ഷൊർണൂർ എം.എൽ.എ പി.കെ.ശശിക്കെതിരെ വനിതാ ഡി.വൈ.എഫ്.ഐ നേതാവ് നൽകിയ ലൈംഗികപീഡന പരാതിയിൽ ഗുരുതര ആരോപണങ്ങൾ. പണം കൊടുത്ത് പ്രലോഭിപ്പിക്കാൻ ശ്രമിച്ചത് കൂടാതെ മൂന്ന് തവണ നേരിട്ട് അപമര്യാദയായി പെരുമാറിയെന്നും സി.പി.എമ്മിന് നൽകിയ പരാതിയിൽ യുവതി ആരോപിക്കുന്നുണ്ട്. ശശിക്കെതിരായ പരാതിയെ കുറിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതി എം.പിയും അന്വേഷിച്ചു വരുന്നതിനിടെയാണ് വിശദാംശങ്ങൾ പുറത്തായത്.
മണ്ണാർക്കാട് നടന്ന സി.പി.എം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വനിതാ വോളണ്ടിയർമാരുടെ ചുമതലയായിരുന്നു പരാതിക്കാരിക്കുണ്ടായിരുന്നത്. ഒരുക്കങ്ങളുടെ ഭാഗമായി ഏരിയകമ്മറ്റി ഓഫീസിലെത്തിയപ്പോൾ പി.കെ.ശശി ഒരു നോട്ടുകൾ നൽകി. പണം എന്തിനാണെന്ന് ചോദിച്ചപ്പോൾ തനിക്ക് വഴങ്ങിത്തരണമെന്ന് ശശി ആവശ്യപ്പെട്ടു. പണം സ്വീകരിക്കാതെ പ്രതിഷേധിച്ചപ്പോൾ റെഡ് വോളണ്ടിയർമാർക്ക് വസ്ത്രം വാങ്ങാനുള്ള പണമാണ് നൽകിയതെന്ന് ശശി പറഞ്ഞു.
ഇക്കാര്യം അന്ന് തന്നെ ഏരിയാ സെക്രട്ടറിയെ അറിയിച്ചിരുന്നു. പിന്നീട് റെഡ് വോളണ്ടിയർ മാർച്ചിന് മുന്നോടിയായി സഖാവിന്റെ മുഖലക്ഷണം തനിക്ക് മനസിലായെന്നും ടെൻഷനുണ്ടെന്നും ശശി പരിഹസിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. ഇതിന് ശേഷമാണ് മണ്ണാർക്കാട്ടെ ഓഫീസിൽ വച്ച് കടന്നുപിടിച്ചത്. ഇക്കാര്യങ്ങളെല്ലാം തന്നെ ഡി.വൈ.എഫ്ഐ ജില്ലാ സെക്രട്ടറിയെയും അപ്പപ്പോൾ തന്നെ അറിയിച്ചിരുന്നു. എന്നാൽ അവരാരും തന്നെ നടപടി എടുത്തില്ല. പിന്നീട് ശശി പല തവണ ഫോണിലേക്ക് വിളിക്കുകയും വഴങ്ങണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങളയയ്ക്കുകയും ചെയ്തു. സഹകരിച്ചാൽ മെച്ചമുണ്ടാകുമെന്നും ശശി പറഞ്ഞതായി പരാതിയിലുണ്ട്.
ശശി അപമാനിച്ച പെൺകുട്ടി ദളിത്.ആണ് അച്ഛൻ ദളിത് ‘അമ്മ ഈഴവ പിന്നോക്ക വിഭാഗത്തിലെ പെൺകുട്ടികൾക്ക് കഴിവ് മാത്രം പോര. ഇത്തരം മാടമ്പിത്തമ്പുരാക്കന്മാർക്ക് വഴങ്ങിക്കൊടുത്താലേ നേതൃത്വത്തിലേക്കുയരാൻ കഴിയൂ എന്ന സന്ദേശമാണ് യുവതിയുടെ പരാതി നൽകുന്ന സന്ദേശം.