ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് (80) മെത്രാപ്പൊലീത്ത ട്രെയിനിൽ നിന്ന് വീണു മരിച്ചു. ഗുജറാത്തിൽ നിന്ന്മടങ്ങവെ ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. എറണാകുളം നോർത്ത് സ്റ്റേഷനും സൗത്ത് സ്റ്റേഷനും ഇടയ്ക്കുള്ള പുല്ലേപ്പടി പാലത്തിന് സമീപത്ത് വച്ചാണ് സംഭവം. സൗത്ത് സ്റ്റേഷനിൽ ഇറങ്ങാനായി വാതിലിനരികിൽ നിൽക്കുകയായിരുന്ന അദ്ദേഹത്തിന്റെ പിന്നിൽ വാതിൽ ശക്തിയായി വന്നടിക്കുകയും അത്തനാസിയോസ് ട്രാക്കിലേക്ക് തലയിടിച്ചു വീഴുകയുമായിരുന്നു.
ട്രെയിൻ സ്റ്റേഷനിൽ എത്തിയ ശേഷവും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അദ്ദേഹത്തെ ട്രാക്കിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കബറടക്കം പിന്നീട് നടക്കും.
1938 ഏപ്രിൽ മൂന്നിനായിരുന്നു അത്തനാസിയോസിന്റെ ജനനം. പുത്തൻകാവ് കിഴക്കെത്തലയ്ക്കൽ കെ.ടി.തോമസും കോഴഞ്ചേരി തേർവേലിൽ തെള്ളിരേത്ത് ഏലിയമ്മായുമാണ് മാതാപിതാക്കൾ. ആലപ്പുഴയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം എം.ടി സെമിനാരി സ്കൂൾ, സി.എം.എസ് കോളേജ്, എസ്.ബി കോളേജ് ചങ്ങനാശേരി,എൻ.എസ്.എസ് കോളേജ് ചങ്ങനാശേരി, കൊൽക്കത്ത സെരാംപോർ കോളേജ്, ബറോഡ എം.എസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. പിന്നീട് പൗരോഹിത്യത്തിലേക്ക് തിരിഞ്ഞു. 1985 ൽ ചെങ്ങന്നൂർ ഭദ്രാസനം രൂപവത്ക്കരിച്ചത് മുതൽ അദ്ദേഹമാണ് ഭദ്രാസനാധിപൻ. ഓർത്തഡോക്സ് സഭാ സിനഡ് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു
വിഭ്യാഭ്യാസ മേഖലയിലായിരുന്നു അദ്ദേഹം ശ്രദ്ധ പതിപ്പിച്ചത് മ ഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ സഭയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ചു. അവിടെയെല്ലാം അദ്ദേഹം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചു. ഓർത്തോഡ്ക്സ് സഭാ സിനഡ് സെക്രട്ടറി, സഭാ സ്കൂളുകളുടെ മാനേജർ, അഖില മലങ്കര ബാലസമാജം പ്രസിഡന്റ്, അഖില മലങ്കര പ്രാർഥനാ യോഗം പ്രസിഡന്റ്, സഭാ അക്കൗണ്ട്സ് കമ്മിറ്റി പ്രസിഡന്റ്, സഭാ ഫിനാൻസ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സഭയുടെ വിഷ്വൽ മീഡിയ കമ്യൂണിക്കേഷൻ പ്രസിഡന്റ്, സഭാ പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരൻ, അഖില മലങ്കര ഓർത്തഡോക്സ് ഗായക സംഘം പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു വരികയാണ്.