പുറത്തിറങ്ങാനിരിക്കുന്ന സിനിമയിലെ മാണിക്യമലരെന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ഹൈദരാബാദ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന എഫ്.ഐ.ആർ സുപ്രീം കോടതി റദ്ദാക്കി. നടി പ്രിയാ വാര്യർക്കെതിരെയും സംവിധായകൻ ഒമർ ലുലുവിനെതിരെയുമുള്ള എഫ്.ഐ.ആറാണ് റദ്ദാക്കിയത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയാ വാര്യർ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.
അഡാറ് ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഗാനം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ഒരു കൂട്ടമാളുകൾ ഹൈദരാബാദ് പൊലീസിനെ സമീപിക്കുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. എന്നാൽ ഈ ഗാനം കാലങ്ങളായി കേരളത്തിലെ മുസ്ലിങ്ങൾ പാടുന്നതാണെന്നും പ്രവാചകൻ മുഹമ്മദും ഭാര്യയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചാണ് ഗാനത്തിൽ പ്രതിപാദിക്കുന്നതെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രിയാ വാര്യർ കോടതിയെ സമീപിക്കുകയായിരുന്നു.
തെറ്റിദ്ധാരണ മൂലമാണ് സംഘം പരാതി നൽകിയതെന്നും ഇവർ കോടതിയിൽ വാദിച്ചു. എന്നാൽ ഇക്കാര്യത്തിൽ കേസെടുത്ത ഹൈദരാബാദ് പൊലീസിനും തെലങ്കാന സർക്കാരിനുമെതിരെ രൂക്ഷമായ പ്രതികരണമാണ് കോടതി നടത്തിയത്. ഏതെങ്കിലും ഒരു സിനിമയിലെ പാട്ടിനെച്ചൊല്ലി പരാതി പറയാൻ നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേയെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തെലങ്കാന സർക്കാരിനോട് ചോദിച്ചു.
