ഡോ. ഫ്രാങ്കോ ബിഷപ്പ് പരാതി നല്കിയ കന്യാസ്ത്രീയെ വകവരുത്താൻ ബിഷപ്പിന്റെ അനുയായി ഫാദർ ലോറൻസ് ചിറ്റുപറമ്പിലിന്റെ സഹോദരൻ തോമസ് മഠത്തിലെ ജോലിക്കാരൻ അസാം സ്വദേശി പിന്റുവിന് നല്കിയത് 200 രൂപ. പീഡനത്തിന് വിധേയയായ കന്യാസ്ത്രീയും സിസ്റ്റർ അനുപമയും ഉപയോഗിക്കുന്ന ആക്ടീവ സ്കൂട്ടറിന്റെ ടയറിന്റെ വാൽട്യൂബ് അയച്ചുവയ്ക്കുവാനും ബ്രേക്ക് വയർ പകുതി വിച്ഛേദിക്കാനുമാണ് പണം നല്കിയതെന്ന് പിന്റു കന്യാസ്ത്രീയോട് വ്യക്തമാക്കിയിരുന്നു.
ഇതേ തുടർന്നാണ് കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസിൽ പരാതി നല്കിയത്. ഇന്നലെ പിന്റുവിനെ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തു. മൊബൈൽ ചാർജ്ജ് ചെയ്യുവാൻ 200 രൂപ തോമസ് തന്നുവെന്നും ടയറിന്റെ ട്യൂബ് അയച്ചുവയ്ക്കുവാൻ ആവശ്യപ്പെട്ടുവെന്നും ബ്രേക്ക് വയർ മുറിക്കാൻ പറഞ്ഞിട്ടില്ലെന്നും പിന്റു പൊലീസിനോട് പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വീണ്ടും പൊലീസ് കന്യാസ്ത്രീയുടെ മൊഴിയെടുക്കും. ജലന്ധർ രൂപതയുടെ നിർമ്മാണ കമ്പനിയുടെ ചുമതലക്കാരനായ വൈദികന്റെ സഹോദരനാണ് പെരുമ്പാവൂർ സ്വദേശിയായ തോമസ്.
പിന്റുവിനെ ഫോണിൽ വിളിച്ചതിനു പുറമേ, മഠത്തിന് പുറത്തുവച്ച് കാണാനും ഇയാൾ ശ്രമിച്ചിരുന്നു. ഇക്കാര്യം ചെയ്യാൻ തോമസ് പലവട്ടം നിർബന്ധിച്ചതോടെയാണ് ചൊവ്വാഴ്ച രാവിലെ പിന്റു ഇക്കാര്യം കന്യാസ്ത്രീകളോട് പറഞ്ഞത്..
അതേസമയം, തനിക്ക് വേണ്ടിയും രൂപതക്കുവേണ്ടിയും സെപ്തംബർ ഒന്നിന് ഉപവാസ പ്രാർത്ഥന നടത്തുവാൻ ഫാ. മുളയ്ക്കൽ ഇടയലേഖനത്തിലൂടെ ആവശ്യപ്പെട്ടു. തനിക്കെതിരെയുള്ള വാർത്തകൾ വിശ്വസിക്കരുതെന്നും ഇടയലേഖനത്തിൽ പറയുന്നു. ബിഷപ്പിന് എന്തെങ്കിലും സംഭവിച്ചാൽ ഒരാളെയും വെറുതേ വിടില്ലെന്ന് തോമസ് ഭീഷണിപ്പെടുത്തിയതായും കന്യാസ്ത്രീ പരാതിയിൽ പറയുന്നു. കന്യാസ്ത്രീയുടെ കാലടിയിലുള്ള സഹോദരിയെ കണ്ടാണ് ഇയാൾ ഭീഷണി മുഴക്കിയത്.
മാദ്ധ്യമശ്രദ്ധ പ്രളയത്തിലേക്കു തിരിഞ്ഞതോടെ ബിഷപ്പിന്റെ പീഡനക്കേസ് നിർജ്ജീവമായിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്തതല്ലാതെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്കു കടക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മൊഴികളിൽ വൈരുദ്ധ്യമുള്ളതിനാൽ അന്വേഷണം പൂർത്തിയാക്കാൻ കാലതാമസം വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി. കെ.സുഭാഷ് ഫ്ളാഷിനോട് വ്യക്തമാക്കിയത്.
കുറവിലങ്ങാട് മഠത്തിൽ താമസിച്ചിട്ടുണ്ടെന്നും പീഡിപ്പിച്ചിട്ടില്ലെന്നാണ് ബിഷപ്പ് അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. വ്യക്തത കൈവരിക്കാൻ ഇന്നലെ കുറവിലങ്ങാട് മഠത്തിലെത്തി അന്വേഷണ ഉദ്യോഗസ്ഥൻ വീണ്ടും കന്യാസ്ത്രീയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ബിഷപ്പിനെ ഇനി വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. എന്ന് വിളിച്ചുവരുത്തണം എന്നതടക്കം കേസിന്റെ പുരോഗതി വിലയിരുത്താൻ രണ്ട് ദിവസത്തിനകം ഐ.ജി വിജയ് സാക്കറയുടെ നേതൃത്വത്തിൽ കോട്ടയത്ത് യോഗം ചേരുമെന്നും അറിയുന്നു.
ഇടയനൊപ്പം ഒരു ദിവസം’ പരിപാടിയിൽ ബിഷപ്പിനെതിരെ ആരും പരാതി നല്കിയിട്ടില്ലെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ കൂട്ടമായി ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് ഈ പരിപാടി നിർത്തലാക്കിയതെന്ന് നേരത്തെതന്നെ വാർത്തയായിരുന്നു. അതേസമയം ജലന്ധർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ഫാ. ജയിംസ് എർത്തയിൽ വ്യക്തമാക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഷോബി ജോർജ് എന്നയാളുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഇതിന് ശ്രമിച്ചതെന്നും ഫാ. ജയിംസ് എർത്തയിൽ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നൽകി.
ബിഷപ്പിനെ നേരിട്ട് പരിചയമില്ല. പഴയ ഒരു സുഹൃത്തായ ഷോബി ജോർജ്ജ് വഴിയാണ് ബിഷപ്പ് ബന്ധപ്പെട്ടത്. കേസിൽ നിന്നും പിൻവാങ്ങാൻ കന്യാസ്ത്രീയ്ക്ക് പണവും ഭൂമിയും വാഗ്ദാനം ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് താൻ കന്യാസ്ത്രീയെ സമീപിച്ചതെന്നാണ് മൊഴിയിൽ വ്യക്തമാക്കിയത്. കൂടുതൽ തെളിവുകൾക്കായി ഷോബി ജോർജ്ജിനെ പോലീസ് ചോദ്യം ചെയ്യും. കേസിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഫ്രാങ്കോ മുളയ്ക്കലിന് ഇതിൽ ശക്തമായ പങ്കുണ്ടെന്നുമുള്ള സുപ്രധാന മൊഴിയായി ഇത് മാറുമെന്നും പൊലീസ് കരുതുന്നു.
