണ് പ്രധാന കാവ്യങ്ങൾ.
കേരള – കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരങ്ങൾ, കൊച്ചി രാജാവിന്റെ സാഹിത്യ നിപുണ ബഹുമതി, ആശാൻ പ്രൈസ്, ലളിതാംബിക അന്തർജ്ജനം അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, സരസ്വതി സമ്മാനം, പത്മഭൂഷൺ തുടങ്ങി ജ്ഞാനപീഠമൊഴികെ മിക്ക സാഹിത്യ പുരസ്കാരങ്ങളും ലഭിച്ചു.
മഹാകവി വള്ളത്തോളിന്റെ പ്രോത്സാഹനം ചെറുപ്പത്തിൽ ലഭിച്ച ബാലാമണിയമ്മയ്ക്ക്, പത്രപ്രവർത്തകനായ ഭർത്താവ് വി എം നായരുടെ അകമഴിഞ്ഞ പിന്തുണ അവരുടെ കാവ്യജീവിതത്തെ പരിപോഷിപ്പിച്ചു.
മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടി, ഡോ.സുലോചന നാലപ്പാട്ട്, മോഹൻദാസ്, ശ്യാം സുന്ദർ എന്നിവർ മക്കളും, കവിയും വിവർത്തകനും പണ്ഡിതനുമായ നാലപ്പാട്ട് നാരായണ മേനോൻ അമ്മാവനുമാണ്.

