Sat. Mar 2nd, 2024

✍️ വിനീത് സുകുമാരൻ 

ആശയദാരിദ്ര്യമാണ് ആൾ ദൈവങ്ങളെ ഉണ്ടാക്കുന്നത്, അത് ഭക്തിയുടെ വ്യാപാരത്തിലായാലും യുക്തിയുടെ വ്യാപാരത്തിലായാലും. കേരളം കണ്ട നിരവധി പ്രതിഭകൾ ഔദ്യോഗീകപദവിയിലും സാദാരണ പ്രവർത്തകരായും പ്രവർത്തിച്ചിട്ടുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന് 61 വയസ് പിന്നിടുമ്പോഴും ആൾദൈവങ്ങളെ സൃഷ്ടിക്കേണ്ട ഗതികേടു വരാതിരുന്നത് അതുകൊണ്ടാണ്. ശാസ്ത്രരംഗത്തും പരിസ്ഥിതീക പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും ശക്തമായ ഇടപെടൽ ഇന്നും നടത്തിക്കൊണ്ടിരിക്കുന്ന പരിഷത്തിന് അനാവശ്യ പരസ്യങ്ങളോ ആരോടെങ്കിലുമുള്ള ആരാധനയോ പ്രോത്സാഹിപ്പിക്കുന്നതിനപ്പുറം സാമൂഹ്യമേഖലയിലും ശക്തമായ ഇടപെടൽ നടത്താൻ കഴിഞ്ഞിട്ടുണ്ട്. ആരെയും ബോധ്യപ്പെടുത്താനോ കൊട്ടിഘോഷിക്കാനോ അല്ലാതെ തന്നെ നിരവധി പരിഷത്ത് പ്രവർത്തകർ ജാതി മത രഹിതരായി വിവാഹിതരാകുകയും സാമൂഹ്യ പ്രതിബദ്ധതയോടെ തന്നെ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നുണ്ടെന്നുള്ളത് അഭിമാനാർഹം തന്നെയാണ്.

1962-ൽ “ശാസ്ത്ര സാഹിത്യം മലയാളത്തിൽ” എന്ന മുദ്രാവാക്യത്തോടെ, കോഴിക്കോട് ദേവഗിരി കോളേജിൽ രൂപീകരിക്കപ്പെട്ട ഈ സംഘടനയുടെ ആദ്യ പ്രസിഡന്റായി മലയാളത്തിലെ ആദ്യകാല ശാസ്ത്രസാഹിത്യകാരൻ ഡോ. കെ ഭാസ്കരൻനായർ തിരഞ്ഞെടുടുക്കപ്പെട്ടു. പ്രശസ്തനായ അന്തർദേശീയ ശാസ്ത്രജ്ഞൻ കെ ജി അടിയോടിയും കവിയും പത്രാധിപരുമായ എൻ വി കൃഷ്ണവാര്യർ എന്നിവർ ഭാരവാഹികളായി.”ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്” എന്നതാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന മുദ്രാവാക്യം.


ജനങ്ങളെ ശാസ്ത്രീയമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതിന്‌, ഏറ്റവും നന്നായി ശ്രദ്ധ ചെലുത്തേണ്ടത്, വിദ്യാഭ്യാസ രംഗത്താണെന്ന് പരിഷത്ത് കരുതുന്നു. വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന, ഉണ്ടായ മാറ്റങ്ങളെല്ലാം വളരെ സാകൂതം നിരീക്ഷിക്കുകയോ അല്ലെങ്കില്‍ അതിന്‌ കാരണഭൂതമാവുകയോ ചെയ്ത ഒരു പ്രസ്ഥാനമാണ്‌ പരിഷത്ത്.ഐ.ആര്‍.ടി.സി എന്ന പേരില്‍ പാലക്കാട് മുണ്ടൂരില്‍ ഒരു ഗവേഷണ സ്ഥാപനവുമുണ്ട് പരിഷത്തിന്

അതിനുമുൻപ് 1962 ഏപ്രില്‍ എട്ടിന് കോഴിക്കോടു് ഇമ്പീരിയല്‍ ഹോട്ടലില്‍ ഡോ. കെ.ജി. അടിയോടിയുടെയും പി. ടി. ഭാസ്കരപ്പണിക്കരുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ശാസ്ത്രസാഹിത്യ പരിഷത്ത് ഔദ്യോഗികമായി രൂപം കൊണ്ടത് ശാസ്ത്രസാഹിത്യരചനയില്‍ തല്പരരായ നാല്പതോളം മലയാളം എഴുത്തുകാരെ അംഗങ്ങളാക്കിയാണ് ഇത് ആരംഭിച്ചത്. ഡോ. കെ. ഭാസ്കരന്‍ നായരായിരുന്നു ആദ്യത്തെ പ്രസിഡന്റ്. കെ.ജി. അടിയോടി, എന്‍.വി. കൃഷ്ണവാര്യര്‍ എന്നിവരും ഭാരവാഹികളായിരുന്നു. അതേ വര്‍ഷം സെപ്റ്റംബര്‍ 10നു കോഴിക്കോട്ടു ദേവഗിരി കോളേജില്‍ വച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. 1967 ജൂലൈ 14നു 1860ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം സംഘടന രജിസ്റ്റര്‍ ചെയ്തു.

കവിയും പത്രാധിപരുമായ എന്‍.വി. കൃഷ്ണവാരിയര്‍, മലയാളത്തിലെ ആദ്യകാല ശാസ്ത്രസാഹിത്യകാരന്മാരില്‍ പ്രാമാണികനായ പി.ടി. ഭാസ്ക്കരപ്പണിക്കര്‍, അന്തര്‍ദ്ദേശീയ പ്രശസ്തനായ ശാസ്ത്രജ്ഞനും കാലിക്കറ്റ് സര്‍വ്വകലാശാല ജന്തുശാസ്ത്രവകുപ്പ് മേധാവിയുമായ ഡോ.കെ.ജി. അടിയോടി മുതലായവരാണ് പരിഷത്തിന്റെ സംഘാടകര്‍. മാതൃഭാഷയില്‍ ശാസ്ത്രപ്രചരണം നടത്തുക, ശാസ്ത്രസാഹിത്യ രചനകളുടെ പ്രസാധനത്തിന് കൂട്ടായ പരിപാടികള്‍ ആവിഷ്ക്കരിക്കുക, ശാസ്ത്ര വിഷയങ്ങള്‍ ആധാരമാക്കി ചര്‍ച്ചകള്‍ നടത്തുക എന്നിവയായിരുന്നു പരിഷത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍.


പിന്നീട് ജനകീയ പ്രശ്നങ്ങളില്‍ സക്രിയമായി പരിഷത്ത് ഇടപെടാന്‍ തുടങ്ങി. ഇക്കാലയളവില്‍, പരിഷത്ത് രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്നാരോപിച്ച്, പല ആദ്യകാല പ്രവര്‍ത്തകരും പരിഷത്ത് വിട്ടുപോയി. ശാസ്ത്രപ്രചാരണത്തേക്കാളും, ശാസ്ത്രീയ ചിന്താഗതിക്കനുസരണമായ ഒരു ജീവിതരീതി രൂപീകരിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്നതിന്‌ പരിഷത്ത് മുന്‍‌ഗണന കൊടുത്തുതുടങ്ങിയ കാലമായിരുന്നു അത്.

ഈ പ്രസ്ഥാനത്തിന്‌ കേരളത്തിലെങ്ങും ശാഖകളുമുണ്ട്. കേരളത്തിനു പുറത്ത് മറ്റു ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുമായിച്ചേര്‍ന്ന് All India Peoples’ Science Network രൂപീകരിച്ച പരിഷത്തിന് ഇന്ത്യയ്ക്കു പുറത്ത് Friends of KSSP പോലുള്ള സൌഹൃദ സംഘങ്ങളുമുണ്ട്.

പ്രസ്ഥാനത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകം യൂണിറ്റ് ആണ്‌. ഗ്രാമങ്ങളായിരിക്കും ഒട്ടുമിക്ക യൂണിറ്റിന്റേയും പ്രവര്‍‌ത്തന പരിധി. ചില യൂണിറ്റുകള്‍ ചിലപ്പോള്‍ ഒരു പഞ്ചായത്ത് തന്നെ ഉള്‍ക്കൊള്ളുന്നതായിരിക്കും. അംഗങ്ങളുടെ എണ്ണവും, പ്രവര്‍ത്തന പരിധിയുടെ വിസ്തീര്‍ണ്ണവും എല്ലാം യൂണിറ്റ് നിര്‍ണ്ണയിക്കുന്നതില്‍ പങ്കു വഹിക്കുന്നു. യൂണിറ്റിനു മുകളില്‍ മേഖലാ ഘടകം ആണ്‌ ഉള്ളത്. ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിലാണ്‌ മേഖലകള്‍ രൂപീകരിച്ചിരിക്കുന്നത്. അതിനു മുകളില്‍ ജില്ലാ ഘടകം.ഏറ്റവും മുകളിലായി കേന്ദ്ര നിര്‍‌വാഹക സമിതി ( സംസ്ഥാന കമ്മറ്റി). സംഘടനാ പരമായുള്ള അന്തിമ തീരുമാനങ്ങള്‍ കേന്ദ്ര നിര്‍‌വാഹക സമിതിയുടേതായിരിക്കും.നിലവില്‍ 135ലേറെ മേഖലകളും 1500 ഓളം യൂണിറ്റുകളുമുണ്ട്.


നിരവധി ശാസ്ത്ര പുസ്തകങ്ങളും പരിഷത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. “എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്”, “എങ്ങനെ എങ്ങനെ എങ്ങനെ” തുടങ്ങിയവ ഉദാഹരണം. കാലിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യം വച്ച് നിരവധി ലഘുലേഖകളും പരിഷത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരിഷത്തിന്റെ നിലപാടുകള്‍, പൊതുജനങ്ങളിലേക്ക് ഏളുപ്പം എത്തിക്കുന്നതിനായി, സംഘടന തന്നെ ആവിഷ്കരിച്ച് നടപ്പിലാക്കിയ ഒരു നൂതന സം‌വിധാനമായിരുന്നു, ഗ്രാമപത്രം.പരിഷത്ത് യൂണിറ്റുകള്‍ സജീവമായ യൂണിറ്റുകളീല്‍ ഗ്രാമപത്രങ്ങളില്‍ ആശയങ്ങള്‍ എഴുതി പ്രചരിപ്പിക്കുന്നു.

ആദ്യ കാലത്ത്, യുറീക്കാ പരീക്ഷ എന്ന പേരില്‍ ഒരു ശാസ്ത്ര സംബന്ധിയായ ചോദ്യോത്തരി പരിഷത്ത് നടത്തിയിരുന്നു. പിന്നീടാണ്‌ “പഠനം പാല്‍പ്പായസം” എന്ന മുദ്രാവാക്യത്തിന്റെ ചുവടു പിടിച്ച്, കേരള വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ “വിജ്ഞാനോല്‍സവത്തിന്‌” രൂപം കൊടുക്കുന്നത്. കേരളത്തിലെ നിരവധി കുട്ടികളും രക്ഷാകര്‍ത്താക്കളും അദ്ധ്യാപകരും ഇതില്‍ പങ്കെടുത്തിരുന്നു. പിന്നീട് ഡി.പി.ഇ.പി. എന്ന പേരില്‍ അറിയപ്പെട്ട പുതിയ പാഠ്യ പദ്ധതിയുടേയും ഉല്‍ഭവം, ഈ വിജ്ഞാനോല്‍സവത്തിന്റെ പിന്‍‌പറ്റിയായിരുന്നു.


പരിഷത്തിന് ഒരു പ്രസിദ്ധീകരണ വിഭാഗമുണ്ട്. എല്ലാ വര്‍ഷവും വിവിധ ശാസ്ത്രവിഷയങ്ങളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. പുസ്തകങ്ങള്‍ പ്രചരിപ്പിച്ച് ലഭിക്കുന്ന തുക കൊണ്ടാണ് പരിഷത്തിന്റെ വിവിധ ഘടകങ്ങള്‍ സംഘടനാപ്രവര്‍ത്തനം മുന്‍പോട്ട് കൊണ്ടുപോകുന്നത്.

കേരള പഠനം

“കേരളം എങ്ങനെ ചിന്തിക്കുന്നു കേരളം എങ്ങനെ പ്രവര്‍ത്തിക്കുന്നു” എന്ന മുദ്രാവാക്യം ലക്ഷ്യമാക്കി കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ വിശദമായ സര്‍വ്വേയുടെ റിപ്പോര്‍ട്ടായിട്ടാണ് കേരള പഠനം എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഇത് വിവിധമേഘലകളില്‍ കേരള സമൂഹം എവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ നേര്‍കാഴ്ചയാണ്.

ജനങ്ങളില്‍ ശാസ്ത്ര അവബോധം വളര്‍ത്തുക,അന്ധവിശ്വാസം തുടങ്ങിയ അനാചാരങ്ങള്‍ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണു പരിഷത്ത് നാടകങ്ങള്‍ എന്നറിയപ്പെടുന്ന ശാസ്ത്രകലാജാഥകള്‍ ആരംഭിച്ചത്.

ശാസ്ത്രകലാജാഥകള്‍ക്കു ശേഷം സംസ്ഥാനമൊട്ടാകെ നടത്തിയ ജനകീയ പരിപാടിയാണ് ശാസ്ത്ര സാംസ്കാരികോല്‍സവം.വൈവിധ്യങ്ങളായ പരിപാടികളോടെ കേരളത്തിലെ ഗ്രാമങ്ങള്‍ കേന്ദ്രീകരിചു നടത്തിയ ശാസ്ത്ര പ്രചരണ പദ്ധതിയാണു ശാസ്ത്ര സാംസ്കാരികോല്‍സവം .പുസ്തകപ്രചാരണം, സംവാദങ്ങള്‍, യുവസംഗമം, ഗ്രാമോല്‍സവം, എന്നിങ്ങനെ നിരവധി പരിപാടികള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു.


ഗലീലീയോ ടെലിസ്കോപ്പിലൂടെ വാനനിരീക്ഷണം നടത്തിയതിന്റെ നാന്നൂറാം വാര്‍ഷികം, ചാള്‍സ് ഡാര്‍വ്വിന്റെ ഇരുന്നൂറാം പിറന്നാള്‍, ജെ.സി ബോസിന്റെ നൂറ്റമ്പതാം പിറന്നാള്‍ തുടങ്ങി ജനങ്ങളുമായി ശാസ്ത്രം സംവദിക്കാനുള്ള നിരവധി പരിപാടികള്‍ എല്ലാവർഷവും ആവിഷ്കരിച്ച് നടപ്പാക്കിവരുന്നു. വാനനിരീക്ഷണം, ശാസ്ത്രക്ലാസുകള്‍, ഗലീലിയോയുടെ ചരിത്രം, ടെലിസ്കോപ്പ് നിര്‍മ്മാണം, ഡാര്‍വിന്റെ കഥ, പരിണാമത്തിന്റെ ശാസ്ത്രം തുടങ്ങി നിരവധി മേഖലകളില്‍ ക്ലാസുകള്‍ നടത്തുന്നു.

പരിഷത്ത് ഉല്‍‌പ്പന്നങ്ങള്‍

ജനങ്ങളില്‍ ശാസ്ത്രീയ ചിന്താഗതി വളര്‍ത്തുമ്പോള്‍, അവര്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല വസ്തുക്കള്‍ക്കും സാധനങ്ങള്‍ക്കും ബദലുകള്‍ ആവശ്യമായി വരും. അങ്ങനെയുള്ള ബദലുകളെ വികസിപ്പിച്ചെടുക്കുന്നതിലും അവ പ്രചരിപ്പിക്കുന്നതിലും പരിഷത്തിന്‌ ഒരു പരിധി വരെ വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചൂടാറാപ്പെട്ടി, പരിഷത്ത് അടുപ്പ്, പരിഷത്ത് സോപ്പുകള്‍, പരിഷത്ത് ഇലക്ട്രോണിക് ചോക്കുകള്‍, തുടങ്ങിവ പരിഷത്ത് പുറത്തിറക്കിയ ഉത്പന്നങ്ങളാണ്

സമാന്തര നോബല്‍ സമ്മാനം എന്നറിയുന്ന റൈറ്റ് ലൈവ്ലിഹുഡ് അവാര്‍ഡ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേടിയിട്ടുണ്ട്.

ഇത്രയും ശാസ്ത്ര വിദ്യഭ്യാസ ചരിത്ര പാരമ്പര്യമുള്ള കേരളത്തിലാണ് പെന്തക്കോസ്തുകാരുടെ സ്വർഗ്ഗീയ വിരുന്നിനെയും സ്വതന്ത്ര സഭകളെയും അനുസ്മരിപ്പിച്ചുകൊണ്ട് 2011 ലാണ് കേരളത്തിൽ ആർക്കൊക്കെയോ ശാസ്ത്രാവബോധമുണ്ടായിത്തുടങ്ങിയതായും അതിനുകാരണഭൂതനായി തീർന്ന ഭഗവാൻറെ അവതാരം നിമിത്തമായി അത് സംസ്ഥാനവും രാജ്യവും കടന്ന് ആഗോളതലത്തിലേക്കും ഗ്യാലക്സി തലത്തിലേക്കും വളർന്നതായി സ്വയം പ്രചരിപ്പിച്ചു വരുന്നതെന്നത് തമാശയാണ്.