Sun. Nov 22nd, 2026

മലപ്പുറം മേലാറ്റൂരിൽ പ്രളയസമയത്ത് ഒമ്പതുവയസുകാരനെ തട്ടിക്കൊണ്ടുപോയി പുഴയിലെറിഞ്ഞ് കൊന്ന സംഭവത്തിൽ കുട്ടിയുടെ പിതൃസഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. മങ്കരത്തൊടി സ്വദേശി മുഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിക്കായി പൊലീസും ഫയർഫോഴ്സും ആനക്കയം പുഴയിൽ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. എടയാറ്റൂർ മങ്കരത്തൊടി മുഹമ്മദ് സലീമിന്റെ മകൻ മുഹമ്മദ് ഷഹീനെ കാണാതായ സംഭവത്തിലാണ് നിർണായക വഴിത്തിരിവ്. ഈ മാസം 13ന് രാവിലെ സ്കൂളിലേക്ക് പോയ കുട്ടി തിരിച്ചെത്താഞ്ഞതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ ഹെൽമെറ്റ് ധരിച്ച ഒരാൾ കുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോകുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കുട്ടിക്ക് പരിചയമുളള ആരോ ആവാം സംഭവത്തിന് പിന്നിലെന്ന നിഗമനത്തെ തുടർന്നാണ് അന്വേഷണം പിതൃസഹോദരനിലേക്ക് നീണ്ടത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. എന്നാൽ കുട്ടിയെ കാണാതായ വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. മുഹമ്മദ് ഷഹീന്റെ സ്കൂൾ ബാഗും യൂണിഫോമും പുഴയോരത്തുനിന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കുട്ടിയുടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

കൊലപാതകം നടത്തിയത് കുട്ടിയുടെ അച്ഛന്റെ കൈയിലുള്ള സ്വർണം കൈക്കലാക്കുന്നതിനായിരുന്നെന്നെന്നാണ് പ്രതിയുടെ മൊഴി.കുട്ടിയെ പുഴയിൽ എറിഞ്ഞശേഷം മരണം ഉറപ്പാക്കിയ ശേഷമാണ് താൻ മടങ്ങിയതെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. കുട്ടിയെ ബൈക്കിൽ കയറ്റുകയാണെന്ന ഭാവേന എടുത്തുയർത്തിയ ശേഷം ആനക്കയം പാലത്തിൽനിന്ന് പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടി മുങ്ങിത്താഴുന്നത് നോക്കിനിന്ന ശേഷമാണ് ഇയാൾ സംഭവസ്ഥലത്ത് നിന്ന് പോയത്. ഷെഹീനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അറസ്റ്റിലായ പ്രതിയെ നിലമ്പൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913