Fri. Nov 20th, 2026

പി.കെ.ശശിക്കെതിരെ ലൈംഗീക ആരോപണമുന്നയിച്ച് സി.പി.എം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്ക് ലഭിച്ച പരാതി പൊലീസിന് കൈമാറാതെ പാർട്ടി അന്വേഷിക്കുമെന്ന നിലപാടാണ് നേതാക്കൾക്ക്. ഇതോടെ കണ്ണൂരിലെ പി. ശശിക്കെതിരെയുണ്ടായ പീഡനാരോപണവും എറണാകുളത്തെ ലെനിൻ സെന്ററിലെ ഒളികാമറാ വിവാദം പോലെ ഇതും പാർട്ടി അച്ചടക്ക നടപടി മാത്രമായി ഒതുങ്ങുമെന്നും ശശിയണ്ണന്റെ കാര്യം ശരിയാക്കുമെന്നും ഉറപ്പായി.

ലൈംഗികാരോപണം ഉന്നയിച്ച യുവതി പൊലീസിൽ പരാതി നൽകാത്തതിനാൽ പി.കെ. ശശി എം.എൽ.എയ്ക്കെതിരെ നിയമ നടപടി ഒഴിവായേക്കും. കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ മാത്രമാണ് പോക്സോ നിയമപ്രകാരം സംസ്ഥാന പൊലീസിന് സ്വമേധയാ കേസെടുക്കാനുള്ള അധികാരം. എം.എൽ.എയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത് പ്രായപൂർത്തിയായ പെൺകുട്ടിയാണ്. അതിനാൽ, സ്വമേധയാ കേസെടുക്കാൻ നിയമ പരിമിതികളുണ്ടെന്നാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം.<

പാർട്ടിയിലെ സംസ്ഥാന, കേന്ദ്ര നേതാക്കൾക്ക് യുവതി നൽകിയ പരാതിയുടെ വിശദാംശം ഇതുവരെയും പുറത്തായിട്ടില്ല. പരാതിയിലെ ഉള്ളടക്കം അറിഞ്ഞാലേ കേസിന്റെ ക്രിമിനൽ സ്വഭാവം നിശ്ചിയിക്കാനാകു. ഇതിനുശേഷമേ പൊലീസിനും വനിതാ കമ്മിഷനും കേസെടുത്ത് അന്വേഷണം നടത്താനാകൂ. ഇതുവരെയും യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ല.

പാർട്ടി നേതൃത്വത്തിന് ലഭിച്ച പരാതി പൊലീസിന് കൈമാറിയാലും ഇതുസംബന്ധിച്ച് മൂന്നാമതൊരു വ്യക്തി പരാതി കൊടുത്താലും കേസെടുത്ത് അന്വേഷിക്കാമെങ്കിലും പെൺകുട്ടിയുടെ സഹകരണമില്ലാതെ നിയമ നടപടിക്ക് സാദ്ധ്യതയില്ലെന്നും വിദഗ്ദ്ധർ പറയുന്നു. നിലവിൽ പൊലീസിൽ പരാതിപ്പെടാൻ യുവതി ആഗ്രഹിക്കുന്നില്ലെന്നാണ് അറിയുന്നത്. പാർട്ടിക്ക് നൽകിയ പരാതിയിൽ ഉറച്ച് നിൽക്കുന്ന ഇവർ, ഇക്കാര്യത്തിൽ പാർട്ടി നേതൃത്വം അന്വേഷിച്ച് നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

നേരത്തേ കോവളം എം.എൽ.എയ്ക്കെതിരെയും ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെയും പൊലീസിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

അതിനിടയിൽ ഡി.വൈ.എഫ്.ഐ ജില്ലാ വനിതാ നേതാവ് സി.പി.എം ജനറൽ സെക്രട്ടറിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പാർട്ടി നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മിഷൻ ഉടൻ പി.കെ. ശശി എം.എൽ.എയുടെ മൊഴിയെടുക്കുമെന്നാണ് സൂചന. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതി എം.പിയും വെള്ളിയാഴ്ചയ്ക്കകം ശശിയെയും പരാതി ഉന്നയിച്ച യുവതിയെയും കണ്ട് വിവരങ്ങൾ ചോദിച്ചറിയും.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913