Sun. Nov 22nd, 2026

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് റിട്ട.ഹൈക്കോടതി ജഡ്ജി കെമാൽ പാഷ പറഞ്ഞു. ബിഷപ്പും പൊലീസും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരപ്പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഷപ്പിനെ എത്രയും വേഗം അറസ്റ്റ് ചെയ്ത് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കണം. കേസിൽ ബിഷപ്പ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കാത്തത് അറസ്റ്റ് ചെയ്യില്ലെന്ന പൊലീസിന്റെ ഉറപ്പുള്ളതു കൊണ്ടാണെന്നും കെമാൽ പാഷ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവി പറഞ്ഞത് അന്വേഷണം അന്തിമഘട്ടത്തിലാണെന്നാണ്. കേസിൽ ആരോപണ വിധേയനായ ആളെ അറസ്റ്റ് ചെയ്യാതെ ഇത് പറയാൻ ഡി.ജി.പിക്ക് നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ബിഷപ്പിന്റെ കാര്യത്തിൽ പോലീസ് മാത്രമല്ല പോലീസ് മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും പക്ഷപാതിത്വം കാണിക്കുകയാണെന്ന് പി.ടി.തോമസ് എം.എൽ.എ പറഞ്ഞു.