ആധുനിക കേരള ചരിത്രത്തിലെ അനിഷേധ്യനാമവും കേരളത്തിലെ തൊഴിലാളി വർഗത്തിന്റെ കരുത്തനായ പോരാളി, ജനകീയ സമരങ്ങളുടെയും പോരാട്ട വേദികളിലേയും അതുല്യനായ സംഘാടകനും വർഗവഞ്ചകരുടെ കൊലക്കത്തിക്കിരയായ അനശ്വരനായ രക്തസാക്ഷിയുമാണ് അഴീക്കോടൻ രാഘവൻ.ആയിരക്കണക്കിന് തൊഴിലാളികളുടെയും കർഷകരുടെയും സ്നേഹവിശ്വാസങ്ങൾക്ക് പാത്രമായ സഖാവ് തകരാത്ത മനകരുത്തിന്റെയും ആദർശ സ്ഥൈര്യത്തിന്റെയും ആൾരൂപമായിരുന്നു.
ബീഡി തൊഴിലാളിയെന്ന നിലയിൽ തൊഴിലാളി യൂണിയനുകൾ സംഘടിപ്പിച്ച് നേതാവായി മാറിയ അദ്ദേഹം രണ്ടാം ലോകയുദ്ധം കൊടുമ്പിരിക്കൊണ്ട 1940 -കളിൽ കമ്യൂണിസ്റ്റ് പാർടിയിൽ ആകർഷിക്കപ്പെട്ടു. ആ കാലഘട്ടത്തിൽ ഭീകരമായ ഭക്ഷ്യക്ഷാമവും പട്ടിണിയും രോഗങ്ങളും തടയുന്നതിന് പാർടി ഏറ്റെടുത്ത പ്രവർത്തനങ്ങളുടെ മുഖ്യ ചുമതലക്കാരനായി. 1963-ൽ ദേശാഭിമാനി പ്രിന്റിംഗ് ആൻഡ് പബ്ലിഷിങ് കമ്മിറ്റിയുടെ ഭരണസമിതി ചെയർമാനായി. അന്ത്യം വരെ ആ സ്ഥാനത്ത് തുടർന്നത് അഴീക്കോടൻ മാത്രമാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കോൺഗ്രസ് സർക്കാർ നടത്തിയ നരവേട്ടയിൽ അറസ്റ്റിലാവുകയും മൃഗീയമായ മർദ്ദനങ്ങളും ഏറ്റിട്ടുണ്ട്. 1962 – ലെ ഇന്ത്യാ ചീന യുദ്ധത്തെ തുടർന്ന് വീണ്ടും അറസ്റ്റിലായി. 1964-ൽ പാർടി പിളർന്നപ്പോൾ സി പി ഐ (എം)നൊപ്പം നിന്നു. 1967-ലെ ഐക്യമുന്നണി മന്ത്രിസഭയുടെ കോ-ഓഡിനേഷൻ കമ്മിറ്റി സെക്രട്ടറിയായിരുന്നു. രാത്രി 9.50 ന് തൃശൂർ ചെട്ടിയങ്ങാടിയിൽ ബസ്സ് ഇറങ്ങിയ സഖാവിനെ പതിയിരുന്ന അക്രമകാരികൾ കൊലപ്പെടുത്തുകയായിരുന്നു.

ജീവിത രേഖ
1946ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കണ്ണൂര്‍ ടൌണ്‍ സെക്രട്ടറിയായി. 1951ല്‍ മലബാര്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംഘര്‍ഷഭരിതമായ ഒരു രാഷ്ട്രീയകാലാവസ്ഥയിലാണ് 1956ല്‍ സഖാവ് പാര്‍ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുന്നത്. തുടര്‍ന്ന് 1959ല്‍ സംസ്ഥാന കേന്ദ്രത്തിലേക്ക് പ്രവര്‍ത്തനം മാറ്റുകയും ചെയ്തു. 1967ല്‍ ഐക്യമുന്നണി കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണ്‍വീനറായി. മുന്നണിരാഷ്ട്രീയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പ്രവര്‍ത്തനങ്ങളിലൂടെ അഴീക്കോടന്‍ പരിചയപ്പെടുത്തി തരികയായിരുന്നു.
1969ല്‍ ദേശാഭിമാനി പ്രിന്റിങ് ആന്‍ഡ് പബ്ളീഷിങ് കമ്പനിയുടെ ഭരണസമിതി ചെയര്‍മാനായി. ദേശാഭിമാനിയെ ഒരു ബഹുജനപത്രമാക്കി മാറ്റുന്നതിന് അക്കാലത്ത് നടന്ന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ സവിശേഷമായ ഇടപെടലുണ്ടായിരുന്നു. രാഷ്ട്രീയ എതിരാളികളുടെ നുണപ്രചാരണങ്ങളെ നേരിടുന്നതിന് ദേശാഭിമാനിയെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓരോ ഘട്ടത്തിലും അദ്ദേഹം ഓര്‍മപ്പെടുത്തി.
സമരപോരാട്ടങ്ങളാല്‍ ആവേശകരമായ അധ്യായമാണ് അഴീക്കോടന്റെ ജീവിതം. രാഷ്ട്രീയ എതിരാളികളുടെ ക്രൂരമര്‍ദനങ്ങള്‍ നിരവധിതവണ ഏറ്റുവാങ്ങേണ്ടിവന്നു. ഒപ്പം നിരവധിതവണ ജയില്‍വാസവും അനുഭവിക്കേണ്ടിവന്നു. 1948ല്‍ അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമായ മര്‍ദനത്തിന് വിധേയമാകേണ്ടി വരികയും ചെയ്തു. 1950, 1962, 1964 എന്നീ വര്‍ഷങ്ങളിലും സഖാവിന് ജയില്‍വാസം ഏറ്റുവാങ്ങേണ്ടി വന്നു. പീഡാനുഭവങ്ങളുടെ കുത്തൊഴുക്കുകള്‍ക്കുമുന്നിലും പതറാതെ നില്‍ക്കാനുള്ള അഴീക്കോടന്റെ ശേഷി ജീവിതത്തിന്റെ വ്യത്യസ്തഘട്ടങ്ങളില്‍ അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ത്യാഗപൂര്‍ണമായ ജീവിതത്തിന്റെ സമാനതകളില്ലാത്ത അനുഭവവും അദ്ദേഹത്തിനുണ്ട്.
പാര്‍ടിയുടെയും ട്രേഡ് യൂണിയന്റെയും ചുമതലകള്‍ നിര്‍വഹിക്കുന്ന ഘട്ടത്തില്‍തന്നെ അദ്ദേഹം സഹകരണമേഖലയിലും തന്റേതായ സംഭാവനകള്‍ നല്‍കുകയുണ്ടായി. കേരളത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട സഹകരണ പ്രസുകളിലൊന്നായ കണ്ണൂര്‍ കോ- ഓപ്പറേറ്റീവ് പ്രസ് സ്ഥാപിതമായത് പ്രധാനമായും അഴീക്കോടന്റെ നേതൃത്വത്തിലായിരുന്നു.

ഇനിയും ചുരുളഴിയാത്ത അഴിക്കോടന്‍ വധം
1972 സെപ്തംബര്‍ 23നായിരുന്നു കേരളത്തെ ഞെട്ടിച്ച അഴീക്കോടന്‍ രാഘവന്റെ കൊലപാതകം നടന്നത്. കൊല്ലപ്പെടുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു അദ്ദേഹം. കാലമിത്രയായിട്ടും പ്രസ്തുത കൊലയെ സൂക്ഷ്മമായ പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കാന്‍ പാര്‍ട്ടിയോ കേരളസമൂഹമോ ശ്രമിച്ചിട്ടില്ല എന്നതാണ് വാസ്തവം.
കാര്‍ഷികസര്‍വ്വകലാശാലക്കായി 936 ഏക്കര്‍ വരുന്ന തട്ടില്‍ എസ്‌റ്റേറ്റ് അക്വയര്‍ ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്ന സമയമായിരുന്നു അത്. 30 ലക്ഷത്തോളം മാത്രം വിലവരുന്ന എസ്‌റ്റേറ്റിന് 2 കോടി കൊടുത്തു എന്നായിരുന്നു ആരോപണം. എസ്റ്റേറ്റ് മാനേജരായിരുന്ന വി പി ജോണിനോട് ഡിസിസി പ്രസിഡന്റായിരുന്ന എം വി അബൂബക്കര്‍ക്ക് 15000 രൂപ നല്‍കാനാവശ്യപ്പെട്ട് കരുണാകരന്റെ പി എ ഗോവിന്ദന്‍ നല്‍കിയ കത്ത് നവാബ് രാജേന്ദ്രന്‍ തന്റെ പത്രമായ നവാബില്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് നവാബിനെ അറസ്റ്റ് ചെയ്യുകയും ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തു. ആ കത്തിന്റെ ഒറിജിനല്‍ അഴിക്കോടന്റെ കൈവശമുണ്ടെന്ന് നവാബില്‍ നിന്ന് പോലീസ് മനസ്സിലാക്കി. സെപ്തംബര്‍ 24ന് ഇടതു നേതാക്കള്‍ തൃശൂരില്‍ യോഗം ചേരാനും വിഷയം പ്രതിപക്ഷനേതാവ് ഇ എം എസ് തന്നെ നിയമസഭയില്‍ അവതരിപ്പിക്കാനും കത്തിന്റെ ഒറിജിനല്‍ തന്നെ ഹാജരാക്കാനുമായിരുന്നു തീരുമാനം.

ആ സമയത്ത് തൃശൂര്‍ മാര്‍ക്കറ്റില്‍ സിപിഎം വിട്ടുപോയ ആര്യന്‍ പക്ഷത്തിനായിരുന്നു മുന്‍തൂക്കം. കൊലക്കു ഒരാഴ്ച മുമ്പ് അഴിക്കോടന്‍ രാഘവന്‍ നഗരത്തിലെ അഞ്ചുവിളക്കില്‍ തൊഴിലാളികളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചിരുന്നു. എ വി ആര്യനും മറ്റും തൊഴിലാളികളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നായിരുന്നു ആ പ്രസംഗത്തില്‍ അദ്ദേഹം ഊന്നിയത്. തുടര്‍ന്ന് ആര്യന്‍ ഗ്രൂപ്പിലെ മൂന്നു തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടിരുന്നു. പലവട്ടം സംഘര്‍ഷങ്ങളുമുണ്ടായി. സത്യത്തില്‍ അഴീക്കോടന്‍ കൊല ചെയ്യപ്പെട്ട ദിവസം ആര്യന്‍ കൊല ചെയ്യപ്പെടുമെന്ന വാര്‍ത്ത പരന്നിരുന്നു.
എന്നാല്‍ അതേ ദിവസം ആര്യന്റെ പൊതുയോഗം മംഗലം ഡാമിനടുത്തുണ്ടായിരുന്നു. ഭീഷണിയുണ്ടായിരുന്നതിനാല്‍ സുരക്ഷയുടെ ഭാഗമായി പോലീസ് ആര്യനെ സ്റ്റേഷനിലേക്കുമാറ്റി. അറസ്റ്റ് രേഖപ്പെടുത്തണമെന്ന ആര്യന്റെ വാശി പോലീസ് അംഗീകരിച്ചു. ഇന്നത്തെ പോലെ വാര്‍ത്താവിനിമയ സൗകര്യം അന്നില്ലായിരുന്നല്ലോ. ആര്യനെ കാണാതായപ്പോള്‍ കൊല്ലപ്പെട്ടിരിക്കുമെന്ന അഭ്യൂഹം തൃശൂരില്‍ പരന്നു. അന്നേരം നഗരത്തിലെത്തി, താന്‍ തൃശൂരിലെത്തുമ്പോള്‍ സ്ഥിരം താമസിച്ചിരുന്ന സ്വകാര്യ ലോഡ്ജിലേക്ക് നടന്നുപോയിരുന്ന അഴിക്കോടനെ ആര്യന്‍ പക്ഷത്തെ ഏതാനും പേര്‍ തടയുകയും തര്‍ക്കത്തിനിടയില്‍ കൊല ചെയ്യപ്പെട്ടതുമാണെന്ന് ഇന്നും പലരും കരുതുന്നു. എന്നാല്‍ ആര്യനെ കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു. അതിന് അന്വേഷണ ഉദ്യോഗസ്ഥന്‍ സമ്മതിച്ചില്ല. കാരണം അന്നേരം ആര്യന്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. എന്നാല്‍ ആ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയായിരുന്നു ആര്യനെ പ്രതിയാക്കിയത്.
അതേ സമയം അന്നു രാത്രി തന്നെ നഗരത്തില്‍ മറ്റൊരാളും കൊല ചെയ്യപ്പെട്ടു. നിരപരാധിയായിരുന്ന അയാളെ സിപിഎമ്മുകാരാണ് കൊന്ന് കായലില്‍ തള്ളിയത്. കൂടാതെ ആര്യന്റെ ഓഫീസുകള്‍ അക്രമിക്കുകയും പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തു.അഴീക്കോടന്‍ വധത്തില്‍ പ്രതിയായിരുന്നെങ്കിലും നിരപരാധിയെന്നു കണ്ട് പിന്നീട് കോടതി ആര്യനെ വെറുതെവിട്ടു. സത്യത്തില്‍ അഴിക്കോടന്‍ കൊലക്കു പുറകിലാരാണെന്ന് ഇപ്പോഴും വ്യക്തമല്ല. അതേസമയം കരുണാകരന്റെ പി എയുടെ കത്തിനെ കുറിച്ച് പിന്നീടാരും ഉരിയാടിയിട്ടുമില്ല. ആര്യനെ പ്രതിയാക്കാന്‍ കരുണാകരനും സിപിഎമ്മും സഹകരിച്ചിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അഴിക്കോടന്‍ വധം നടന്നില്ലായിരുന്നെങ്കില്‍ ആര്യന്റെ പാര്‍ട്ടി തൃശൂര്‍ ജില്ലയിലെ പ്രധാന പാര്‍ട്ടിയായി മാറുമായിരുന്നു. കത്തിന്റെ ഒറിജിനല്‍ കോപ്പി പുറത്തുവന്നിരുന്നെങ്കില്‍ കരുണാകരന്റെ രാഷ്ട്രീയഭാവി പ്രതിസന്ധിയിലാകുമായിരുന്നു. പക്ഷെ മരണം വരെ ഇഎംഎസ് പറഞ്ഞത് നക്‌സലൈറ്റുകളാണ് അഴീക്കോടനെ വധിച്ചതെന്നായിരുന്നു.

