Sat. Nov 21st, 2026

ലിബി.സി.എസ്

നാരായണ ഗുരുവിനോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ജനതയ്‌ക്കോ എതിരായ പ്രത്യക്ഷമായും പരോക്ഷമായും ഉള്ള നീക്കങ്ങൾ കേവലം ഒരു മനോരോഗിയിട്ട ഫേസ്ബുക്ക് പോസ്റ്റിൽ നിന്നല്ല തുടങ്ങുന്നത്. വ്യക്തമായി അതു മനസിലാക്കണമെങ്കിൽ മുൻ കേരളാ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ആയിരുന്ന അന്തരിച്ച പ്രമുഖ ചരിത്രകാരൻ ഡോ.പി എസ് വേലായുധൻ എഴുതിയ എസ് എൻ ഡി.പി യോഗചരിത്രം വായിച്ചാൽ മതിയാകും.

അത് കേവലം എസ്എൻഡിപിയുടെ ചരിത്രം മാത്രമല്ല കേരളത്തിൻറെ ചരിത്രംകൂടിയാണ്. ഗവേഷണ വിദ്യാർഥികൾ റഫറൻസിന് ഉപയോഗിക്കുന്ന പുസ്തകമാണ്.ചാന്നാർ ലഹളമുതൽ വൈക്കം സത്യാഗ്രഹവും നിവർത്തന പ്രക്ഷോഭവും വരെയുള്ള നവോത്ഥാനമുന്നേറ്റങ്ങളെ കൃത്യമായി രേഖപ്പെടുത്തുന്നതോടൊപ്പം അതിന് മുൻപ് നടന്നിട്ടുള്ള നിരവധി ചെറുതും വലുതുമായ കീഴാളമുന്നേറ്റങ്ങളെക്കുറിച്ചുമുള്ള സൂചനകളും അതിൽ നൽകിയിട്ടുണ്ട്.ചാന്നാർ ലഹളയ്ക്ക് മുൻപും പിൻപും നടന്നിട്ടുള്ള കീഴാള മുന്നേറ്റങ്ങളെ പരിശോധിച്ചാൽ അതിലെല്ലാം കൃത്യമായ രണ്ടു ചേരികൾ നമുക്ക് കണ്ടെത്താനാവും.ഇത് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ മൊത്തത്തിലുണ്ട്. അത് നിരീക്ഷിച്ചിട്ടാണ് അംബേദ്‌കർ ഇന്ത്യക്ക് ഒരുദേശീയതയല്ല രണ്ടുതരം ദേശീയധാരകൾ ഉണ്ടെന്ന് പറഞ്ഞത്. അതിലേക്കൊന്നും ഞാൻ പോകുന്നില്ല പറയാൻ ഉദ്ദേശിച്ച വിഷയത്തിലേക്ക് വരാം.

ചാന്നാർ ലഹളമുതൽ വൈക്കം സത്യാഗ്രഹം വരെയുള്ള ചരിത്രമെടുത്തൽ അതെല്ലാം സ്വയം അവബോധം നേടിയ അതിൻറെ ഇരകൾ നടത്തിയവയായിരുന്നു.പുറത്തുനിന്ന് ഇടപെടലുണ്ടായ വൈക്കം സത്യാഗ്രഹം ഒഴികെയുള്ള മറ്റെല്ലാ മുന്നേറ്റങ്ങളും വിജയിച്ചു. വൈക്കം സത്യാഗ്രഹം പരാജയപ്പെടുകയും ചെയ്തു.വൈക്കത്തെ പ്രധാനവഴി തുറന്നുകൊടുക്കണമെന്ന സത്യാഗ്രഹികളുടെ ആവശ്യം അംഗീകരിക്കപ്പെടാതെ സവർണ്ണ ഇടപെടലിലൂടെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും നടക്കുന്ന വഴിയിൽകൂടി അവർണ്ണർക്കും നടക്കാനുള്ള അവകാശം നൽകിക്കൊണ്ടാണ് സത്യഗ്രഹം അവസാനിപ്പിച്ചത് പിന്നീട് സൈമൺ കംമീഷൻ വന്നപ്പോഴാനല്ലോ പ്രധാന വഴി തുറന്നുകൊടുക്കുന്നത്? പിന്നീട് 11 വർഷം കഴിഞ്ഞാണ് ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടാകുന്നത്.

ചാന്നാർ ലഹളയെടുത്ത് പരിശോധിച്ചുനോക്കൂ.തങ്ങളുടെ മാറുമറക്കണമെന്നു സ്വയം അവബോധം തോന്നി അവർ മാറുമറയ്ക്കാൻ തയ്യാറായപ്പോൾ അവരുടെ റൗക്ക വലിച്ചുകീറുകയും മുലഞ്ഞെട്ടിൽ വെള്ളക്കാ പിടിപ്പിക്കുകയുമൊക്കെയാണ് ഇവിടുത്തെ സവർണ്ണ സനാതനികളും അവരുടെ സിൽബന്ദികളും ചെയ്തത്.പിന്നീട് അന്ന് റീജന്റായി ഭരിച്ചിരുന്ന റാണി ലക്ഷ്മി ഭായിക്ക് ബ്രിടീഷ് രാജ്ഞിതന്നെ വാണിങ് കൊടുത്തതിന് ശേഷമാണ് മറുമറക്കാനുള്ള ഉത്തരവിറക്കിയത്.

ആറാട്ടുപുഴ വേലായുധപ്പണിക്കാരുടെ മൂക്കൂത്തികലാപവും പിന്നീടദ്ദേഹം നടത്തിയ നിരവധി ഇടപെടലുകളുമെടുത്ത് പരിശോധിച്ചുനോക്കൂ അവിടെയും ഈ എതിർചേരി സജീവമാണ്. അവസാനം അദ്ദേഹത്തെ സവർണ്ണ മാടമ്പിമാർ വെട്ടിയരിഞ്ഞു കായംകുളം കായലിൽ തള്ളുകയായിരുന്നു

പിന്നീട് നാരായണഗുരുവിന്റെ ദൈവത്തിൻറെ ഉടമാവകാശത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള അരുവിപ്പുറം പ്രതിഷ്ഠ നടക്കുമ്പോഴും ഇവർ എത്തിയിരുന്നു ചോദ്യം ചെയ്യാനായി. ഈഴവനെന്താണ് പ്രതിഷ്ഠിക്കാനുള്ള അധികാരം എന്ന ചോദ്യവുമുന്നയിച്ച്.

പിന്നീട് അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്ന മനുഷ്യൻറെ ഏറ്റവും പ്രാഥമീകമായ മനുഷ്യാവകാശമായ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിനടന്ന വില്ലുവണ്ടി സമരവും തുടർന്നുള്ള നിരവധി മുന്നേറ്റങ്ങളിലും ഇവരും ഇവരുടെ പിണിയാളുകളും എതിർപ്പുമായി വന്നതുകൊണ്ടാണല്ലോ അവ ലഹളകളായി രൂപാന്തരപ്പെട്ടത്?

ഇവയെല്ലാമെടുത്തുനോക്കിയാൽ റൗക്കവലിച്ചുകീറാൻ വന്നവനും ആറാട്ടുപുഴവെലായുധപ്പണിക്കരെ കൊന്നു വേമ്പനാട്ടുകായലിൽ തള്ളിയവനും അരുവിപ്പുറം പ്രതിഷ്ഠയെ ചോദ്യം ചെയ്യാൻ വന്നവനും അയ്യങ്കാളിക്കെതിരെ ആക്രമണവുമായി വന്നവരും ഒരേവിഭാഗക്കാരും അവരുടെ പിണിയാളുകളായ ചിലരുമാണെന്ന് മനസിലാക്കാം.

അന്നുമുതൽ ഇന്നുവരെ ഈ ഈ അന്തർധാര സജീവമാണ്. അതൊരു ഒരു കുട്ടിക്കളിയല്ല. ബ്രഹ്മണ്യത്തിൻറെ കാവല്‍ നായ്ക്കളായ ചിലരെക്കൊണ്ടാണ് എന്നുമത് നിലനിർത്തിയിരുന്നത് കമ്മ്യുണിസ്റ്റ് ആയും,കോൺഗ്രസ്സ് ആയും ,ബി.ജെ.പി.ആയും പിന്നെ ആർ.എസ്.പി ആയും .യുക്തിവാദി ആയുമെല്ലാം ഈ അന്തർധാര ഇന്നും സജീവമാണ് അവരാണ്‌ ഇപ്പോഴും ഇനിയങ്ങോട്ടും ഏതുവിധേനയും ഇതിനെയെല്ലാം സംരക്ഷിക്കാനും നവോത്ഥാന മുന്നേറ്റങ്ങളിലൂടെ മറ്റൊരുത്തന്റെയും ഔദാര്യമില്ലാതെ തന്നെ നാം നേടിയെടുത്തതിനെയെല്ലാം നശിപ്പിക്കാൻ തക്കംപാർത്തിരിക്കുന്നത് എന്നുള്ള തിരിച്ചറിവാണു നവോത്ഥാനപരമ്പര്യം ഉൾകൊള്ളുന്ന പുതു തലമുറക്കുണ്ടാകേണ്ടത്.

ആ തിരിച്ചറിവ് നേടിയാൽ ഇവിടുത്തെ പൂരിപക്ഷവിഭാഗമായ നമുക്കെതിരെ ഏതുരാഷ്ട്രീയത്തോടൊപ്പം നിന്നാലും ജനധിപത്യസംവിധാനത്തിൽ ഇവർക്കൊരു ചുക്കും ചെയ്യാൻപറ്റില്ലെന്ന് നിയമ പോരാട്ടങ്ങളിലും രാഷ്ട്രീയ പോരാട്ടങ്ങളിലും നാം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആയതിനാൽ ഇനിയുണ്ടാകുന്ന കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞു നമ്മുടെ വരുംതലമുറയ്ക്ക് വെളിവാക്കികൊടുക്കുക എന്നതാണ് അംബേദ്കറോടും നാരായണഗുരുവിനോടും അയ്യങ്കാളിയോടും പണ്ഡിറ്റ് കറുപ്പനോടും പൊയ്കയിൽ അപ്പച്ചനോടുമെല്ലാം ഇന്ന് നമുക്ക് ചെയ്യാൻകഴിയുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലി. 

തീർചയായുംഅടിസ്ഥാന ജനതയെ സംബന്ധിച്ച് ‘ദൈവമുണ്ടോ ഇല്ലയോ?’എന്ന ചോദ്യത്തെക്കാൾ പ്രധാനമാണ് ‘ചോറുണ്ടോ?’ എന്ന ചോദ്യം അതുകൊണ്ട് നാം ഇനി ആരോടും അപേക്ഷിക്കേണ്ട ജനതയാകാതെ ഈ ജനാധിപത്യസംവിധാനത്തിൽ ഫ്യൂഡൽ കാലഘട്ടത്തിലെ ചിലപ്രിവിലേജുകൾ ഉപയോഗിച്ച് ഇവൻ കയ്യടക്കിവെക്കുകയും ഇപ്പോൾ സംരക്ഷിക്കാൻ ശ്രമിക്കുന്നവയിലും നമ്മുടെ ജനതയ്ക്ക് ജനസംഘ്യ ആനുപാതികമായി അവകാശപ്പെട്ടവയോക്കെ ആരുടെയും ഔദാര്യമല്ലെന്ന് തിരിച്ചറിഞ്ഞു നിയമപരമായി പിടിച്ചുവാങ്ങുക തന്നെ ചെയ്യണം.. അവനിപ്പോൾ പണ്ടത്തെപ്പോലെ ശ്രീനാരായണ ജയന്തിക്കും സമാധിക്കും അവധി വേണ്ട എന്നാജ്ഞാപിക്കാൻ അധികാരമില്ല. അതുകൊണ്ട് അപേക്ഷിക്കാനേ നിർവാഹമുള്ളു.

അതുകൊണ്ട് ഈ ജനാധിപത്യമെന്ന പകിടകളിയിൽ പതിമൂന്നാമത്തെകളിയാണ് ഏതുരാഷ്ട്രീയത്തോടൊപ്പം നിന്നാലും നാം കളിക്കേണ്ടത് വനെയൊക്കെ എന്നും അപേക്ഷിക്കുന്നവനായി മാത്രം നിർത്താൻ ഉള്ള രാഷ്ട്രീയ പ്രബുദ്ധതയാണ് ആദ്യമുണ്ടാകേണ്ടത്. അതുകൊണ്ടാണ് അധികാരത്തിൽനിന്ന് അകറ്റിനിർത്തപ്പെട്ടവനാണ് അധഃകൃതൻ അതുകൊണ്ട് ആദ്യംകൊയ്യണം അധികാരം എന്ന് സഹോദരൻ അയ്യപ്പൻ പറഞ്ഞതും രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചിരുന്നതും.

.